ഫ്രാന്‍സില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റില്‍
പള്ളിക്കല്‍: ഫ്രാന്‍സില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതികളില്‍ ഒരാളെ തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി കൊല്ലം ഇരവിപുരം സ്വദേശി മനോജ് ലോറന്‍സാണ് അറസ്റ്റിലായത്. തേഞ്ഞിപ്പലം സ്വദേശി മേലേകൂത്താട്ട് വിനീഷിന്റെ പരാതിയിലാണ് അറസ്റ്റ്.
രഹസ്യ വിവരത്തെ തുടര്‍ന്ന് എറണാകുളത്ത് നിന്ന് പിടികൂടിയ പ്രതിയെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞ ശേഷം ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഫ്രാന്‍സില്‍ പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് വിനീഷില്‍ നിന്ന് കൈപ്പറ്റിയത്. വിനീഷ് ഉള്‍പ്പെടെയുള്ളവരെ ജോലിക്കെന്ന് പറഞ്ഞ് റഷ്യയിലെത്തിച്ച് സംഘം കബളിപ്പിക്കുകയായിരുന്നു.
കൊല്ലം പറവൂര്‍ സ്വദേശി ജീനസ് പ്രസാദാണ് കേസിലെ ഒന്നാം പ്രതി. ജീനസ് പ്രസാദിന്റെ ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മനോജ് ലോറന്‍സ്.
22 പേരില്‍ നിന്ന് പണം തട്ടിയതായാണ് വിവരം. തട്ടിപ്പിന് ഇരയായവരെ വിവിധ സമയങ്ങളിലായി ഇവര്‍ റഷ്യയിലെത്തിച്ചിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ടും പ്രതികള്‍ കൈവശപ്പെടുത്തി. ആറ് മാസത്തോളം ജോലിയില്ലാതെയും സമയത്തിന് ഭക്ഷണം പോലും ലഭിക്കാതെയും റഷ്യയിലകപ്പെട്ട ഇവരെ ഇന്ത്യന്‍ എമ്പസി ഇടപെട്ട് കഴിഞ്ഞ ജൂണില്‍ നാട്ടില്‍ എത്തിക്കുകയായിരുന്നു.
കോഴിക്കോട് ഫറോക്ക്, കൊല്ലം ഇരവിപുരം, തിരുവനന്തപുരം ഐരൂര്‍ തുടങ്ങി വിവിധ പൊലിസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരേ പരാതി ലഭിച്ചതായി തേഞ്ഞിപ്പലം പൊലിസ് പറഞ്ഞു.
റഷ്യയില്‍ നിന്ന് വിവാഹം കഴിച്ച ഒന്നാം പ്രതി ജീനസ് പ്രസാദ് അവിടെ കുടുംബ സമേതം താമസിക്കുന്നതായാണ് വിവരം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."