തീരുമോ നമ്പി നാരായണന്റെ ദുഃഖം?
നമ്പി നാരായണന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ആഴ്ച ഒരു കോടി മുപ്പത് ലക്ഷം രൂപ വന്നുചേര്‍ന്നു. കേരള സര്‍ക്കാര്‍ നല്‍കിയതാണ് ആ പണം. നമ്പി നാരായണനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. 1995-ല്‍ കരുത്തനായ കെ. കരുണാകരന്റെ മുഖ്യമന്ത്രിപദം തെറിപ്പിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ദുരന്ത നായകന്‍. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്ര ഗവേഷണ രംഗത്തിന്റെ എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞരിലൊരാള്‍. ചാരക്കേസില്‍ കുടുക്കി കേരള പൊലിസിലെ ചിലരും ഐ.ബിയും ചേര്‍ന്ന് ആ ശാസ്ത്രജ്ഞന്റെ ജീവിതം തകര്‍ത്തു. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍വരെ ആകാന്‍ കഴിയുമായിരുന്ന ആ ഔദ്യോഗിക ജീവിതം തച്ചുടച്ചു. ചാരനെന്ന മുദ്രകുത്തപ്പെട്ട നമ്പി നാരായണനും കുടുംബവും 1994 അവസാനം മുതല്‍ അനുഭവിച്ച കഷ്ടപ്പാടിനും വേദനയ്ക്കും സര്‍ക്കാര്‍ നല്‍കിയ പരിഹാരം. നമ്പി നാരായണന് ഇപ്പോള്‍ വയസ് 78.
ഐ.എസ്.ആര്‍.ഒ ചാരക്കേസ് കേരളത്തെ പിടിച്ചുകുലുക്കിയിട്ട് 25 വര്‍ഷമാവുന്നു. 1994 നവംബര്‍ 30-ാം തിയതിയാണ് നമ്പിനാരായണന്‍ അറസ്റ്റിലായത്. അതിസങ്കീര്‍ണമായ ലിക്വിഡ് പ്രൊപ്പള്‍ഷന്‍ (റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന ദ്രവരൂപത്തിലുള്ള ഇന്ധനം) രഹസ്യങ്ങള്‍ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നീ മാലദ്വീപ് വനിതകള്‍ക്ക് കൈമാറി എന്നതായിരുന്നു കുറ്റം. ഇതു സംബന്ധിച്ച രഹസ്യ കൂടിയാലോചനകളില്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനു പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്ന ഐ.ജി രമണ്‍ ശ്രീവാസ്തവയും ഉള്‍പ്പെട്ടിരുന്നുവെന്ന കാര്യം പുറത്തുവന്നതോടെ വിവാദത്തിനു തീപ്പിടിച്ചു. പത്രങ്ങളൊക്കെയും അതേറ്റുപിടിച്ചു. അന്ന് മറിയം റഷീദയ്ക്ക് 33 വയസായിരുന്നു പ്രായം. ഫൗസിയ ഹസന് 50 വയസ് കഴിഞ്ഞിരുന്നു.
സത്യസന്ധതയ്ക്കും പ്രാഗത്ഭ്യത്തിനും പേരുകേട്ട ഡി.ഐ.ജി സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ചത്. കേസില്‍ സഹപ്രവര്‍ത്തകന്‍ രമണ്‍ ശ്രീവാസ്തവയുടെ പേരുകൂടി ഉയര്‍ന്നുവന്നതോടെ അന്വേഷണം സി.ബി.ഐക്ക് വിടുകയാണ് ഉചിതമെന്ന് അദ്ദേഹം ഡി.ജി.പി ടി.വി മധുസൂദനനോട് അഭ്യര്‍ഥിച്ചു. കേസിന്റെ പിന്നാമ്പുറത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഐ.ബിയാവട്ടെ രമണ്‍ ശ്രീവാസ്തവയെ ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഐ.ബിയുടെ തിരുവനന്തപുരത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്ന മാത്യുജോണും ആര്‍.ബി ശ്രീകുമാറും ഡി.ജി.പി മധുസൂദനനെക്കണ്ട് ഇക്കാര്യം ഉന്നയിച്ചെങ്കിലും തെളിവില്ലാതെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. 1994 ഡിസംബര്‍ രണ്ടാം തിയതി ഐ.ബി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി കെ. കരുണാകരനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചെന്നുകണ്ട് ഇതേ ആവശ്യം ഉന്നയിച്ചു. കരുണാകരന്‍ മറുപടിയൊന്നും പറഞ്ഞില്ല. അന്നു രാത്രി തന്നെ കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി മാര്‍ഗരറ്റ് ആല്‍വയോടാവശ്യപ്പെട്ടു. അന്വേഷണം സി.ബി.ഐയുടെ കൈയിലായി.
കേരള പൊലിസ് കെട്ടിച്ചമച്ചതൊക്കെയും കള്ളക്കഥകളാണെന്ന് സി.ബി.ഐ അന്വേഷണത്തില്‍ തെളിഞ്ഞു. നമ്പി നാരായണന്‍, ഡി. ശശികുമാരന്‍ എന്നീ പ്രഗത്ഭ ശാസ്ത്രജ്ഞന്മാരും മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും ഉള്‍പ്പെട്ട പ്രതികളൊക്കെയും കടുത്ത പൊലിസ് പീഡനത്തില്‍നിന്നും ജയില്‍വാസത്തില്‍നിന്നും രക്ഷപ്പെട്ടു. 1996 മെയ് രണ്ടിനാണ് എറണാകുളം ചീഫ് ജുഡിഷ്യന്‍ മജിസ്‌ട്രേറ്റ് കോടതി സി.ബി.ഐയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ച കേസാണെന്ന് വിധിക്കുകയും നമ്പിനാരായണന്‍ ഉള്‍പ്പെടെ പ്രതിയാക്കപ്പെട്ടവരെയൊക്കെയും മോചിപ്പിക്കുകയും ചെയ്തത്. വര്‍ഷങ്ങള്‍ക്കുശേഷം നമ്പി നാരായണന് ആശ്വാസമായി ഒരു കോടി മുപ്പത് ലക്ഷം നല്‍കുകയും ചെയ്തു. നേരത്തെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 50 ലക്ഷം രൂപ അദ്ദേഹത്തിനു കിട്ടിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ വിധിപ്രകാരം മറ്റൊരു പത്തുലക്ഷം രൂപയും കിട്ടി. ആകെ നമ്പി നാരായണന് കിട്ടിയത് 1.90 കോടി രൂപ. പക്ഷേ, 78-ാം വയസില്‍ ഇത്രയും തുക, ജീവിതത്തില്‍ നേരിട്ട കഷ്ടനഷ്ടങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പരിഹാരമാകുമോ?
കേരളത്തിലെ പത്രങ്ങളൊക്കെയും ഐ.എസ്.ആര്‍.ഒ കേസ് ഒരു വലിയ ആഘോഷമാക്കിയിരുന്നു. അന്ന് പ്രചരിച്ചതൊക്കെയും നുണക്കഥകള്‍ തന്നെയായിരുന്നു. ടെലിവിഷന്‍ ചാനലുകള്‍ വന്നുതുടങ്ങിയ നേരം. ആകെയുള്ള സ്വകാര്യ ചാനല്‍ ഏഷ്യാനെറ്റ് മാത്രം. സക്കറിയയും ബി.ആര്‍.പി ഭാസ്‌കറും ടി.എന്‍ ഗോപകുമാറുമൊക്കെ നേതൃത്വം കൊടുത്തിരുന്ന കാലം. ചാരക്കേസ് കെട്ടുകഥയാണെന്ന നിലപാട് ഉറക്കെ പറയാന്‍ ഏഷ്യാനെറ്റ് മുന്നിലുണ്ടായിരുന്നു. വിശദമായൊരു അന്വേഷണത്തിലൂടെ ഐ.എസ്.ആര്‍.ഒ കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത് 'ഇന്ത്യാ ടുഡേ' എന്ന വാര്‍ത്താ മാധ്യമത്തിനായിരുന്നു. അതിനു പ്രധാന നേതൃത്വം നല്‍കിയത് ഇന്ത്യാ ടുഡേ എഡിറ്റര്‍ ശേഖര്‍ ഗുപ്തയും. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും ശക്തവും വ്യക്തവുമായ കാഴ്ചപ്പാടുമായി ദേശീയ മാധ്യമരംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ചുരുക്കം ചില പത്രപ്രവര്‍ത്തകരില്‍ ഒരാള്‍. ഇപ്പോള്‍ വളരെ പ്രസിദ്ധമായ 'ദ പ്രിന്റ്' എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ശേഖര്‍ ഗുപതയാണ് നടത്തുന്നത്. ശേഖറിന്റെ ഉന്നതമായ കാഴ്ചപ്പാടിന്റെ ശക്തിയും സൗന്ദര്യവുമൊക്കെ 'ദ പ്രിന്റ്' എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലും കാണാം. നമ്പി നാരായണന് 1.30 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതിനെക്കുറിച്ച് ശേഖര്‍ പ്രിന്റില്‍ എഴുതിയിരുന്നു.
ഐ.എസ്.ആര്‍.ഒ ചാരക്കേസ് വെറും കള്ളക്കഥയാണെന്നും ഒക്കെയും കേരള പൊലിസും ഐ.ബിയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്നും കാട്ടി വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ഇന്ത്യാ ടുഡെ ആയിരുന്നു. ഇംഗ്ലീഷില്‍ പ്രധാന എഡിഷനും മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളിലും ഇന്ത്യാ ടുഡെ പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തില്‍ എം.ജി രാധാകൃഷ്ണനും ഞാനുമായിരുന്നു ലേഖകര്‍. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായ രാധാകൃഷ്ണന്‍ ഇംഗ്ലീഷിന്റെയും ഞാന്‍ മലയാളത്തിന്റെയും.
കെ. ചന്ദ്രശേഖര്‍, എസ്.കെ ശര്‍മ, ഡി. ശശികുമാരന്‍, രമണ്‍ ശ്രീവാസ്തവ, ഫൗസിയ ഹസന്‍, സുഹൈറ എന്നിവര്‍ ചെന്നൈയിലെ (അന്ന് മദ്രാസ്) മദ്രാസ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ താമസിച്ച് രഹസ്യമായി ഒത്തുചേര്‍ന്നു എന്നതായിരുന്നു പൊലിസിന്റെ കേസിലെ ഒരു കണ്ടെത്തല്‍. രഹസ്യ വിവരങ്ങള്‍ക്ക് പ്രതിഫലമായി ശശികുമാരന് ഒരു ലക്ഷം ഡോളര്‍ കൈമാറിയെന്നും കേസ് ഡയറിയില്‍ പറഞ്ഞിരുന്നു. 1995 ജനുവരി 24ന് ആയിരുന്നു ഇത്. ആ സമയത്ത് പ്രതിപ്പട്ടികയിലുണ്ടായിരുന്ന ആരും മദ്രാസ് ഇന്റര്‍നാഷണലില്‍ താമസിച്ചിരുന്നില്ലെന്ന് സി.ബി.ഐ വിശദമായ തെളിവുകളോടെ തെളിയിച്ചു. ജനുവരി 24 ന് ഡി. ശശികുമാരന്‍ തിരുവനന്തപുരത്ത് വലിയമലയിലുള്ള ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ തന്റെ ഓഫിസിലുണ്ടായിരുന്നു. ക്രയോജനിക് യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയരക്ടറായിരുന്ന അദ്ദേഹം ഔദ്യോഗിക വാഹനത്തില്‍ എത്തിയതിനും മടങ്ങിയതിനും ജോലി ചെയ്തതിനും രേഖകളുണ്ടായിരുന്നു. മകളുടെ ഭര്‍ത്താവിന്റെ അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പിറ്റേന്ന് ശശികുമാരന്‍ കൊല്ലത്തെത്തിയിരുന്നതായും സി.ബി.ഐ കണ്ടെത്തി. ദക്ഷിണ മേഖലാ ഐ.ജിയായിരുന്ന രമണ്‍ ശ്രീവാസ്തവ ജനുവരി 26ന് റിപ്പബ്ലിക് ഡേ പരേഡിലും അതിനു മുന്‍ദിവസങ്ങളില്‍ നടന്ന റിഹേഴ്‌സലുകളിലും പങ്കെടുത്തിരുന്നു. അന്നു തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണറായിരുന്ന വി.ആര്‍ രാജീവന്‍ ഇതൊക്കെയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ കേരളാ പൊലിസ് സംഘം കെട്ടിപ്പൊക്കിയ കഥകള്‍ ഓരോന്നായി താഴെ വീണുടഞ്ഞു.
അവസാനം മാസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കുശേഷം നമ്പി നാരായണനും ശശികുമാരനും മറിയം റഷീദയുമൊക്കെ സ്വതന്ത്രരായി. നമ്പിനാരായണന് പീഡനങ്ങള്‍ക്ക് പരിഹാരമായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയും കിട്ടി. രണ്ട് മാലി വനിതകള്‍ കഠിനമായ പീഡനങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെട്ട് സ്വരാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് മടങ്ങി, വെറും കൈയോടെ. കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. 78-ാം വയസിലാണ് നമ്പി നാരായണന്റെ ബാങ്ക് അക്കൗണ്ടിന് ഈ വലിപ്പവും തിളക്കവും. അതീവ ബുദ്ധിമാനായ ആ ശാസ്ത്രജ്ഞന്റെ ശ്രമഫലത്താല്‍ തയാറാക്കിയ ദ്രവഇന്ധനം ഉപയോഗിച്ച് ഇന്നും ഇന്ത്യയുടെ പി.എസ്.എല്‍.വി റോക്കറ്റുകള്‍ കുതിക്കുന്നു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ച പൊലിസുദ്യോഗസ്ഥര്‍ ഇപ്പോഴും ഇവിടെയുണ്ട്. പൊലിസിന് വലിയ പാഠമാണിത്. മാധ്യമങ്ങള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."