ആവേശക്കടലിലേക്ക് പ്രിയങ്ക പറന്നിറങ്ങി
നിലമ്പൂര്‍, അരീക്കോട്: കനത്ത ചൂടിനെ വകവയ്ക്കാതെ കാത്തിരുന്ന പ്രവര്‍ത്തകരുടെ ഇടയിലേക്ക് പ്രിയങ്ക ഗാന്ധി വന്നിറങ്ങിയതോടെ ആവേശം അണപൊട്ടി. സഹോദരന് വേണ്ടി വോട്ടുചോദിക്കാന്‍ ഇന്നലെ ഉച്ചയ്ക്ക് 2.50 ഓടെയാണ് പ്രിയങ്ക നിലമ്പൂരിലെത്തുന്നത്. പീവീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ അവര്‍ സുരക്ഷാ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ കോടതിപ്പടിയിലെ വേദിയിലേക്ക്. അരമണിക്കൂറോളം നീണ്ട പ്രസംഗം. 1957ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവും 1982ല്‍ ഇന്ദിരാഗാന്ധിയും നിലമ്പൂരിലെത്തിയിരുന്നു. രാജീവ് ഗാന്ധി 1987ല്‍ പ്രസംഗിച്ച അതേ സ്ഥലത്താണ് മകള്‍ പ്രിയങ്കയും എത്തിയത്. മോദിയുടെ ഭരണത്തില്‍ കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രിയങ്ക കര്‍ഷകരുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കിയാണ് പ്രസംഗം അവസാനിപ്പിച്ചത്. കല്ലില്‍ കൊത്തിയ പ്രിയങ്കയുടെ രൂപം കലാകാരനും പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ പട്ടിക്കാടന്‍ ഷാനവാസും താന്‍ വരച്ച ചിത്രം പറമ്പ ജി.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നമിത മനോജും പ്രിയങ്കക്ക് കൈമാറി. സ്‌നേഹാരവത്തോട് വോട്ടുചോദിച്ചു അടുത്ത കേന്ദ്രമായ അരീക്കോട്ടേക്ക്.
ഉച്ചക്ക് ഒന്നോടെതന്നെ അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കത്തുന്ന വെയിലിനിടെ ഏതാനും മിനുട്ടോളം വേനല്‍മഴയും പെയ്തു. നിലമ്പൂരില്‍നിന്നു അരീക്കോട് സുല്ലമുസലാം സയന്‍സ് കോളജിലെ ഹെലിപ്പാഡില്‍ പ്രിയങ്ക ഇറങ്ങിയത് വൈകീട്ട് 4.31ന്. പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
റോഡില്‍ തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് തുറന്ന കാറില്‍ പൊതുസമ്മേളനം നടക്കുന്ന മൈതാനത്തേക്ക്. കാറിന് മുകളില്‍ കയറിയാണ് പ്രവര്‍ത്തകരുടെ ആവേശവും ആരവവും ഏറ്റുവാങ്ങി പ്രിയങ്ക വേദിയിലെത്തിയത്. 4.47ന് വേദിയില്‍ എത്തിയ പ്രിയങ്ക സദസിനെ അഭിവാദ്യം ചെയ്തു.
പിന്നീട് അരീക്കോടിന്റെ ഫുട്‌ബോള്‍ പ്രേമത്തില്‍ തുടങ്ങിയ 43 മിനുട്ട് നീണ്ട പ്രഭാഷണത്തില്‍ മോദിയെ കണക്കിന് വിമര്‍ശിച്ചു.
നിലമ്പൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി. എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, വി.വി പ്രകാശ്, യു.എ ലത്തീഫ്, വി.എ കരീം, വി.എസ് ജോയി, എന്‍.എ കരീം, കെ.ടി കുഞ്ഞാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അരീക്കോട് അഡ്വ. സുരേഷ് ബാബു അധ്യക്ഷനായി. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, കെ.പി.എ മജീദ്, പി.കെ ബഷീര്‍ എം.എല്‍.എ, കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍ എം.എല്‍.എ, കെ.സി അബു, കെ.ടി അഷ്‌റഫ്, കെ.പി നൗഷാദലി, പി.വി മനാഫ്, പി.പി സഫറുല്ല സംസാരിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എയായിരുന്നു നിലമ്പൂരില്‍ പരിഭാഷകന്‍. ജ്യോതി വിജയകുമാറായിരുന്നു അരീക്കോട് പരിഭാഷ നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."