കരുവന്നൂര്‍ പുതിയ പാലത്തില്‍ വിള്ളല്‍; നാട്ടുകാര്‍ ആശങ്കയില്‍
കരുവന്നൂര്‍: രണ്ടു നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടിലെ പ്രധാന പാലമായ കരുവന്നൂര്‍ പാലത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
പാലത്തിന്റെ നടുവിലായി തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബീമുകള്‍ക്കിടയിലാണ് വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുന്നത്. വിള്ളലുകള്‍ക്കിടയിലൂടെ പാലത്തിന്റെ അടിവശം കാണാവുന്ന തരത്തില്‍ ദിനംപ്രതി വിള്ളലിന്റെ വലിപ്പം വര്‍ദ്ധിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. കരുവന്നൂര്‍ പുഴയ്ക്കു കുറുകെ ഗതാഗതമാര്‍ഗം സുഗമമാക്കാന്‍ ബ്രിട്ടിഷുകാര്‍ ഇരുമ്പു കൊണ്ട് നിര്‍മിച്ച പഴയപാലം ദുര്‍ബലമായപ്പോള്‍ 2003 ജൂലൈ 18ലാണ് പഴയപാലത്തിനു സമീപത്തായി പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2005 മാര്‍ച്ച് എട്ടിന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.കെ മുനീര്‍ പുതിയ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 14 വര്‍ഷത്തിനിപ്പുറവും പാലത്തില്‍ യാതൊരു വിധ അറ്റകുറ്റപണികളും നടത്തിയിട്ടില്ല. പാലത്തിന്റെ ഇരുവശങ്ങളിലും ഡ്രൈനേജ് സംവിധാനവും നടപാതകളും നിര്‍മിച്ചിട്ടുണ്ടെങ്കിലും ശരിയായ രീതിയില്‍ അടിഞ്ഞു കൂടിയ മണ്ണും മറ്റും നീക്കം ചെയ്യാത്തതിനാല്‍ ഡ്രൈനേജിലേയ്ക്കുള്ള ഓവുകള്‍ എല്ലാം അടഞ്ഞ നിലയിലാണ്.
പാലത്തില്‍ ഇടയ്ക്കിടെ പരസ്യബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതല്ലാതെ തെരുവുവിളക്കുകള്‍ സ്ഥാപിക്കുവാന്‍ അധികൃതര്‍ ഇതു വരെ തയാറായിട്ടില്ല. ഇത് പൊളിച്ചു മാറ്റാതെ നിര്‍ത്തിയിട്ടുള്ള പഴയപാലത്തിലും പാലത്തിനടിയിലും സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നതിനു കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."