എം.എം മണിക്കെതിരേ നിയമ നടപടിയുമായി യു.ഡി.എഫ്
തിരുവനന്തപുരം: മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശത്തില്‍ വൈദ്യുതി മന്ത്രി എം.എം മണിക്കെതിരേ യു.ഡി.എഫ് നിയമനടപടി സ്വീകരിക്കും. മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പാര്‍ലമെന്ററികാര്യ സെക്രട്ടറി പി.ടി തോമസാണ് കോടതിയെ സമീപിക്കുന്നത്. ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മണിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അവഹേളിക്കലാണെന്ന് തോമസ് ഹരജിയില്‍ ചൂണ്ടിക്കാട്ടും.
അതിനിടെ, മണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം പ്രതിപക്ഷം മയപ്പെടുത്തി. കഴിഞ്ഞയാഴ്ച നിയമസഭയിലെ നടപടിക്രമങ്ങള്‍ പ്രതിപക്ഷം തടസപ്പെടുത്തിയിരുന്നു. ഇന്നലെ ചോദ്യോത്തരവേള ആരംഭിക്കുന്നതിനു മുന്‍പ് ചെറിയ പ്രതിഷേധം ഉണ്ടായി. ബാനറുകളും പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധമെങ്കിലും നിമിഷങ്ങള്‍ക്കകം കെട്ടടങ്ങി. ഗതാഗത മന്ത്രി തോമസ് ചാണ്ടി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു ബഹളം. ബഹളത്തിനിടയിലും മന്ത്രി മറുപടി പറയുന്നത് തുടര്‍ന്നു. ബഹളം രൂക്ഷമായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കി. മണി രാജിവയ്ക്കുന്നത് വരെ പ്രതിഷേധവും ബഹിഷ്‌കരണവും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സഭ ബഹിഷ്‌കരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് എല്ലാ നടപടികളിലും പ്രതിപക്ഷം സഹകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."