മാവോയിസ്റ്റ് ഭീഷണി: ഇരിട്ടിയില്‍ ജാഗ്രത
ഇരിട്ടി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിട്ടി സബ് ഡിവിഷനില്‍ പൊലിസ് ഒരുക്കുന്നത് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍. മുന്നൊരുക്കങ്ങള്‍ പ്രകടമാക്കി നഗരത്തില്‍ ഇന്നലെ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. സംഘര്‍ഷ സാധ്യതയ്‌ക്കൊപ്പം മാവോയിസ്റ്റ് ഭീഷണികൂടി കണക്കിലെടുത്താണു മുന്‍പെങ്ങുമില്ലാത്ത വിധം സേനാ വിന്യാസം നടത്തുന്നത്. 1500 പൊലിസുകാരാണു തെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടത്. സി.ഐ.എസ്.എഫ്, ബി.എസ്.എഫ് എന്നിവ ഉള്‍പ്പെടെ അഞ്ചു കമ്പനി കേന്ദ്രസേനയും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും അധികമായി ഉണ്ടാവും.
തോക്ക്, ഗ്രനേഡ്, ടിയര്‍ ഗ്യാസ് എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി 25 ഗ്രൂപ്പ് പട്രോളിങ് യൂനിറ്റുകളും 15 ക്രമസമാധാനപാലന മൊബൈല്‍ യൂനിറ്റുകളും ഡി.വൈ.എസ്.പിമാരുടെയും സി.ഐമാരുടെയും സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂനിറ്റുകളും 24 മണിക്കൂറും റോന്തുചുറ്റും.
ഇന്നു മുതല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളടക്കം പൊലിസ് നിരീക്ഷണത്തിലാകും. ഇന്നു നടക്കുന്ന പരസ്യപ്രചാരണ സമാപനം സമാധാനപരമാക്കുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ഒരു മേശയും രണ്ടു കസേരയും മാത്രം അനുവദിച്ചിട്ടുള്ള സ്ലിപ്പ് വിതരണ ബൂത്തുകള്‍ മാത്രമാണ് അനുവദിക്കുക. ഒന്നുവീതം ഏജന്റുമാരെ മാത്രമാണു ബൂത്തില്‍ ഇരുത്തുക. റിസര്‍വില്‍ ഉള്ളവരെ അടക്കം ബൂത്തിലും വരാന്തയിലും ഇരിക്കാന്‍ സമ്മതിക്കില്ല. ഇവരും നഗരസഭയിലാണെങ്കില്‍ 100 മീറ്ററും ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ 200 മീറ്ററും പരിധിക്കു പുറത്ത് നില്‍ക്കണം. പോളിങ് ബൂത്തിനടുത്ത വീടുകളില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ വോട്ടര്‍മാര്‍ക്കു കേന്ദ്രീകരിക്കാന്‍ അവസരം നല്‍കിയാല്‍ ഗൃഹനാഥനെതിരെ കേസെടുക്കും. സബ് ഡിവിഷനില്‍ 314 ബൂത്തുകളാണുള്ളത്. ഇതില്‍ 29 ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണി ബൂത്തുകളായും 139 ബൂത്തുകളായും കണ്ടെത്തിയാണു സേനയെ നിയോഗിച്ചത്.
തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇരിട്ടി സബ് ഡിവിഷനെ ഇരിട്ടി, മട്ടന്നൂര്‍, പേരാവൂര്‍ എന്നിങ്ങനെ മൂന്നു സബ് ഡിവിഷനായി വിഭജിച്ചിട്ടുണ്ട്. ഇരിട്ടിയിയില്‍ നിലവിലുള്ള ഡി.വൈ.എസ്.പി സാജു കെ. ഏബ്രഹാമും മട്ടന്നൂരില്‍ ഡി.വൈ.എസ്.പി സി.എം ദേവദാസും പേരാവൂരില്‍ ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീഖും നേതൃത്വം നല്‍കും. എല്ലാ സ്റ്റേഷനുകളിലും സി.ഐമാരും ചുമതലയില്‍ ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."