വ്യാപാരിയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: കോഴിക്കോട് സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കുകയും മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ എട്ടംഗ സംഘത്തിലെ മൂന്നുപേരെ കാസര്‍കോട് പൊലിസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ നാങ്കി കടപ്പുറത്തെ ഷഫീഖ് (34), ബേക്കല്‍ മാവ്വലിലെ ശരീഫ് (32), തൃശൂര്‍ പുതുര്‍ക്കര ആയന്തോട്ടെ രാഹുല്‍ (31) എന്നിവരെയാണ് ശനിയാഴ്ച രാത്രിയോടെ കാസര്‍കോട് വച്ച് സി.ഐ പ്രദിപ് കന്നിപൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഘത്തില്‍പ്പെട്ട ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കോഴിക്കോട് കടലുണ്ടി മണ്ണൂര്‍ ലബൈക്ക് ഹൗസിലെ സഫ്‌വാ(30)നെയാണ് നാല് ദിവസം മുന്‍പ് എട്ടംഗ സംഘം തട്ടിക്കൊണ്ടു വന്നത്. കൂഡ്‌ലു ബദര്‍ നഗറിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ ഇയാളെ എത്തിച്ച സംഘം മര്‍ദ്ദിച്ച ശേഷം ആദ്യം ഏഴ് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് തന്റെ ബംഗളൂരുവിലുള്ള സുഹൃത്തിനെ വിളിച്ച് ഒന്‍പത് ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് സഫ്‌വാന്‍ പൊലിസില്‍ മൊഴി നല്‍കിയത്.
സഫ്‌വാന്‍ തടങ്കലിലായ വിവരം സഹോദരന്‍ റിസ്‌വാന്‍ അറിഞ്ഞതോടെ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലിസ് എത്തിയതോടെ സംഘം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേര്‍ അറസ്റ്റിലാവുന്നത്. റിസ്‌വാനെ മോചിപ്പിച്ചതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വ്യാപാര സംബന്ധമായ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."