കൊപ്പം ജി.വി.എച്ച്.എസ്.എസിലെ പൂര്‍വവിദ്യാര്‍ഥി സംഗമം നവ്യാനുഭവമായി
കൊപ്പം: രാവിലെ പത്ത് മണിക്ക് നീണ്ട ബെല്‍ മുഴങ്ങിയപ്പോള്‍ 'അഖിലാണ്ഢ മണ്ഢലമണിരിച്ചൊരുക്കി' എന്ന പണ്ട് പാടിപ്പതിഞ്ഞ പഴയ പ്രാര്‍ഥനാഗാനമുയര്‍ന്നു. ഭക്തിയോടെ അനുസരണയുള്ള 'അന്നത്തെ കുട്ടികള്‍' എഴുന്നേറ്റുനിന്നു. ആദ്യകാല അധ്യാപകര്‍ ഹാജര്‍ വിളിച്ചപ്പോള്‍ അനുസരണയോടെ അവര്‍ ഹാജര്‍ പറഞ്ഞു. പിന്നീട് ഓര്‍മകള്‍ ഓളങ്ങളായി ഒഴുകി. ആണ്ടുകള്‍ക്കപ്പുറത്തുള്ള കഥകള്‍ പറഞ്ഞും സഹപാഠികളെ സ്മരിച്ചും കുസൃതികള്‍ അയവിറക്കിയും അവര്‍ സ്‌കൂള്‍ കുട്ടികളായി.
പൂര്‍വ്വാധ്യാപകരെ ആദരിക്കാനും സ്‌കൂള്‍ വികസനത്തെ കുറിച്ച് അഭിപ്രായങ്ങള്‍ പങ്ക് വെക്കാനും അവര്‍ സമയം കണ്ടെത്തി. അവസാനം നാല് മണിക്ക് ദേശീയ ഗാനത്തിന് ശേഷം ലാസ്റ്റ് ബെല്ലടിച്ചപ്പോള്‍ പലരുടെയും കണ്‍കോണുകളില്‍ നിന്നുമുതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികളോടൊപ്പം ഐക്യദാര്‍ഢ്യമെന്നോണം പ്രകൃതിയും കണ്ണീര്‍ പൊഴിച്ചതോടുകൂടി ഒരു പകല്‍ നീണ്ടുനിന്ന കൊപ്പം ജി.വി.എച്ച്.എസ്.എസിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം നവ്യാനുഭവത്തോടെ സമാപിച്ചു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം സംഘടിപ്പിച്ചത്. എണ്ണൂറില്‍ പരം വിദ്യാര്‍ഥികളും അന്‍പതോളം അധ്യാപകരും ചടങ്ങിനെത്തി. 1968ലാണ് സ്‌കൂള്‍ ആരംഭിച്ചത്. സംഗമത്തോടനുബന്ധിച്ച് പഴയ അധ്യാപകരെ ആദരിക്കുകയും പൂര്‍വവിദ്യാര്‍ഥി സംഘടന രൂപീകരിക്കുകയും ചെയ്തു. ആദരിക്കല്‍ ചടങ്ങ് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുമിത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."