കല്ലടയുടെ പെര്‍മിറ്റ് റദ്ദാക്കി, ബസ് പിടിച്ചെടുത്തു; വൈറ്റിലയിലെ ഓഫിസ് പൂട്ടാനും നിര്‍ദേശം
കൊച്ചി: യാത്രക്കാരെ പകുതിവഴിയില്‍ ഇറക്കി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ, കല്ലട ബസിനെതിരെ പൊലിസ് നടപടിയും ഊര്‍ജ്ജിതമാക്കി. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി പിടിച്ചെടുത്തി. ഇതിനു പിന്നാലെ കൊച്ചി വൈറ്റിലയിലെ കല്ലടയുടെ ഓഫിസ് അടച്ചുപൂട്ടാനും പൊലിസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അനധികൃതമായി പാഴ്‌സലുകള്‍ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നിര്‍ദേശം.
ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണറാണ് നിര്‍ദേശം നല്‍കിയിരുന്നു. പെര്‍മിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം ആര്‍.ടി.ഒയോട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയതിനു പിന്നാലെയായിരുന്നു ഗതാഗത കമ്മീഷണറുടെ നടപടി.
ഞായറാഴ്ച തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ട്രാവല്‍സിലാണ് സംഭവം. സംഭവത്തില്‍ കമ്പനി മാനേജര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായിരുന്നു. അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞത്.
ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് പൊലിസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫിസില്‍ എത്തിയപ്പോള്‍ ഹരിപ്പാട് വച്ചുണ്ടായ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി യാത്രക്കാരെ അക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ കല്ലട ട്രാവല്‍സിന്റെയും റെഡ്ബസിന്റെയും പേജിലും പ്ലേ സ്റ്റോര്‍ ആപ്പുകളിലും സോഷ്യല്‍മീഡിയ ക്യാംപെയ്ന്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."