പൊതുവിദ്യാഭ്യാസ മുന്നേറ്റ യാത്രക്ക് ഇന്ന് കാസര്‍കോട് തുടക്കം
കാസര്‍കോട്: രക്ഷിതാക്കള്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്തു പഠിപ്പിക്കണമെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയമുന്നയിച്ച് എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്കു പൊതുവിദ്യാഭ്യാസ മുന്നേറ്റ ജാഥ സംഘടിപ്പിക്കും. ജാഥ ഇന്നു രാവിലെ കാസര്‍കോട് പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. 15ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന യോഗത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് തുടങ്ങിയവര്‍ സംബന്ധിക്കും. നാലിന് കണ്ണൂര്‍ ജില്ലയില്‍ ജാഥ പര്യടനം നടത്തും.
എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ ജാഥാ ക്യാപ്റ്റനും ട്രഷറര്‍ കെ.എസ് ഭരത്രാജ് വൈസ് ക്യാപ്റ്റനും പ്രസിഡന്റ് ഒ.കെ ജയകൃഷ്ണന് ജാഥയുടെ ഡയറക്ടറുമായിരിക്കും. ജാഥക്കൊപ്പം എ.കെ.എസ്.ടി.യു കലാവിഭാഗത്തിന്റെ കലാജാഥയും ഉണ്ടാകും. ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍, സംസ്ഥാന പ്രസിഡന്റ് ഒ.കെ ജയകൃഷ്ണന്, ജില്ലാ പ്രസിഡന്റ് പി രാജഗോപാലന്‍, സുനില്‍കുമാര്‍ കരിച്ചേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."