കുടിവെള്ള വിതരണ അവലോകന യോഗം;കുടിവെള്ളം ഉറപ്പാക്കും
കാസര്‍കോട്: ജില്ലയിലെ കുടിവെള്ള വിതരണം സംബന്ധിച്ച് അവലോകനം ചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ നിലവില്‍ സ്ഥാപിച്ച കിയോസ്‌കുകളില്‍ കുടിവെള്ളം കൃത്യമായി എത്തുന്നില്ലെന്നു വ്യാപക പരാതി. ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അനുവദിച്ച കിയോസ്‌കുകളില്‍ പകുതി മാത്രമേ പലയിടത്തും സ്ഥാപിച്ചിട്ടുള്ളൂവെന്നും അതില്‍ തന്നെ വെള്ളം നിറക്കുന്നതു കൃത്യമല്ലെന്നുമാണു പരാതി ഉയര്‍ന്നത്. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന കിയോസ്‌കുകളില്‍ കുടിവെള്ളം ഇന്നു മുതല്‍ ഉറപ്പു വരുത്തുമെന്നു യോഗത്തില്‍ റവന്യൂ വിഭാഗം വ്യക്തമാക്കി. കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന നടപടി രണ്ടു ദിവസം കൊണ്ടു പൂര്‍ത്തീകരിക്കുമെന്നു കലക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു. പഞ്ചായത്തുകള്‍ വാഹനത്തില്‍ വെള്ളം വിതരണം ചെയ്യുന്ന നടപടി വേഗത്തിലാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.
കുടിവെള്ള വിതരണത്തിനു പഞ്ചായത്തുകള്‍ സ്വന്തം നിലക്കു വാഹനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഇപ്പോള്‍ കുടിവെള്ള ക്ഷാമമില്ലാത്ത പഞ്ചായത്തുകളില്‍ പെട്ടെന്ന് ഉപയോഗിക്കാന്‍ കഴിയുന്നതിനായി സ്വകാര്യ വാഹനങ്ങളുടെ ക്വട്ടേഷന്‍ ക്ഷണിച്ച് വാഹനം തയാറാക്കി നിര്‍ത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ ഒരു പഞ്ചായത്തിനു എട്ടു വീതം കിയോസ്‌കുകളാണ് അനുവദിച്ചത്. ഇതില്‍ പകുതിയോളമേ പല പഞ്ചായത്തുകളിലും ലഭിച്ചിട്ടുള്ളുവെന്നും സ്ഥാപിച്ചതില്‍ തന്നെ കൃത്യസമയത്ത് വെള്ളം നിറക്കുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍ പരാതിപ്പെട്ടു.
റവന്യൂ വകുപ്പിന് ആവശ്യത്തിനു വാഹനങ്ങളില്ലാത്തതാണ് കിയോസ്‌കുകള്‍ പഞ്ചായത്തുകളില്‍ എത്തിക്കാന്‍ കാലതാമസം നേരിടുന്നതെന്നു കലക്ടര്‍ പറഞ്ഞു. മഴ ഉടന്‍ ലഭിച്ചില്ലെങ്കില്‍ മെയ് പകുതിയോടെ ജില്ല സമ്പൂര്‍ണ വരള്‍ച്ചയിലേക്കു നീങ്ങുമെന്നും ഇതു മുന്‍കൂട്ടി കണ്ടുവേണം ജല വിതരണമെന്നും ഒരു കാരണവശാലും ജലം പാഴാക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള ഹാന്റ് പമ്പുകള്‍ അറ്റകുറ്റ പണി ചെയ്തു കുടിവെള്ള വിതരണത്തിനു വഴിയൊരുക്കുന്നില്ലെന്നും കുഴല്‍ക്കിണറുകള്‍ അറ്റകുറ്റ പണി ചെയ്തില്ലെന്നും ചിലര്‍ പരാതി ഉന്നയിച്ചു. കുടിവെള്ള സ്രോതസുകളിലെ കുടിവെള്ള പരിശോധന വേഗത്തിലല്ലെന്നും കുടിവെള്ള വിതരണത്തിനു വാഹനങ്ങള്‍ കിട്ടുന്നില്ലെന്നും ചില പഞ്ചായത്ത് പ്രസിഡന്റുമാര്‍ പരാതിപ്പെട്ടു.
എ.ഡി.എം കെ അംബുജാക്ഷന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എച്ച് ദിനേശ്, എന്‍ ദേവിദാസ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഇന്‍ ചാര്‍ജ് കെ വിനോദ് കുമാര്‍ എന്നിവരും കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ പ്രതിനിധികളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."