മീനച്ചിലാര്‍ കൈയേറ്റം: അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നടപടി തുടങ്ങി
ഏറ്റുമാനൂര്‍: മീനച്ചിലാര്‍ തീരത്തെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ റവന്യൂ വകുപ്പ് ആരംഭിച്ചു. കഴിഞ്ഞ ജനുവരി 13ന് പൂര്‍ത്തിയായ സര്‍വേയില്‍ മീനച്ചിലാറിന്റെ തീരത്ത് വന്‍തോതില്‍ കൈയേറ്റം നടന്നിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഏറ്റുമാനൂര്‍ നഗരസഭയുടെ പതിനെട്ടാം വാര്‍ഡില്‍ പേരൂര്‍ വില്ലേജില്‍ പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്ക് പാലം വരെയുള്ള 35 ഏക്കറോളം ആറ്റുതീരമാണ് അന്ന് അളന്ന് തിട്ടപ്പെടുത്തിയത്. പ്രസിഡന്റ് മോന്‍സി പേരുമാലിയുടെ നേതൃത്വത്തില്‍ മീനച്ചിലാര്‍ സംരക്ഷണസമിതി നടത്തിയ പോരാട്ടത്തെതുടര്‍ന്നായിരുന്നു റവന്യൂ അധികൃതരുടെ നടപടി.
ഈ പ്രദേശത്ത് പതിനഞ്ചോളം പേര്‍ ഭൂമി കൈയേറിയതായി കണ്ടെത്തിയിരുന്നു. ഇവരില്‍ ഏഴ് പേര്‍ സര്‍ക്കാര്‍ വക സ്ഥലം കൈയേറി വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചു മാറ്റുന്നതിനുള്ള ഫോറം സി നോട്ടിസ് ഇവരില്‍ അഞ്ച് പേര്‍ക്ക് ബുധനാഴ്ച കൈമാറി. അഡീഷണല്‍ തഹസില്‍ദാരുടെ ഉത്തരവ് വില്ലേജ് ഓഫിസര്‍ മുഖേനയാണ് നല്‍കിയത്. സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏഴ് ദിവസത്തിനകം പൊളിച്ചു മാറ്റാനാണ് ഉത്തരവ്.
കിണറ്റിന്‍മൂട് തൂക്കുപാലത്തിനോട് ചേര്‍ന്ന് താമസിക്കുന്ന വടൂര്‍ ബിജുമോന്‍ വര്‍ഗീസ് സര്‍ക്കാര്‍ വക സ്ഥലത്തേക്ക് ഇറക്കി വീടും ചുറ്റുമതിലും കരിങ്കല്‍കെട്ടും നിര്‍മിച്ചിരുന്നു. പെരുമ്പായിക്കാട് നിര്‍മാല്യത്തില്‍ വിജയകുമാര്‍ ആറ്റുതീരം കൈയേറി ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് കരിങ്കല്ലുപയോഗിച്ച് അടിത്തറയിട്ടത് നേരത്തെ തടഞ്ഞിരുന്നു. ചിറ്റുമാലില്‍ എബ്രഹാം ആറ്റിലേക്കിറക്കി കല്‍പ്പടവുകളും കുളിക്കടവും സിമന്റ് ബെഞ്ചും നിര്‍മിച്ച് സ്ഥലം കെട്ടിയെടുത്ത് ഗേറ്റ് വെച്ചിരുന്നു. കോക്കാപ്പള്ളി മ്യാലില്‍ സജി, ശശി എന്നിവരുടെ വീടുകള്‍ പൂര്‍ണമായും ആറ്റുപുറമ്പോക്കിലാണ് സ്ഥിതിചെയ്യുന്നത്. അറുപതിലധികം വര്‍ഷമായി ഇവിടെ താമസിക്കുന്ന രണ്ട് കുടുംബങ്ങള്‍ക്കും പട്ടയരേഖകളില്ല.
ഇവരോടൊപ്പം അനധികൃത നിര്‍മാണം കണ്ടെത്തിയ ചാഴിശ്ശേരില്‍ പാപ്പച്ചന്‍ , ഇടശ്ശേരിമ്യാലില്‍ ചാക്കോ ജോര്‍ജ് എന്നിവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ ഉണ്ടെങ്കില്‍ അവ ഹാജരാക്കുന്നതിന് സാവകാശം നല്‍കിയിട്ടുണ്ട്. ഇവര്‍ ആറ്റുതീരം കൈയേറി വന്‍ കരിങ്കല്‍ക്കെട്ട് നിര്‍മിച്ചതും മണല്‍ ഖനനം ചെയ്ത് ആറ്റു തീരത്ത് രണ്ട് വന്‍ കുളങ്ങള്‍ രൂപപ്പെട്ടതും സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
സ്വകാര്യവ്യക്തികള്‍ കൈയേറിയ ആറ്റ് പുറമ്പോക്ക് സര്‍ക്കാര്‍ വീണ്ടെടുത്ത സ്ഥിതിക്ക്, ഈ ഭൂമിയിലെ പ്രധാന കാര്‍ഷികോല്‍പന്നമായ മരച്ചീനി ലേലം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. ഏതാണ്ട് ആറ് ലക്ഷത്തിന് മേല്‍ മതിപ്പ് വിലയുള്ള മരച്ചീനി ലേലം ചെയ്യണമെന്നാവശ്യപ്പെട്ട് സംരക്ഷണസമിതി റവന്യൂ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും കത്ത് നല്‍കി. അടുത്ത കാലവര്‍ഷത്തിനുമുന്‍പ് ലേലം നടന്നില്ലെങ്കില്‍ മരച്ചീനി മുഴുവന്‍ വെള്ളം കയറി നശിക്കുമെന്നും ഇതുമൂലം സര്‍ക്കാരിന് സംഭവിക്കുന്ന നഷ്ടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അഡീഷണല്‍ തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫിസര്‍ക്കും ആയിരിക്കുമെന്നും സംരക്ഷണസമിതി പ്രസിഡന്റ്് മോന്‍സി പേരുമാലില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."