തദ്ദേശ ഭരണം നഷ്ടമാവാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ ദ്വിമുഖ തന്ത്രം
കോട്ടയം: മാണി വിഭാഗവുമായി ചേര്‍ന്ന് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നഷ്ടമാവാതിരിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്. ജില്ലാ പഞ്ചായത്തില്‍ നടന്ന കാലുവാരല്‍ മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ ഉണ്ടാകാതിരിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിനുള്ള നിര്‍ദേശം സംസ്ഥാന നേതൃത്വവും നല്‍കി. മാണിയെയും മകനെയും കടന്നാക്രമിക്കുന്ന നേതാക്കള്‍ കേരളാ കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കളെയും സാധാരണ പ്രവര്‍ത്തകരെയും തലോടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഭരണ നഷ്ടം ഒഴിവാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങളുടെ ഭാഗമാണിത്.
വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതോടെ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രസ്താവനകള്‍ ഇറക്കുന്നത്.
ജില്ലാപഞ്ചായത്ത് വിഷയത്തില്‍ മാണിയുടെയും മകന്റെയും നിലപാടിനെ ഡി.സി.സി നേതൃത്വം രൂക്ഷമായി വിമര്‍ശിക്കുമ്പോഴും വോട്ട് ചെയ്ത അംഗങ്ങള്‍ക്കെതിരേ സംസാരിക്കാന്‍ ഡി.സി.സി നേതൃത്വം തയാറായിട്ടില്ല. മാണിയെ ഒരു കാരണവശാലും യു.ഡി.എഫില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടെടുത്ത ജോഷി ഫിലിപ്പ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ കോണ്‍ഗ്രസിന് വേണ്ടെന്ന് പറയാന്‍ തയാറായില്ല. മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്നും വ്യക്തമാക്കിയില്ല.
വാഴപ്പള്ളി വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാല് അംഗം മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസിലെ എട്ടുപേര്‍ പിന്തുണ നല്‍കിയിരുന്നു. ഇത് മാണിക്കുള്ള മറുപടിയാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത്തരത്തില്‍ മറ്റു പഞ്ചായത്തുകളിലും അണികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൗഹാര്‍ദത്തോടെ മുന്‍പോട്ട് പോകാന്‍ ഡി.സി.സിയെ പ്രേരിപ്പിക്കുന്നത്.
മാണി വിഭാഗത്തിന്റെ പിന്തുണ വേണ്ടെന്ന് വച്ചാല്‍ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിന് വന്‍ നഷ്ടമുണ്ടാകും. പ്രാദേശിക തലത്തില്‍ പിന്തുണ വേണ്ടെന്ന് വയ്ക്കാനോ കേരള കോണ്‍ഗ്രസിനെതിരേ ശക്തമായി നീങ്ങാനോ കോണ്‍ഗ്രസ് നേതൃത്വം തയാറാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."