ഇതും സര്‍ക്കാര്‍ സ്കൂള്‍; സീറ്റുകള്‍ 630; അപേക്ഷകള്‍ ആയിരത്തിലധികം
മേപ്പയ്യൂര്‍ ഹൈസ്കൂളിലേക്ക് വിദ്യാര്‍ഥി പ്രവാഹം.
മേപ്പയ്യൂര്‍: കേരളത്തിലെ ഏറ്റവും വലിയ ഗ്രാമീണ സര്‍ക്കാര്‍ വിദ്യാലയമായ മേപ്പയ്യൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഈ അധ്യയനവര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ഥികളുടെ എണ്ണം ആയിരത്തോടടുക്കുന്നു.
630 കുട്ടികളെ പ്രവേശിപ്പിക്കാനുള്ള ഡിവിഷനുകള്‍ക്ക് മാത്രമേ ഇപ്പോള്‍ അനുമതിയുള്ളൂ. അന്താരാഷ്ട്രനിലവാരത്തിലേക്കുയര്ത്തുന്നതിന്റെ ഭാഗമായി ഇപ്പോള്‍ വലിയ തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയവ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
യു.പി വിഭാഗം പൂര്‍ണമായും കംപ്യൂട്ടര്വല്ക്കരിക്കുകയും ക്ലാസ് റൂമുകള്‍ നവീകരിക്കുകയും ചെയ്യുകയാണ്. ഒരുവര്‍ഷത്തിനുള്ളില്‍ മുപ്പത് കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടത്താനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാരും പി.ടി.എയും. ഇതിന്റെ ഭാഗമായി കിറ്റ്കോയില്‍ നിന്നുള്ള വിദഗ്ധര്‍ കഴിഞ്ഞ ദിവസം സ്കൂള്‍ സന്ദര്‍ശിച്ചു. ഇപ്പോള്‍ തന്നെ നാലായിരത്തോളം വിദ്യാര്‍ഥികളും നൂറ്റിഅന്‍പതോളം അധ്യാപകരും സ്കൂളിലുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സ്കൂള്‍ നേടിയ തിളക്കമാര്‍ന്ന വിജയം സംസ്ഥാനതലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."