സി-സോണ്‍ കലോത്സവം: ചാംപ്യന്‍മാര്‍ പി.എസ്.എം.ഒ തന്നെ; മമ്പാട് രണ്ടാമത്
മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി-സോണ്‍ കലോത്സവത്തില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കിരീടം ചൂടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ നിലവിലെ ചാംപ്യന്മാരായ പി.എസ്.എം.ഒ കോളജിനെ പിന്നിലാക്കാന്‍ ശ്രമിച്ച മമ്പാട് എം.ഇ.എസിനാണ് അവസാന നിമിഷം അടിപതറിയത്. അര്‍ധരാത്രിവരെ നീണ്ട മത്സരത്തില്‍ 195 പോയിന്റ് നേടി പി.എസ്.എം.ഒ ഒന്നാമതെത്തിയപ്പോള്‍ 192 പോയിന്റുമായി മമ്പാട് എം.ഇ.എസ് കോളജാണ് രണ്ടാംസ്ഥാനം നേടിയത്.
കഴിഞ്ഞ വര്‍ഷമൊഴികെ തുടര്‍ച്ചയായി രണ്ടു തവണ മമ്പാട് എം.ഇ.എസ് കോളജായിരുന്നു സി-സോണ്‍ ചാംപ്യന്‍മാര്‍. ഇതിനു മുന്‍പു തുടര്‍ച്ചയായി പത്തു വര്‍ഷം പി.എസ്.എം.ഒ കോളജിനായിരുന്നു ചാംപ്യന്‍ഷിപ്പ്. ഒരു പോയിന്റ് വ്യത്യാസത്തില്‍ കഴിഞ്ഞ തവണ കിരീടം നഷ്ടപ്പെട്ട മമ്പാട് എം.ഇ.എസിന് ഇത്തവണ മൂന്നു പോയിന്റ് വ്യത്യാസത്തിലാണ് ഒന്നാംസ്ഥാനം നഷ്ടപ്പെട്ടത്. 1 പോയിന്റുനേടിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസാണ് മൂന്നാംസ്ഥാനം നേടിയത്.
സമാപന സമ്മേളനം പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മികച്ച പ്രവര്‍ത്തനം നടത്തിയ ഡോ. ഗീതനമ്പ്യാര്‍ (സേവനം), ഫസല്‍ മറ്റത്തൂര്‍ (മീഡിയ), ഇര്‍ഷാദ് കൊട്ടപ്പുറം, നവാസ് ശരീഫ് (സംഘാടനം), പി.കെ ജുനൈദ് (ലോഗോ തയാറാക്കിയത്) എന്നിവര്‍ക്കുള്ള ഉപഹാരം അദ്ദേഹം സമ്മാനിച്ചു.
വിജയികള്‍ക്കുള്ള ട്രോഫി ഡോ. സൈനുല്‍ ആബിദ് കോട്ട നല്‍കി. ടി.പി ഹാരിസ് അധ്യക്ഷനായി. കണ്ണിയന്‍ മുഹമ്മദലി, പി.വി അഹമ്മദ് സാജു, എന്‍.എ കരീം, വി.പി അഹമ്മദ് സഹീര്‍, നിഷാജ് എടപ്പറ്റ, സാദിഖ് കൂളമഠത്തില്‍, ശരീഫ് വടക്കയില്‍, കെ.എം ഇസ്മാഈല്‍, ഇബ്രാഹീം ബാദുഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."