പ്രവാസികളെ പ്രതിസന്ധിഘട്ടത്തില്‍ സംരക്ഷിക്കണമെന്ന് കേന്ദ്രത്തോട് നിയമസഭ
തിരുവനന്തപുരം: കയറ്റുമതിക്കാര്‍ക്കു നല്‍കുന്ന പ്രോത്സാഹനങ്ങള്‍ക്കും വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ നല്‍കുന്ന ഇളവുകള്‍ക്കും സമാനമായ രീതിയില്‍ ആനുകൂല്യങ്ങള്‍ നല്‍കി പ്രവാസികളെ പ്രതിസന്ധി ഘട്ടത്തില്‍ സംരക്ഷിക്കണമെന്ന് നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിദേശനാണയ സ്രോതസായിട്ടും പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കുന്നില്ലെന്നും നിയമസഭ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും ചേംബര്‍ ഓഫ് കൊമേഴ്‌സുകളുമായി ബന്ധപ്പെട്ട് അവിടെ തന്നെ പുനരധിവാസം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം.
ഏതാണ്ട് 31 ലക്ഷത്തോളം മലയാളികള്‍ മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പ്രവാസികളായുണ്ട്. കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം അന്യ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്ന കേരളീയരില്‍ 86.3 ശതമാനം ഗള്‍ഫ് മേഖലയിലേക്കാണ് പോകുന്നത്. അതില്‍ 37.5 ശതമാനം യു.എ.ഇയിലും 22 ശതമാനം സഊദി അറേബ്യയിലുമാണ്.
ഈ നാടുകളിലെ സ്വദേശിവല്‍ക്കരണം, വിശേഷിച്ച് സഊദി അറേബ്യയില്‍ വാണിജ്യ കേന്ദ്രങ്ങളില്‍ വിദേശികളെ ഒഴിവാക്കുന്നത് നിരവധി കേരളീയര്‍ക്കു തൊഴില്‍ നഷ്ടപ്പെടുത്തും. പ്രവാസി കേരളീയരില്‍ 11 ശതമാനത്തോളം സെയില്‍സ്മാന്‍മാരായി ജോലി നോക്കുന്നുണ്ടെന്നാണ് കണക്ക്. പ്രവാസികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണം സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നിലൊന്നിലധികമാണെന്നും പ്രമേയത്തില്‍ പറയുന്നു.
കെ.വി അബ്ദുല്‍ ഖാദര്‍ കൊണ്ടുവന്ന അനൗദ്യോഗിക പ്രമേയം ഭേദഗതികളോടെ സര്‍ക്കാര്‍ ഔദ്യോഗിക പ്രമേയമായി സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. അംഗങ്ങളെല്ലാം ഇതിനെ പിന്തുണയ്ക്കണമെന്ന് ഇക്കാര്യം അറിയിച്ച മന്ത്രി ജി. സുധാകരന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സഭ പ്രമേയം ഐകകണ്‌ഠ്യേന പാസാക്കി. വി.കെ.സി മമ്മദ് കോയ, പ്രതിഭാ ഹരി, പി.ടി തോമസ്, ഇ.കെ വിജയന്‍, എന്‍. ജയരാജ്, പി. ഉബൈദുല്ല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."