വിധിക്കുപിന്നാലെ പൊലിസില്‍ വന്‍ അഴിച്ചുപണി
തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലിസ് മേധാവിയായി ടി.പി സെന്‍കുമാര്‍ എത്തുംമുന്‍പേ പൊലിസില്‍ വന്‍ അഴിച്ചുപണി. 100 ഡിവൈ.എസ്.പിമാരെയാണ് സ്ഥലംമാറ്റിയത്. മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ നിര്‍ദേശപ്രകാരമാണിത്. എ.ഡി.ജി.പി, ഐ.ജി തലത്തിലും കഴിഞ്ഞദിവസം വന്‍ അഴിച്ചുപണി നടത്തിയിരുന്നു.
ക്രൈംബ്രാഞ്ച്, ക്രൈം റെക്കോഡ്‌സ്, സ്‌പെഷല്‍ ബ്രാഞ്ച്, പൊലിസ് അക്കാഡമി, നാര്‍ക്കോട്ടിക് സെല്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ തുടങ്ങിയയിടങ്ങളിലെ ഡിവൈ.എസ്.പിമാരെയാണ് സ്ഥലംമാറ്റിയത്. സര്‍ക്കാരിനോട് പോരാടി അധികാരക്കസേരയില്‍ തിരികെയെത്തുന്ന സെന്‍കുമാറില്‍ നിന്ന് പൊലിസ് ഭരണം അനുകൂലമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 22 ഡിവൈ.എസ്.പിമാരെയാണ് വിജിലന്‍സില്‍ നിന്നുമാത്രം മാറ്റിയത്. പ്രധാന കേസുകളുടെ അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേയാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത്.
കെ.ബാബു പ്രതിയായ ബാര്‍ കോഴ കേസ്, മാണി പ്രതിയായ കോഴി കേസ്, മുക്കുന്നിമല ഖനന കേസ്, വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് കേസ്, ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസുകള്‍ എന്നിവ അന്വേഷിച്ച ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിട്ടുണ്ട്. സെന്‍കുമാറിന് അനുകൂലമായി നില്‍ക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും പ്രധാന തസ്തികകളില്‍ നിന്ന് മാറ്റാനാണ് തീരുമാനം. സെന്‍കുമാര്‍ തിരികെയെത്തുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതികളായ കേസുകളില്‍ ഇടപെടുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിവരം.
അതിനിടെ, സെന്‍കുമാറിന് കേസ് വിവരങ്ങള്‍ പൂര്‍ണമായും നല്‍കരുതെന്ന് ആവശ്യപ്പെട്ട് പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി രഹസ്യ സര്‍ക്കുലറയച്ചു.
നളിനി നെറ്റോ ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ ചില നിലപാടുകളെടുത്തിരുന്നു. ഇത് സെന്‍കുമാറിന് ലഭിക്കരുതെന്നാണ് നിര്‍ദേശം. സെന്‍കുമാര്‍ തിരിച്ചെത്തിയതോടെ സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയും പൊലിസ് മേധാവിയും തമ്മില്‍ 'ശീത' സമരത്തിനും തുടക്കമാകും.
കടുത്ത അഭിപ്രായ ഭിന്നതയാണ് മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയായ നളിനി നെറ്റോയുമായി സെന്‍കുമാറിനുള്ളത്. സെന്‍കുമാര്‍ പൊലിസ് മേധാവി സ്ഥാനത്ത് വരാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ നിര്‍ണായക പങ്ക് വഹിച്ചതായാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇക്കാര്യം കഴിഞ്ഞദിവസം ഒരു ചാനലില്‍ സെന്‍കുമാര്‍ തുറന്നടിച്ചിരുന്നു. ഇരുവരും പങ്കെടുക്കേണ്ട നിരവധി യോഗങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും.
ചീഫ് സെക്രട്ടറിയെന്ന നിലയില്‍ തന്റെ പദവിക്ക് മുകളിലാണ് നളിനി നെറ്റോ എന്നതിനാല്‍ അവരെ ബഹുമാനിക്കാന്‍ സെന്‍കുമാര്‍ ബാധ്യസ്ഥനുമാണ്. അതിനാല്‍ കൂടികാഴ്ച പരമാവധി ഒഴിവാക്കാനാണ് ഇരുവരും ശ്രമിക്കുക.
സെന്‍കുമാര്‍ ചാര്‍ജെടുത്തതോടെ സര്‍ക്കാരുമായുള്ള 'പാലമായി ' പൊലിസ് ഉപദേഷ്ടാവ് ശ്രീവാസ്തവ പ്രവര്‍ത്തിക്കുമെന്നും സൂചനയുണ്ട്. ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ്, ശ്രീവാസ്തവ എന്നിവരെ മുന്‍നിര്‍ത്തി പൊലിസില്‍ ഇടപെടാനാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."