ലക്ഷദ്വീപിനോട് ബി.ജെ.പിക്ക് പ്രതികാരം: ഹംദുല്ല സഈദ്
കോഴിക്കോട്: ലക്ഷദ്വീപിനോട് ബി.ജെ.പിക്ക് പ്രതികാരമാണെന്നും വാഗ്ദാനങ്ങളൊന്നും ബി.ജെ.പി പാലിച്ചില്ലെന്നും ലക്ഷദ്വീപിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹംദുല്ല സഈദ്. ലക്ഷദ്വീപില്‍ യുവാക്കള്‍ക്ക് തൊഴിലവസരം, ടൂറിസം മേഖലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കും, ഗതാഗത മേഖലയില്‍ പുതിയ കപ്പലുകള്‍ കൊണ്ടുവരും തുടങ്ങി പല രീതിയിലുള്ള വാഗ്ദാനങ്ങളും കൊടുത്തിരുന്നു. ഇവയൊന്നും നടപ്പായില്ല. ഈ അവസ്ഥ തിരിച്ചറിഞ്ഞ് ജനങ്ങള്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും സുപ്രഭാതത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി 40 വര്‍ഷത്തോളം ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസ് പ്രതിനിധികളാണ്. ഇക്കാലയളവില്‍ നിരവധി കാര്യങ്ങള്‍ കോണ്‍ഗ്രസ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ദ്വീപ് നിവാസികള്‍ അനുഭവിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും സബ്‌സിഡികളും പിന്‍വലിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ നിലവിലെ എം.പിക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. ടൂറിസം മേഖലയുള്‍പെടെ സര്‍വ മേഖലകളിലും കോണ്‍ഗ്രസ് ശ്രദ്ധപതിപ്പിക്കും. യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും. കൂടുതല്‍ ഗതാഗത സൗകര്യമൊരുക്കും. ദ്വീപിന്റെ സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള വികസനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
പി.എം സഈദ് ദ്വീപിനെ പ്രതിനിധീകരിച്ച കാലത്തും വിവിധ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമമുണ്ടായി. എന്നാല്‍ ആനുകൂല്യങ്ങള്‍ പോലും നിര്‍ത്തലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിഞ്ഞിരുന്നില്ല. എം.പി എന്ന നിലയില്‍ അതിശക്തമായ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടാണ് പല ആനുകൂല്യങ്ങളും ദ്വീപിന് നഷ്ടമായത്.
കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയാലും പുതിയത് ഒന്നും ലഭിച്ചില്ലെങ്കിലും കിട്ടിയവ നഷ്ടപ്പെടുത്താതെ നോക്കുകയെന്നതായിരുന്നു പി.എം സഈദിന്റെ പ്രവര്‍ത്തന രീതി. കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ റേഷന്‍ അരി ഒരാള്‍ക്ക് എട്ടു കിലോഗ്രാം ലഭിച്ചിരുന്നത് ആറു കിലോഗ്രാം ആയി കുറച്ചു. പഞ്ചസാര നല്‍കുന്നത് ഇല്ലാതെയായി. 13 രൂപയ്ക്ക് ലഭിക്കുമായിരുന്ന പഞ്ചസാരയ്ക്ക് ഇന്ന് 50 രൂപ നല്‍കണം. വൈദ്യുതി ചാര്‍ജ് മൂന്ന് തവണകളിലായി വര്‍ധിപ്പിച്ചു. 10 ദ്വീപുകളിലും പ്രസ് ഉണ്ടായിരുന്നത് അഞ്ചായി വെട്ടിക്കുറച്ചു. ഫിഷിങ് തൊഴിലാളികളുടെ മാസ് സിസ്റ്റം നടപ്പിലാക്കിയില്ല. എം.ബി.ബി.എസ് സീറ്റുകള്‍ 10 എണ്ണമുണ്ടായിരുന്നത് കോണ്‍ഗ്രസ് കാലത്ത് 13 ആക്കി ഉയര്‍ത്തിയിരുന്നു. അഞ്ചു വര്‍ഷത്തിനിടെ ഇത് ഒരു സീറ്റാക്കി വെട്ടിക്കുറച്ചു.
? രാഹുല്‍ മന്ത്രിസഭ വന്നാല്‍ മന്ത്രിയാകുമോ.
= ഞാനതിനെക്കുറിച്ചൊന്നും പ്രതികരിക്കുന്നില്ല. ലക്ഷദ്വീപ് പി.സി.സി പ്രസിഡന്റാണ്. നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. രാഹുല്‍ ഗാന്ധി തനിക്കു തന്ന ചുമതല താന്‍ ആത്മാര്‍ഥമായി നിര്‍വഹിച്ചിട്ടുണ്ട്. പാര്‍ട്ടി ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും അതു നിറവേറ്റും. ദ്വീപിനു നഷ്ടപ്പെട്ട ആനുകൂല്യങ്ങളത്രയും തിരികെ കൊണ്ടുവരികയാണ് ഇപ്പോള്‍ എന്റെ മുന്‍പിലുള്ള ലക്ഷ്യം.
? കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്.
= യു.പി.എ സര്‍ക്കാര്‍ തിരിച്ചുവരും. 10 വര്‍ഷക്കാലത്തെ യു.പി.എ ഭരണത്തില്‍ ജനങ്ങള്‍ അതിന്റെ ഗുണം ആസ്വദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് തിരികെ വന്നാല്‍ തൊഴിലില്ലായ്മക്ക് പരിഹാരമാകും. യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും. ഇതു ലോകത്ത് ഹിസ്റ്റോറിക് സ്‌കീം ആയി അറിയപ്പെടും. വനിതാസംവരണം മറ്റൊരു മികച്ച മാതൃകയാണ്. ഇതൊക്കെ ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ബി.ജെ.പി ഒരുപാട് വാഗ്്ദാനങ്ങള്‍ നല്‍കിയിരുന്നു. 15 ലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ചു.
? ബി.ജെ.പിയുടെ തന്ത്രങ്ങള്‍ ലക്ഷ്യം കാണുമോ.
= മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഷയുടെയും പേരില്‍ ബി.ജെ.പി ഭിന്നിപ്പിക്കുകയാണ്. ഈ അവസരം മുതലെടുത്ത് ഭരണം നേടുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഇതു ലക്ഷ്യമാക്കിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. നോട്ടുനിരോധനം മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ ജനങ്ങളെ ബാധിച്ച നിരോധനം മുന്‍പുണ്ടായിട്ടില്ല. ഇതുമൂലം സാമ്പത്തിക ഭദ്രത തകര്‍ന്നു എന്നതല്ലാതെ മറ്റെന്താണുണ്ടായത്? ഏറ്റവും പ്രധാനം മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കലാണ്. അവ ഇല്ലാതാക്കാനുള്ള ശ്രമം ഇപ്പോള്‍ നടക്കുന്നത് ഖേദകരമാണ്.
? ലക്ഷദ്വീപിലെ എന്‍.സി.പി- ബി.ജെ.പി സഖ്യത്തെക്കുറിച്ച്.
= ദ്വീപില്‍ ബി.ജെ.പിയുമായാണ് എന്‍.സി.പി കൂട്ടുചേരുന്നത്. അമിത് ഷായെ സ്വീകരിക്കാന്‍ എന്‍.സി.പി എം.പി പോയതും ബി.ജെ.പി യോഗത്തില്‍ പങ്കെടുത്തതും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കേന്ദ്രത്തില്‍ യു.പി.എയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെയാണ് ഇവിടെ ബി.ജെ.പി യോടൊപ്പം കൂടുന്നത്. കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പവും. ആന്ത്രോത്ത് ദ്വീപിലെ ബി.ജെ.പി ഓഫിസ് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി കമല്‍നാഥ് മിശ്ര എത്തിയപ്പോഴും അദ്ദേഹത്തോടൊപ്പം എം.പി പങ്കെടുത്തിട്ടുണ്ട്. എന്‍.സി.പി എം.പി ബി.ജെ.പി പരിപാടികളില്‍ പങ്കെടുക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല.
? ബി.ജെ.പിയുടെ സാന്നിധ്യം ദ്വീപിനെ ബാധിക്കുമോ.
= ബി.ജെ.പിയുടെ നയങ്ങളും നിലപാടുകളും ആശയങ്ങളും ദ്വീപിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളില്ല. പ്രധാനമന്ത്രിയും അമിത് ഷായും ദ്വീപ് സന്ദര്‍ശിച്ചിട്ടും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ഒരു സീറ്റ് ബി.ജെ.പിക്കു നേടാന്‍ സാധിച്ചില്ല എന്നത് ഇതിനു തെളിവാണ്. പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുവര്‍ധനവും ഉണ്ടായിട്ടില്ല. ദ്വീപിനു പറ്റിയ ആശയമല്ല ബി.ജെ.പിയുടേതെന്നതാണ് ഇതു തെളിയിക്കുന്നത്. ശാന്തിയും സമാധാനവും ഉള്ള സ്ഥലത്ത് അശാന്തി കൊണ്ടുവരാന്‍ അവിടുത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. അത്തരത്തിലുള്ള ആളുകള്‍ക്ക് പിന്തുണ നല്‍കുന്നവരല്ല ദ്വീപുകാര്‍.
? ദ്വീപിനോട് ബി.ജെ.പിയുടെ നയം.
= ബി.ജെ.പിയെ ഇതുവരെ ജനങ്ങള്‍ സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസിനെ ജനങ്ങള്‍ ഏറ്റെടുക്കുന്നതുകൊണ്ടാണ് ദ്വീപിനോട് ബി.ജെ.പി പ്രതികാരം വീട്ടുന്നത്. ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍പോലും രാഷ്ട്രീയം കലര്‍ത്തുകയാണ്. ദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അഡ്്മിനിസ്‌ട്രേറ്ററെ പൊളിറ്റിക്കല്‍ അപ്പോയ്‌മെന്റ് ചെയ്തിരിക്കുന്നത്. ഇത്തരക്കാര്‍ നേരത്തെ ബി.ജെ.പിയുടെ സംഘടനാതലത്തില്‍ ഉണ്ടായിരുന്നവരാണ്. അഡ്്മിനിസ്‌ട്രേറ്ററുടെ ഓഫിസ് പാര്‍ട്ടി ഓഫിസ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നീതി പാലിക്കപ്പെടുന്നില്ല. ഇതിന്റേതായ ദോഷങ്ങള്‍ അനുഭവിക്കേണ്ടി വരാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."