ദുരന്തമുഖത്തുനിന്ന് രക്ഷപ്പെടുത്തിയത് 28,398 പേരെ, മഴക്കെടുതിയില്‍ ജില്ലയില്‍ മരണം 47
മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നു ഈ വര്‍ഷം മെയ് 29 മുതല്‍ ഇതുവരെ ഏഴ് താലൂക്കുകളിലായി 47 പേര് മരണപ്പെട്ടു. ഇന്നലെ മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കൂടുതല്‍ പേര് മരണപ്പെട്ടത് കൊണ്ടോട്ടി താലൂക്കിലാണ്. 13 പേരാണ് ഇവിടെ മരണപ്പെട്ടത്. തിരൂര്‍ രണ്ട്, ഏറനാട് 12, തിരൂരങ്ങാടി അഞ്ച്, പെരിന്തല്‍മണ്ണ രണ്ട്, പൊന്നാനി രണ്ട്, നിലമ്പൂര്‍ 11 എന്നിങ്ങനെയാണ് മരണം. ഒരാളെ കാണാതാവുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വിവിധ ഘട്ടങ്ങളിലായി 28,398 പേരെ അപകടത്തില്‍നിന്നു വിവിധ സേനാവിഭാഗങ്ങള്‍ രക്ഷപ്പെടുത്തി. 2057.92 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്.
116 വില്ലേജുകളിലായി 12.5 ലക്ഷം പേര് കെടുതി അനുഭവിക്കുന്നു. നിലമ്പൂര്‍ താലൂക്കിലെ ആകെയുള്ള 21 വില്ലേജുകളിലും പ്രളയക്കെടുതി ബാധിച്ചു. ഏറനാട് താലൂക്കിലെ 23 വില്ലേജിലും കൊണ്ടോട്ടി താലൂക്കിലെ 12 വില്ലേജുകളിലും പെരിന്തല്‍മണ്ണ താലൂക്കിലെ 13 വില്ലേജുകളിലും തിരൂരങ്ങാടി താലൂക്കിലെ 17 വില്ലേജുകളിലും തിരൂര്‍ താലൂക്കിലെ 19 വില്ലേജുകളിലും പൊന്നാനി താലൂക്കിലെ 11 വില്ലേജുകളിലും കാലവര്‍ഷം നാശം വിതച്ചു.
നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളില്‍ മണ്ണിടിച്ചിലുമുണ്ടായി. 540 വീടുകള്‍ പൂര്‍ണമായും 4,241 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 21.94 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ജീവികള്‍ക്ക് ജീവഹാനി സംഭവിച്ച ഇനത്തില്‍ 1.60 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 5256.28 ഹെക്ടറിലുണ്ടായ കൃഷി നാശത്തിലൂടെ വന്‍ നഷ്ടമാണ് ജില്ലയിലുണ്ടായത്.
ജില്ലയില്‍ 191 ദുരിതാശ്വാസ ക്യാംപുകള്‍ വരെ തുറക്കേണ്ടി വന്നു. ഇപ്പോള്‍ 13 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 485 കുടുംബങ്ങള്‍ താമസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."