പാലം നിര്‍മിക്കേണ്ടത് അത്താണി സില്‍ക്ക് നഗറിനു സമീപം; റോഡ് പൊളിച്ചത് മെഡിക്കല്‍ കോളജിന് മുന്നില്‍
വടക്കാഞ്ചേരി: അത്താണി മെഡിക്കല്‍ കോളജ് റോഡില്‍ സില്‍ക്ക് വളവില്‍ നിര്‍മിക്കേണ്ട പാലത്തിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ സ്ഥലം മാറി ഒരു കിലോ മീറ്റര്‍ അകലെ മുളങ്കുന്നത്ത്കാവ് നെഞ്ച് രോഗാശുപത്രിക്കു മുന്നില്‍ നടത്തിയത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു.
കഴിഞ്ഞ മാസത്തിലാണ് ഏതാനും തൊഴിലാളികള്‍ മണ്ണ് മാന്തി യന്ത്രവുമായെത്തി നെഞ്ച് രോഗാശുപത്രിക്കു മുന്നിലെ റോഡ് പൊളിക്കാനാരംഭിച്ചത്. ഇതോടെ മേഖലയിലെ ഓട്ടോ ടാക്‌സി തൊഴിലാളികളും വ്യാപാരികളുമൊക്കെ എന്താണ് സംഭവിക്കുന്നതെന്നു പോലും അറിയാതെ ആശ്ചര്യത്തിലായി.
ഇവര്‍ ഓടിയെത്തി എന്താണു കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ പാല നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്നായിരുന്നു തൊഴിലാളികളുടെ മറുപടി.
കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് സില്‍ക്ക് പരിസരത്തെ വളവില്‍ നിര്‍മിക്കേണ്ട പാലത്തിനാണ് മെഡിക്കല്‍ നെഞ്ച് രോഗാശുപത്രിക്കു മുന്നില്‍ റോഡ് പൊളിക്കുന്നതെന്നു മനസിലായത്. ഉടന്‍ തന്നെ തെറ്റുപറ്റിയ വിവരം തൊഴിലാളികളെ അറിയിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ തൊഴിലാളികള്‍ മണ്ണ് മാന്തി യന്ത്രവുമായി സ്ഥലം വിടുകയും ചെയ്തു. പൊളിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കുക പോലും ചെയ്യാതെയായിരുന്നു മടക്കം.
ഇപ്പോള്‍ നെഞ്ചുരോഗാശുപത്രിക്കു മുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ട് നാട്ടുകാര്‍ക്ക് ദുരിതക്കയമായി മാറി. പ്രദേശത്തെ റോഡും തകര്‍ച്ച ഭീഷണിയുടെ വക്കിലാണ്. വേനല്‍മഴയെത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്.
പ്രദേശത്തെ കാനകള്‍ അടഞ്ഞതും വെള്ളം ഒഴിഞ്ഞു പോകാന്‍ വഴിയില്ലാത്തതും പ്രതിസന്ധിയായി. ഇതോടെ റോഡരികിലൂടെ നടന്നു നീങ്ങുന്ന വഴിയാത്രക്കാരും നെഞ്ചുരോഗാശുപത്രിയിലേക്ക് പോവുന്ന രോഗികളും ദുരിതത്തിലായി.
വാഹനങ്ങള്‍ കലക്കി മറിച്ച ചെളിവെള്ളത്തിലൂടെയാണ് പലരുടെയും സഞ്ചാരം. അടുത്തിടെ റോഡിനു കുറുകെയുള്ള ഓവുചാലിന്റെ ഒരു വശം മാന്തിയിട്ട് മണ്ണു കൂട്ടിയതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയതായി നാട്ടുകാര്‍ പറയുന്നു.
രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള മലിനജലം നിറഞ്ഞ വെള്ളക്കെട്ട് മഴ പെയ്താല്‍ ഇനിയും കൂടുമെന്നും എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."