പി.വി.സിയെ രണ്ടര മണിക്കൂര്‍ ഉപരോധിച്ച് കാലിക്കറ്റില്‍ എസ്.എഫ്.ഐ സമരം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. പി മോഹനനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രണ്ടര മണിക്കൂര്‍ ഉപരോധിച്ചു. യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയം കഴിഞ്ഞിട്ടും എം.എസ്.എഫ്, കെ.എസ്.യു നേതൃത്വത്തിന്റെ ആവശ്യപ്രകാരം അവസരം നീട്ടി നല്‍കിയതില്‍ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
ഇന്നലെ വൈകിട്ട് മൂന്നരയോടെ പി.വി.സിയെ കണ്ട് നേതാക്കള്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വൈസ് ചാന്‍സലറും രജിസ്ട്രാറും ഡല്‍ഹിയിലായതിനാല്‍ തനിയ്ക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്ന് പി.വി.സി അറിയിച്ചു. ഇതിനു വഴങ്ങാതിരുന്ന വിദ്യാര്‍ഥികള്‍ പി.വി.സിയെ അദ്ദേഹത്തിന്റെ ചേംബറില്‍ ഉപരോധിക്കുകയായിരുന്നു. വൈകിട്ട് അഞ്ചരയായിട്ടും പ്രവര്‍ത്തകര്‍ ഉപരോധം തുടര്‍ന്നതോടെ തിരൂരങ്ങാടി സി.ഐ വി.ബാബുരാജിന്റെ നേതൃത്വത്തിലുള്ള പൊലിസെത്തി.
എസ്.എഫ്.ഐ സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പായതോടെ പി.വി.സി വി.സിയുമായി ഫോണില്‍ സംസാരിച്ച് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. ഇതോടെയാണ് ഉപരോധത്തിന് സമാപനമായത്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. ഷബീര്‍, സെക്രട്ടറി കെ. ശ്യാം പ്രസാദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിന്റോ ജോസഫ് എന്നിവര്‍ നേത്യത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."