മഷി മുതല്‍ മൊട്ടുസൂചി വരെ അവശ്യ സാധനങ്ങള്‍
ആലപ്പുഴ: തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തിലൂടെയാണങ്കിലും പോളിങ് സാമഗ്രികളില്‍ കൂടുതലും പേപ്പര്‍ അനുബന്ധ സാമഗ്രികള്‍. ഇ.വി.എം, കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ്, വിവി പാറ്റ് എന്നിവയാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്ന മെഷിനുകള്‍. ഇതുള്‍പ്പടെ 74 ഇനം സാമഗ്രികളുമായാണ് ഉദ്യോഗസ്ഥര്‍ ബൂത്തിലെത്തിയിട്ടുള്ളത്. കവറുകള്‍, രജിസ്റ്ററുകള്‍, വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പ്, വിരലില്‍ പുരട്ടാനുള്ള മഷി, വിവിധ ഫോറങ്ങള്‍, പെന്‍സില്‍, പേന, ബ്ലേഡ്, മെഴുകുതിരി തുടങ്ങി മൊട്ടുസൂചി വരെ നീളുന്നതാണ് ഈ 71 ഇനം.
വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഈ 74 ഇനവും ശേഖരിച്ച് എണ്ണിത്തിട്ടപ്പെടുത്തിയാണ് സംഘം പോളിങ് ബൂത്തിലേക്ക് പോയിട്ടുള്ളത്. യന്ത്രങ്ങള്‍ക്ക് പുറമേ 19 ഏറ്റവും പ്രധാനപ്പെട്ട സാമഗ്രികളില്‍ വോട്ടര്‍മാരുടെ രജിസ്റ്റര്‍, 1600 വോട്ടര്‍ സ്ലിപ്പ്, വോട്ടര്‍പ്പട്ടികയുടെ മാര്‍ക്കു ചെയ്ത കോപ്പി, സ്ഥാനാര്‍ഥിപട്ടിക, 20 ടെന്‍ഡര്‍ ബാലറ്റ് പേപ്പര്‍, രണ്ടു കുപ്പി മഷി തുടങ്ങിയവ ഇതിലുണ്ട്.
വിവി പാറ്റ് ഉപയോഗത്തിനായി മോക് പോള്‍ സ്ലിപ്പ്, കൈപ്പുസ്തകം, വിവി പാറ്റ് ഉപയോഗിച്ച് വോട്ടു ചെയ്യുന്നവിധം കാണിക്കുന്ന പോസ്റ്റര്‍ ഉള്‍പ്പടെ ഒമ്പതിനം സാമഗ്രികളും നല്‍കിയിട്ടുണ്ട്. വിവി പാറ്റിന്റെ പ്രിന്റിങിനെക്കുറിച്ച് സംശയമുണ്ടായാല്‍ ഉപയോഗിക്കുന്നതിനുള്ള ഡിക്ലറേഷന്‍ ഫോറവും ഇതിലുണ്ട്.
പെന്‍സില്‍ മുതല്‍ മൊട്ടുസൂചി വരെ 20 ഇനം സ്റ്റേഷനറി വസ്തുക്കളാണുള്ളത്. എട്ടുഷീറ്റ് വെള്ള പേപ്പര്‍, അരക്ക്, തീപ്പട്ടി, വോട്ടിങ് കമ്പാര്‍ട്ടുമെന്റ്, 20 മീറ്റര്‍ ടോയിന്‍ നൂല്‍, പിന്‍, റബര്‍ ബാന്‍ഡ്, സെല്ലോടേപ്പ് എന്നിവയിതില്‍പെടും. പോളിങ് പ്രദേശം കാണിക്കുന്ന പോസ്റ്റര്‍, സ്ഥാനാര്‍ഥി പട്ടിക, ചലഞ്ച് വോട്ട് പട്ടിക, ഏജന്റുമാരുടെ പ്രവേശന ഫോറം ഉള്‍പ്പടെ 18 ഇനം ഫോറങ്ങളാണ് മറ്റൊരു പ്രത്യേകത.
പച്ചനിറമുള്ള വലിയ കവര്‍ നിയമാനുസൃതമാണ്. മാര്‍ക്കു ചെയ്ത വോട്ടര്‍പട്ടിക, വോട്ടര്‍മാരുടെ രജിസ്റ്റര്‍, വോട്ടര്‍സ്ലിപ്പ്, ഉപയോഗിക്കാത്ത ടെന്‍ഡര്‍ ബാലറ്റ്, ഉപയോഗിച്ച ടെന്‍ഡര്‍ ബാലറ്റ് എന്നിവ പ്രത്യേകം കവറിലാക്കി പച്ചനിറത്തിലുള്ള ഈ വലിയ കവറിലാക്കി മുദ്ര വയ്ക്കും.
മഞ്ഞ നിറമുള്ള വലിയ കവര്‍ 12 ഇനം ചെറു കവറുകളും മറ്റുരേഖകളും ഇടാനുള്ളതാണ്. മൂന്നാമത്തെ വലിയ ബ്രൗണ്‍ പേപ്പര്‍ കവറില്‍ ഏഴിനം മറ്റിനങ്ങള്‍ കവറിലാക്കി മുദ്രവയ്ക്കാനുള്ളതാണ്. ബാക്കിയെല്ലാ സാധനങ്ങളും സാമഗ്രികളും ഇടനായി വലിയ നീല കവറും നല്‍കിയിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍ തുടങ്ങിയവ ഉള്‍പ്പടെ ദിശാസൂചകമായ ഒമ്പത് മറ്റു ബോര്‍ഡുകളും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനായി
777 വാഹനങ്ങള്‍
ആലപ്പുഴ: തെരഞ്ഞെടുപ്പിനായി ജില്ലയില്‍ ഉപയോഗിക്കുന്നത് ബോട്ടുകള്‍ ഉള്‍പ്പടെ 777 വാഹനങ്ങള്‍. 195 ബസുകള്‍, 60 മിനി ബസുകള്‍, കാറുകളും ജീപ്പുകളും ഉള്‍പ്പടെ 500 വാഹനങ്ങള്‍, 12 ബോട്ടും 10 സ്പീഡ് ബോട്ടും 36 ലോറിയും ഉള്‍പ്പടെയാണിത്. ഇതിനു പുറമെ ഭിന്നശേഷിക്കാരെ ബൂത്തുകളില്‍ എത്തിക്കാനായി 300 ഓട്ടോറിക്ഷകളും രംഗത്തുണ്ടാകും.
ജില്ലാ സാമൂഹിക നീതി ഓഫിസര്‍ സാബു ജോസഫിന്റെ നേതൃത്വത്തില്‍ ഇതിനായി ജില്ലാതലത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. ശിശു വികസന പ്രോഗ്രാം ഓഫിസര്‍മാര്‍ നോഡല്‍ ഓഫിസര്‍മാരായി നഗരസഭബ്ലോക്കു തലത്തില്‍ ഭിന്നശേഷിക്കാരെ ബൂത്തിലെത്തിക്കാന്‍ വാഹനസൗകര്യമൊരുക്കാന്‍ പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.
ജില്ലയില്‍ 5419 ഭിന്നശേഷി വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്. ഇതില്‍ ചലനശേഷി കുറഞ്ഞവര്‍ 2135ഉം കേഴ്‌വികുറഞ്ഞവര്‍ 1436ഉം കാഴ്ചശേഷി കുറഞ്ഞവര്‍ 713 ഉം മറ്റുള്ളവര്‍ 1135 ഉം ആണെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."