വാജ്പേയിയുടെ നിര്യാണം: അനുശോചന യോഗത്തില്‍ ബി.ജെ.പി മന്ത്രിമാരുടെ പൊട്ടിച്ചിരി
റായ്പൂര്‍: മുന്പ്രധാനന്ത്രി എ.ബി വാജ്പേയിയുടെ നിര്യാണത്തില്‍ അനുശോചിക്കാനായി ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പി മന്ത്രിമാരുടെ പൊട്ടിച്ചിരി സാമൂഹിക മാധ്യമങ്ങളില്‍ വന്‍ചര്‍ച്ചക്ക് വഴിവച്ചു. ഛത്തിസ്ഗഡിലെ കൃഷിമന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാളും ആരോഗ്യമന്ത്രി അജയ് ചന്ദ്രാര്ക്കറുമാണ് പൊട്ടിച്ചിരിക്കുകയും കമന്റുകള്‍ പറഞ്ഞ് മുന്നിലിരിക്കുന്ന മേശയില്‍ അടിക്കുകയും ചെയ്യുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സ്റ്റേജില്‍ ഇരുന്നുകൊണ്ട് ഇരുവരും കാണിക്കുന്ന തമാശക്കെതിരേ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
വാജ്പേയിയുടെ ചിതാഭസ്മം ഏറ്റുവാങ്ങി നടത്തിയ അനുശോചന യോഗത്തിലായിരുന്നു മന്ത്രിമാരുടെ തമാശ.
മന്ത്രി ചന്ദ്രാര്‍ക്കര്‍ നിലവിട്ട് മുന്നിലിരിക്കുന്ന മേശയില്‍ അടിക്കുന്നത് അദ്ദേഹത്തിന്റെ സമീപം ഇരുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ധര്മലാല് കൗശിക് തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം തട്ടിമാറ്റിയായിരുന്നു മന്ത്രിയുടെ പ്രകടനം. മുഖ്യമന്ത്രി രമണ്‍സിങ് വേദിയിലിരിക്കേയായിരുന്നു ഇത്.
സാമൂഹിക മാധ്യമങ്ങളില്‍ വന്ന ഈ പ്രകടനം കോണ്‍ഗ്രസ് വലിയ പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്. വാജ്പേയ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. അദ്ദേഹം മരിച്ചപ്പോഴും അതുതന്നെയാണ് ഉണ്ടായതെന്ന് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് നേതാവ് ശൈലേഷ് നിധിന് ത്രിവേദി ആരോപിച്ചു. ബി.ജെ.പി നേതാക്കള്‍ വാജ്പേയിയെ ആദരിച്ചിരുന്നെങ്കില്‍ ഇത്തരത്തിലുള്ള പ്രകടനം ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ ചിതാഭസ്മം ഏറ്റുവാങ്ങി നടത്തിയ പൊതുസമ്മേളനം തന്നെ ബി.ജെ.പിയുടെ നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."