ഇനി എത്രനാള്‍ കാത്തിരിക്കണം..!
മഞ്ചേരി: പി.എസ്.സിയുടെ അധ്യാപക നിയമന ശുപാര്‍ശ ലഭിച്ചിട്ടും നിയമനം ലഭിക്കാത്തതിലുള്ള അമര്‍ഷം വിദ്യാഭ്യാസ മന്ത്രിയോട് പങ്കുവെച്ച് ഉദ്യോഗാര്‍ഥികള്‍. ബുധനാഴ്ച രാത്രി മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വിഡിയോയിലാണ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. പി.എസ്.സിയുടെ ശുപാര്‍ശ ലഭിച്ചിട്ടും നിയമന ഉത്തരവ് ലഭിക്കാത്ത 1,500 പേരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും വിഡിയോയ്ക്ക് താഴെ പ്രതികരിച്ചു.
നിയമന ശുപാര്‍ശ ലഭിച്ചാല്‍ നൂറു ദിവസങ്ങള്‍ക്കകം നിയമനം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ 250 ദിവസം പിന്നിട്ടിട്ടും നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. പി.എസ്.സിയുടെ ശുപാര്‍ശ ലഭിച്ചതോടെ സ്വകാര്യ സ്‌കൂളുകളിലെ ജോലി വിട്ടവരാണ് എല്ലാവരും. നിയമനം അനിശ്ചിതത്വത്തിലായതോടെ ഇവരെല്ലാം സാമ്പത്തികമായും മാനസികമായും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു ഉദ്യോഗാര്‍ഥിയുടെ കമന്റ് ഇങ്ങനെ, 'കടിച്ചതും പിടിച്ചതും പോയി, ഇനി മന്ത്രിമാരുടെ ബന്ധുവെങ്കിലും ആവണം, എന്നാലെ രക്ഷയൊള്ളൂ'. ഇടത് അനുകൂലികളായ ഉദ്യോഗാര്‍ഥികള്‍ പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ വരെ വെളിപ്പെടുത്തിയാണ് പ്രതികരിച്ചത്.
കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ കയറിക്കൂടാന്‍ അഞ്ച് വര്‍ഷം, പി.എസ്.സിയുടെ ശുപാര്‍ശ ലഭിക്കാന്‍ ഒരു വര്‍ഷം, പിന്നെ ഏഴ് മാസവും പിന്നിട്ടു, ഇനി എത്ര നാള്‍ കാത്തിരിക്കണമെന്നാണ് ഒരു ഉദ്യോഗാര്‍ഥിയുടെ ചോദ്യം. കരാര്‍ അടിസ്ഥാനത്തില്‍ 2,685 പേര്‍ക്ക് ജോലി നല്‍കിയതോടെയാണ് പി.എസ്.സിയുടെ ശുപാര്‍ശ ലഭിച്ചിട്ടും നിയമനം ലഭിക്കാതെ പുറത്തുനില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിയുടെ അക്കൗണ്ടില്‍ കയറി പ്രതിഷേധം അറിയിച്ചത്. നിയമനം സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും സ്‌കൂള്‍ തുറന്നതിന് ശേഷം മാത്രമേ നിയമനം ഉണ്ടാവുകയുള്ളൂവെന്നാണ് മറുപടി ലഭിച്ചത്. ഓണ്‍ലൈന്‍ ക്ലാസ് തുടരുന്നത് സ്‌കൂള്‍ തുറന്നതിന് തുല്യമാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. നേരത്തെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത വിദ്യാലയങ്ങളില്‍ അധ്യാപകര്‍ എത്തണമെങ്കില്‍ നിയമനം നടക്കണം. പലയിടങ്ങളിലെയും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിലെ സംശയ നിവാരണത്തിന് അധ്യാപകരില്ല. അധ്യാപകരുടെ കുറവ് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമ്പോഴും നിയമന നടപടികള്‍ ആയിട്ടില്ല. നിയമനം വേഗത്തിലാക്കി ഇതിനു പരിഹാരം കാണണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."