പൂവിളിയും പൂക്കളവുമില്ലാതെ തിരുവോണം; ദുരിതാശ്വാസ ക്യാംപുകളില്‍ സര്‍ക്കാര്‍ ഓണസദ്യ വിളമ്പും
തിരുവനന്തപുരം: മഹാപ്രളയം വിഴുങ്ങിയ മണ്ണില്‍ പൂവിളിയും പൂക്കളവുമില്ലാതെ ഇന്നു തിരുവോണം. അത്തം പിറന്നതും മലയാളികള്‍ മറന്നു. എല്ലാവരും പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്കായി ഓടിനടക്കുകയാണ്.
അത്തം പിറന്ന ശേഷം പാതയോരങ്ങളിലും വീടുകളുടെ മുറ്റത്തും പതിവുള്ള പൂക്കളങ്ങളും ഇത്തവണ വിരിഞ്ഞില്ല. എന്തിനേറെ ഇന്നത്തെ സദ്യവട്ടങ്ങള്‍ ഒരുക്കാനും മറ്റുമായി ഉത്രാടപ്പാച്ചിലിനും ആരുമില്ലായിരുന്നു. നാടും നഗരവും ആളൊഴിഞ്ഞ മേളപ്പറമ്പുപോലെയായിരുന്നു ഇന്നലെ.
ചരിത്രത്തിലാദ്യമായാണു പൂക്കളവും ആഘോഷവും സദ്യവട്ടവുമില്ലാതെ കേരളം മാവേലിയെ വരവേല്‍ക്കുന്നത്. കര്‍ഷകര്‍ക്കും ഇത്തവണ കണ്ണീരോണമാണ്. ഓണത്തിനായി നട്ടുവളര്‍ത്തിയ കൃഷി മുഴുവനും പ്രളയം വിഴുങ്ങി. തെക്കന്‍ കേരളത്തിലും വിദേശത്തും അത്തപ്പൂക്കളമൊരുക്കാന്‍ പൂക്കളെത്തുന്ന പ്രധാന കേന്ദ്രമായ തോവാളയിലും ഇത്തവണ പട്ടിണി ഓണം തന്നെ. മലയാളക്കര മൊത്തം പ്രളയത്തില്‍ മുങ്ങിയതിനാല്‍ ഇവിടെനിന്നു പൂക്കള്‍ വാങ്ങാനും ആളില്ലാതായി.
കുടുംബങ്ങള്‍ ഒന്നിച്ചു തൂശനിലയില്‍ സദ്യ വിളമ്പി ആഘോഷപൂര്‍വം കൊണ്ടാടേണ്ടിയിരുന്ന ഇന്ന് എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കൊപ്പമായിരിക്കും മലയാളി ജനത. പല കുടുംബങ്ങളും ആര്‍ഭാട ഓണസദ്യ വേണ്ടെന്നുവച്ചു. ഇന്നു ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കു സഹായം എത്തിക്കും. മഹാദുരന്തത്തിനിരയായ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ലോകമലയാളികളും ഓണാഘോഷം ഒഴിവാക്കി അതിനു ചെലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രളയദുരിതം ആരംഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഓണാഘോഷം ഉപേക്ഷിച്ചിരുന്നു. പിന്നീടിതു മഹാപ്രളയമായി മാറി സംസ്ഥാനത്തെ ഒന്നടങ്കം മുക്കിക്കളയുകയും ജനങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഒഴുകുകയും ചെയ്തപ്പോള്‍ ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും സംഘടനകളും ഓണാഘോഷം ഒഴിവാക്കി. ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി മാതൃക കാട്ടി. സര്‍ക്കാര്‍ ഓഫിസുകളും സ്വകാര്യ കമ്പനികളും തങ്ങള്‍ നടത്തുന്ന ഓണത്തോടനുബന്ധിച്ചുള്ള സദ്യവട്ടങ്ങളും ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി.
അതേസമയം, മഹാപ്രളയത്തിനു മുന്നില്‍ വലിപ്പച്ചെറുപ്പവും ജാതിമത ഭേദങ്ങളും മറന്ന് ഒന്നിച്ചുനിന്ന് അസാമാന്യമായ മനക്കരുത്തു കൊണ്ട് ജീവിതം തിരിച്ചുപിടിക്കുന്ന ജനതയ്ക്ക് ഇന്നു സര്‍ക്കാര്‍ സദ്യവിളമ്പും.
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന 12 ലക്ഷം പേര്‍ക്കാണു സര്‍ക്കാര്‍ സദ്യ ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിനു നിര്‍ദേശം നല്‍കിയത്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പും ജില്ലാ കലക്ടര്‍മാരും നിറഞ്ഞമനസോടെ നിര്‍ദേശം ഏറ്റെടുത്തിരിക്കുകയാണ്. മുവ്വായിരത്തിലേറെ ക്യാംപുകളിലായാണ് ഇന്ന് ഓണസദ്യ ഒരുക്കുന്നത്.
വെള്ളമിറങ്ങാത്ത വീടുകളിലേക്കു മടങ്ങിപ്പോകാന്‍ കഴിയാത്തവരും വീടുകള്‍ തകര്‍ന്നു.
വാസയോഗ്യമല്ലാതായിത്തീര്‍ന്നവരുമാണ് ക്യാംപുകളില്‍ കഴിയുന്നവരില്‍ കൂടുതലും. കൂടാതെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളും കണ്ണീരോടെ ക്യാംപുകളില്‍ കഴിയുന്നു. കണ്ണീര്‍പ്രളയത്തില്‍ സമഭാവനയോടെ ഓണം ആഘോഷിച്ചു ദുരന്തബാധിതര്‍ക്കു മാനസികമായ കരുത്തുപകരുകയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സദ്യക്കുശേഷം വൈകിട്ട് ജനമൈത്രി പൊലിസിന്റെയും മറ്റും കലാ,സാംസ്‌കാരിക പരിപാടികളും ക്യാംപുകളില്‍ നടക്കും. പൊലിസിന്റെ ഓര്‍ക്കസ്ട്രയും സേനാംഗങ്ങളുടെ പാട്ടും സ്‌കിറ്റുമെല്ലാം അരങ്ങേറും. ദുരിതബാധിതരുടെ മാനസികമായ പിരിമുറുക്കം കുറയ്ക്കാനാണു കലാസന്ധ്യ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."