പൂക്കാലവും പൂവിളികളും
കര്‍ക്കിടക മഴകള്‍ കഴുകിയെടുത്ത കുന്നുകളില്‍ പൊന്‍വെയിലിനൊപ്പം തുമ്പികള്‍ പ്രത്യക്ഷപ്പെടുമ്പോഴാണ് ചിങ്ങം പിറന്നുവെന്ന് ഞങ്ങളറിയുക. ചിങ്ങം വരുന്നത് ഓണത്തുമ്പികളുടെ ചിറകിലേറിയാണെന്ന് ഞങ്ങള്‍ കരുതിയിരുന്നു. കാര്‍ഷികവൃത്തികള്‍ ഒരു സംസ്‌കാരത്തെത്തന്നെ നിയന്ത്രിച്ചിരുന്നതായിരുന്നു എന്റെ കുട്ടിക്കാലം. ഋതുഭാവങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ പ്രത്യക്ഷപ്പെട്ടിരുന്ന കാലം. പേമാരികളെ മനുഷ്യര്‍ ഭയക്കാതിരുന്ന കാലം. ജെ.സി.ബി വന്നു മാന്തിപ്പൊളിച്ചു വികൃതമാക്കാത്ത കുന്നുകള്‍ക്ക് മഴയെപ്പേടിക്കേണ്ട കാര്യമെന്ത്? ഒരു കുന്നും ഇടിഞ്ഞു താഴ്ന്നില്ല. അഭിമാനത്തോടെ അവ തല ഉയര്‍ത്തിനിന്നു. മടിശ്ശീലയില്‍ പണമില്ലെങ്കിലും ശരീരത്തില്‍ ആരോഗ്യം സമൃദ്ധമായിരുന്നു മനുഷ്യര്‍ക്ക്. ജനിച്ചുവളര്‍ന്ന ഏറനാടന്‍ ഗ്രാമത്തില്‍ ഒരു മാറാരോഗിയെപ്പോലും കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടില്ല. പേമാരിക്കൊപ്പം പനി വരും. ചിലപ്പോഴത് ആഴ്ചകളോളം നില്‍ക്കുകയും ചെയ്യും. കോരുവൈദ്യര്‍ക്ക് ശമിപ്പിക്കാനാവാത്ത ഒരു പനിയും ഉണ്ടായിരുന്നില്ല. പനിയെന്നത് ശരീരം ശുദ്ധീകരിക്കാനുള്ള സ്വാഭാവിക മാര്‍ഗ്ഗമെന്നു വിശ്വസിച്ച വൈദ്യന്മാരുടെ കാലമാണത്.
പഴയ കാര്‍ഷിക കേരളത്തില്‍ കര്‍ക്കിടകം വറുതിക്കാലം തന്നെയായിരുന്നു. കര്‍ക്കിടകത്തില്‍ പത്ത് വെയില്‍ എന്നൊരു കണക്കുണ്ട്. മഴയില്‍ കുതിര്‍ന്ന വൈക്കോല്‍ ഉണക്കാനുള്ള വെയിലാണത്. വറുതിക്കാലം അവസാനിക്കുന്നു എന്നതുകൊണ്ടാണ് ചിങ്ങത്തിന് ഇത്ര പ്രാധാന്യം കിട്ടിയത്. നെല്ലിനെ ആശ്രയിച്ചായിരുന്നു മലയാളിയുടെ ജീവിതം. മുഖ്യമായും നെല്ലിന്റെ വിളവെടുപ്പുകാലം കന്നിയും മകരവുമായിരുന്നു. കായല്‍ നിലങ്ങളില്‍ വേനല്‍ക്കാലത്ത് പുഞ്ചയും ഉണ്ടായിരുന്നു. കന്നിക്കൊയ്ത്ത് എന്നു പറയുമെങ്കിലും ചിങ്ങത്തില്‍ തന്നെ പല വയലുകളിലും കൊയ്ത്ത് ആരംഭിക്കും. പത്തായങ്ങള്‍ കാലിയായാല്‍ അന്നത്തിനു മുട്ടാവും. അപ്പോള്‍ നെല്ല് ശരിക്കും വിളയുന്നതിനു മുമ്പു കൊയ്‌തെടുത്തിരുന്നു. അത് വറുത്തു കുത്തിയാണ് അരിയാക്കുക. അങ്ങനെ ഒരു കാലവും മലയാളിക്കുണ്ടായിരുന്നുവെന്ന് മറക്കരുത്.
അത്തമെന്നത് ഓണത്തിന്റെ കൊടിയേറ്റമാണ്. അത്തം നാള്‍ തൊട്ടുവേണം മുറ്റത്ത് പൂക്കളമിടാന്‍. കേരളത്തില്‍ ഓണാഘോഷത്തിന്റെ ആരംഭം തൃക്കാക്കര ക്ഷേത്രത്തില്‍ നിന്നാണെന്നു വിശ്വസിക്കപ്പെടുന്നു. തൃക്കാക്കരയില്‍ അത്തച്ചമയം ഗംഭീരമായി ആഘോഷിച്ചു. വിഷ്ണുവിന്റെ പാദം സ്പര്‍ശിച്ചുകൊണ്ടാണ് ഓണത്തിന്റെ വരവ് എന്നു കരുതിയത് ജാതീയമായി ഉയര്‍ന്ന വിഭാഗക്കാരാണ്. തൃക്കാക്കര വിഷുണുക്ഷേത്രം സ്ഥാപിച്ചത് എ.ഡി എട്ടാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു. വിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയാണ് തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഓണം മിത്തിലെ കൗതുകകരമായ ഒരു തമാശയുമാണത്. വാമനമൂര്‍ത്തിയാണ് മഹാബലിയെ പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തിയത്. ഹിന്ദു ഗൃഹങ്ങളുടെ മുറ്റത്ത് അരിമാവുകൊണ്ടു കോലമെഴുതി അതിനു നടുവില്‍ പ്രതിഷ്ഠിക്കുന്ന തൃക്കാക്കരയപ്പന്‍ മഹാബലിയല്ല. വാമനമൂര്‍ത്തിയാണ്. പണ്ടുകാലത്ത് കീഴ്ജാതിക്കാരൊന്നും തൃക്കാക്കരപ്പനെവച്ച് പൂജിച്ചിരുന്നില്ല. സവര്‍ണഹിന്ദുത്വത്തിന്റെ ആചാരമായിരുന്നു അത്. എന്നാല്‍ ബ്രാഹ്മണ്യം ആധിപത്യം നേടുകയും ബ്രാഹ്മണ്യത്തിന്റെ അനുഷ്ഠാനങ്ങള്‍ ഹൈന്ദവ പൊതുബോധത്തെ കീഴ്‌പ്പെടുത്തുകയും ചെയ്തപ്പോള്‍ ബ്രാഹ്മണ്യത്തിന്റെ രീതികള്‍ കീഴ്ജാതിക്കാര്‍ക്കും സ്വീകാര്യമാവുകയായിരുന്നു. ഓണത്തിന്റെ മിത്ത് മഹാരാഷ്ട്രയിലുമുണ്ട്. അവിടെ അത് വലിയ ആഘോഷമല്ല എന്നേയുള്ളൂ. മഹാരാഷ്ട്രയിലെ സാത്താറ മേഖലയില്‍ മഹാബലിയുടെ രക്തസാക്ഷിത്വം ദലിതുകള്‍ ആചരിക്കുന്നു. ബ്രാഹ്മണരാവട്ടെ മഹാബലിയ്ക്കുമേലുള്ള വാമനമൂര്‍ത്തിയുടെ വിജയവും ആഘോഷിക്കുന്നു.
സംഘകാലം തൊട്ട് തമിഴകത്ത് ഓണത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. സംഘകാലത്തെ ഏറ്റവും വലിയ പട്ടണം മധുരയായിരുന്നു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയ്ക്കുമേല്‍ വിജയക്കൊടി നാട്ടിയ വാമനമൂര്‍ത്തിയെ ഓര്‍ത്തുകൊണ്ടായിരുന്നു തമിഴകത്തെയും ഓണാഘോഷം. അത്തം തൊട്ട് പത്താം നാളാണ് കേരളത്തില്‍ തിരുവോണം. എന്നാല്‍, പുരാതന തമിഴകത്ത് അത് ഏഴാം നാളിലായിരുന്നു. എ.ഡി ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പെരിയാഴ്‌വാര്‍ ഒരു ഗീതത്തില്‍ ഇങ്ങനെ കുറിയ്ക്കുന്നു; 'ഭഗവന്‍!, ഇന്നയ്ക്ക് ഏഴാം ദിവസമാണ് തിരുവോണം. യുവതികള്‍ മധുരശബ്ദത്തില്‍ പാടിയ പല്ലാണ്ട് ഗാനത്തോടുകൂടി ഉത്സവാഘോഷം ആരംഭിക്കുന്നു. അങ്ങയുടെ തിരുമുമ്പില്‍ അര്‍പ്പിക്കുന്നതിനുവേണ്ടി ചോറും മധുര ഫലങ്ങളും മറ്റു വിഭവങ്ങളും തയാറായിക്കഴിഞ്ഞിരിക്കുന്നു. നാളെ മുതല്‍ ഗോക്കളെ മേക്കാന്‍ നീ പൊയ്ക്കളയരുതേ. എന്റെ വീട്ടില്‍ തന്നെ വാണരുളി നിന്റെ മോഹനവേഷത്തില്‍ ഞങ്ങളെ സന്തുഷ്ടരാക്കേണമേ'. എന്നു വെച്ചാല്‍ ഇവിടെ ആരാധനമൂര്‍ത്തി കൃഷ്ണനാണ് എന്നര്‍ഥം. മഹാബലിയല്ല. ഹൈന്ദവ ഇടയഗോത്രങ്ങള്‍ക്ക് കൃഷ്ണനാണ് ദേവന്‍. എ.ഡി പത്താം നൂറ്റാണ്ടുവരേയും തമിഴകത്ത് ഓണാഘോഷം പ്രബലമായിരുന്നു. ഹൈന്ദവ ഭക്തിപ്രസ്ഥാനത്തിലെ പ്രധാന ആരാധനാബിംബമായ കൃഷ്ണന്‍ വിഷ്ണുവിന്റെ അവതാരവുമാണ്. ഓണാഘോഷത്തിന്റെ മഹാപാരമ്പര്യം കേരളത്തിലാണ് തുടര്‍ന്നത്. അങ്ങനെയാണ് മഹാബലിക്ക് പ്രാധാന്യം കിട്ടിയത്.
ഓണം കറകളഞ്ഞ കേരളീയാഘോഷമാണെന്നൊക്കെ പറയുമെങ്കിലും അതിന് ചരിത്രപരമായ സാധൂകരണമില്ല. ഓണവും കടലുതാണ്ടിവന്നതാണെന്ന് എന്‍.വി കൃഷ്ണവാരിയരും കേസരി ബാലകൃഷ്ണപിള്ളയുമൊക്കെ വിലയിരുത്തിയിട്ടുണ്ട്. പുരാതന അസീറിയയിലാണത്രെ ഓണാഘോഷം ആരംഭിച്ചത്. ബെല എന്ന ശബ്ദത്തോടെ പലരാജാക്കന്മാരും നിനേവയില്‍ പല കാലങ്ങളില്‍ ഭരണം നടത്തിയരുന്നു. ബെലയുടെ സംസ്‌കൃത രൂപമാണ് ബലി എന്നാണ് ഒരു ചരിത്ര വ്യാഖ്യാനം. അതായത് മഹാബലി കേരളത്തിലൊന്നുമല്ല ഭരിച്ചിരുന്നത് എന്നര്‍ഥം. അസീറിയന്‍ ബന്ധം എങ്ങനെ സംഭവിച്ചു എന്ന ചോദ്യമുണ്ട്. സിന്ധു നദീതടവാസികള്‍ ബാബിലോണിയക്കാരുമായി ബന്ധം പുലര്‍ത്തിയതിനു തെളിവുണ്ട്. അങ്ങനെയെങ്കില്‍ അസീറിയന്‍ ബന്ധത്തെക്കുറിച്ച് അത്ഭുതം വേണ്ട. അതുകൊണ്ടൊക്കെയാവണം സംഘ്പരിവാരം ഓണാഘോഷം ഏറ്റെടുക്കാത്തത്. അതു നന്നായി. ഓണമെങ്കിലും കാവിപ്പുതപ്പിനകത്ത് അകപ്പെടാതെ രക്ഷപ്പെട്ടല്ലൊ.
ഓണത്തിന്റെ ചരിത്രം എന്തുതന്നെ ആയാലും മലയാളിയുടെ അടയാളം തന്നെയായി അത് മാറി. ഓണത്തിന്റെ യഥാര്‍ഥ പകിട്ടറിയണമെങ്കില്‍ പ്രവാസലോകത്ത് തന്നെ പോണം. കേരളത്തില്‍നിന്നു വളരെ വിദൂരമാവുമ്പോള്‍ മലയാളികള്‍ ഓണത്തില്‍ ഒത്തുകൂടുകയും പരസ്പരം ആശ്ലേഷിച്ച് ആഹ്ലാദിക്കുകയും ചെയ്യും. ഇത് ഓണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പെരുന്നാളായാലും അത് അങ്ങനെത്തന്നെയാണ്. സമൂഹ നോമ്പുതുറകളുടെ കാര്യം തന്നെ നോക്കൂ. ഗള്‍ഫിലെ മാന്ദ്യവും മറ്റ് സാമ്പത്തിക പ്രയാസങ്ങളും വര്‍ധിച്ചപ്പോഴാണ് വ്യാപകമായി നോമ്പുതുറകള്‍ അവസാനിച്ചത്. മലയാളിയുടെ മതേതര പൈതൃകം മുന്നോട്ടുകൊണ്ട് പോയതില്‍ സമൂഹനോമ്പുതുറകള്‍ വലിയ പങ്കുവഹിച്ചു. മുസ്‌ലിം സഹോദരങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് നോമ്പെടുക്കുന്ന ധാരാളം ഇതരസമുദായക്കാരുണ്ട്. കേരളത്തിന്റെ ഏറ്റവും വലിയ സവിശേഷത മതബോധത്തിലെ സൗമ്യതയും സ്‌നേഹവും ആര്‍ദ്രതയുമാണ്. ഒരു മത തീവ്രവാദശക്തികള്‍ക്കും കേരളത്തെ കീഴ്‌പ്പെടുത്താന്‍ സാധിക്കാത്തത് അതുകൊണ്ടാണ്. കാലം ചെല്ലുന്തോറും ഓണം കൂടുതല്‍ കൂടുതല്‍ മതേതരമായി മാറുകയാണ്. ഹൈന്ദവ അടയാളങ്ങളും, മതപരമായ അനുഷ്ഠാനങ്ങളും ഓണത്തില്‍ നിന്നു മാഞ്ഞു പോകുന്നു. ഓണ വിപണിയില്‍ ജാതിമത വ്യത്യാസമില്ലാതെ ആളുകള്‍ സജീവമാവുന്നു. കൈത്തറിപോലുള്ള പരമ്പരാഗത വ്യവസായ മേഖലകള്‍ വലിയൊരളവ് ആശ്രയിക്കുന്നത് ഓണവിപണിയെയാണ്. ഈ മഹാമാരിക്കാലത്ത് അവരൊക്കെ ആശങ്കപ്പെടുന്നതും ഓണവിപണി മങ്ങിപ്പോയല്ലോ എന്നോര്‍ത്താണ്. കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് കര്‍ഷകര്‍ കാത്തിരിക്കുന്നതും ഓണവിപണി സജീവമാവാനാണ്. മലയാളിയുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കാന്‍ വേണ്ടി മാത്രം പൂക്കള്‍ കൃഷിചെയ്യുന്ന കര്‍ഷകരുണ്ട്. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും.
ഓണം, നമ്മുടെ സംസ്‌കൃതിക്കു നല്‍കിയ ഏറ്റവും വലിയ സൗന്ദര്യാനുഭവം മതത്തിന്റെ അടയാളം പേറാത്ത പൂക്കളമാണ്. 'ഞാന്‍ പ്ലാശുമരത്തോട് പറഞ്ഞു. സഹോദരീ ദൈവത്തെക്കുറിച്ച് എന്തെങ്കിലും പറയുക. ഉടന്‍ പ്ലാശുമരം പുഷ്പിച്ചു'വെന്ന് കസാന്‍സാക്കീസ് തന്റെ ഒരു നോവലിന്റെ ആമുഖത്തില്‍ കുറിച്ചുവച്ചിട്ടുണ്ട്. പ്രകൃതിയുടെ വരദാനമാണ് പൂക്കള്‍. പല വര്‍ണങ്ങളില്‍ പല ഗന്ധങ്ങളില്‍ നിറയുന്ന ദൈവാനുഭവം. അതിനാല്‍ പൂക്കളെ നിഷ്‌കളങ്കമായി പ്രാര്‍ഥനാപൂര്‍വം സ്പര്‍ശിക്കണം. ഓണപ്പൂക്കളത്തില്‍ ചേരുന്നത് ഒരുമയുടെ നിറങ്ങളാണ്. ഏഴ് നിറങ്ങള്‍ ചേരുമ്പോള്‍ വെളുപ്പ് എന്ന ഏക സത്യമാണ് ഉണ്ടാവുകയെന്ന് ശാസ്ത്രം പഠിപ്പിച്ചിട്ടില്ലേ. അത് തന്നെയാണ് നാനാത്വത്തിന്റെ ഏകത്വവും. രാജ്യത്ത് പെരുകിവരുന്ന വംശീയതയെ ഈ ഏകത്വം കൊണ്ടാണ് നമ്മള്‍ ചെറുക്കേണ്ടത്. എല്ലാമത വിഭാഗക്കാരും പങ്കെടുക്കുന്ന ഓണപ്പൂക്കളത്തിനു വലിയ പ്രചാരം കിട്ടിക്കഴിഞ്ഞു. പോയ രണ്ട് വര്‍ഷം പ്രളയം കൊണ്ടാണ് ഓണത്തിന് മങ്ങലേറ്റത്. ഇത്തവണ മഹാമാരികൊണ്ടും. ഒന്നിച്ചുനിന്ന് നാം ഈ വിപത്തുകളെ ഒക്കെ നേരിടും. സുപ്രഭാതത്തിന്റെ എല്ലാ വായനക്കാര്‍ക്കും എന്റെ ഹൃദ്യമായ ഓണാശംസകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."