ദുരിതങ്ങളുടെ പച്ചക്കടല്‍
കണ്ണന്‍ദേവന്‍ മലനിരകള്‍. പച്ചപ്പില്‍ കുളിച്ച് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍. മനോഹര കാഴ്ചകളുടെ പച്ചക്കടല്‍. ഉയരം കൂടുംതോറും ചായക്ക് കടുപ്പം കൂടുന്ന നാട്. തേയിലയുടെ കടുപ്പം പോലെയാണ് മൂന്നാറിലെയും പീരുമേട്ടിലെയും വയനാട്ടിലെയും തോട്ടം തൊഴിലാളികളുടെ ജീവിതം. ഒറ്റമുറി ലയങ്ങളുടെ തണലില്‍ നാലു തലമുറകളായി ഒരേ ജീവിതം തന്നെ നയിക്കുന്നവര്‍. നിറമില്ലാത്ത ജീവിതങ്ങള്‍. പുലര്‍ക്കാലം മുതല്‍ സന്ധ്യമയങ്ങും വരെ മഴയും മഞ്ഞും വെയിലുമേറ്റ് തളിരിലകളില്‍ ജീവിതം സ്വപ്‌നം കണ്ടു അധ്വാനിക്കുന്ന ജനത. ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോഴും ഇവരുടെ ജീവിതത്തിന് മാത്രം നിറമില്ല. തമിഴകത്ത് നിന്നും നൂറ്റാണ്ടു മുന്‍പ് ആട്ടിത്തെളിച്ചു കൊണ്ടുവന്നതാണ് തൊഴിലാളികളെ. അവരില്‍ നിന്നു തന്നെ കങ്കാണിമാര്‍ സൃഷ്ടിക്കപ്പെട്ടു. ബ്രിട്ടീഷുകാര്‍ മലയിറങ്ങി പോയിട്ടും സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചം തേയിലത്തോട്ടങ്ങളില്‍ വീശി തുടങ്ങിയിട്ടില്ല. കങ്കാണിമാരുടെ രൂപം മാറി. അവകാശ സംരക്ഷണത്തിന് രൂപമെടുത്ത തൊഴിലാളി സംഘടനകളുടെ നായകരില്‍ പുരോഗമന കാലത്തെ കങ്കാണിമാരെ കാണാം. തൊഴിലാളികള്‍ക്കിടയില്‍ നിന്നും എം.എല്‍.എയും ജനപ്രതിനിധികളും ഉണ്ടായി. തൊഴിലാളികള്‍ക്കിടയില്‍ നിന്നു നിയമസഭയുടെ പടികടന്നെത്തിയവരുണ്ട്. എസ്റ്റേറ്റ് ലയത്തില്‍ ജനിച്ചു വളര്‍ന്ന ജി. വരദന്‍, എസ്. സുന്ദരമാണിക്യം, എ.കെ മണി, എസ്. രാജേന്ദ്രന്‍. ഒരു മുറിയും അടുക്കളയും ഉള്ള ലയങ്ങളില്‍ നിന്നാണ് ഇവരെല്ലാം നിയമസഭയില്‍ എത്തിയത്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ ഇവര്‍ക്കും കഴിഞ്ഞില്ലെന്നത് ചരിത്രം. എം.എല്‍.എ ആയിരിക്കുമ്പോഴും ജി. വരദന്‍ എസ്റ്റേറ്റ് ലയത്തില്‍ തന്നെ താമസിച്ചു. എം.എല്‍.എമാരായ മറ്റുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സ്വന്തം വീടുകളുമായി. മാറ്റമില്ലാതെ തുടരുന്നത് തൊഴിലാളികളുടെ ജീവിതം മാത്രം.
ഒറ്റമുറികളിലെ ജീവിതങ്ങള്‍
തേയിലത്തോട്ടങ്ങളുടെ താഴ്വാരങ്ങളില്‍ വെള്ളയും പച്ചയും മഞ്ഞയുമൊക്കെ ചായം പൂശിയ തൊഴിലാളി ലയങ്ങളില്‍ നാലു തലമുറയാണ് ജീവിച്ചു തീര്‍ക്കുന്നത്. സ്വന്തമായി ഭൂമിയും തലചായ്ക്കാന്‍ ഇടവുമില്ലാത്തവര്‍ തലമുറകളായി കൈമാറുന്ന അവകാശം. അച്ഛനും അമ്മയും ഭാര്യയും ഭര്‍ത്താവും മക്കളും മരുമക്കളുമൊക്കെയായി ലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട ജീവിതങ്ങള്‍. ലയങ്ങളുടെ ചുവരുകളില്‍ തൂങ്ങുന്ന ചിത്രങ്ങളില്‍ കാണാം പോയകാലത്തെ ചുവരെഴുത്തുകള്‍. പഴയ കാലത്തു നിന്നു ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ലയങ്ങളില്‍ സംഭവിച്ചത്. ഒരു മുറിയും അടുക്കളയും എന്നതില്‍ നിന്നു ഹാള്‍ വിഭജിച്ച് ഒരു മുറികൂടി കൂട്ടിയെടുത്തു എന്നത് മാത്രമാണ് കണ്ണന്‍ദേവന്‍ കമ്പനിയില്‍ സംഭവിച്ച നൂറ്റാണ്ടിന്റെ മാറ്റം. മറ്റൊരു മുറി കൂടി നിര്‍മിച്ചു നല്‍കണമെന്ന തീരുമാനം നടപ്പാവാതെ കിടക്കുന്നു. തുച്ഛമായ വരുമാനത്തില്‍ നിന്നു മിച്ചം പിടിച്ചു പുതിയ തലമുറയെ വിദ്യാസമ്പന്നരാക്കിയത് മാത്രമാണ് അവരുടെ വലിയ സമ്പത്ത്. അതുകൊണ്ടു തന്നെ ഐ.എ.എസുകാരും ഐ.പി.എസുകാരും ജനിച്ചു. ചിറ്റൂരിലെയും മൂന്നാറിലെയും സര്‍ക്കാര്‍ കോളജുകളുടെ പ്രിന്‍സിപ്പല്‍മാരും ചെന്നൈ ലയോള കോളജിലെ ഡീനുമൊക്കെ ആയി ലയങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് പഠിച്ചു മുന്നേറാന്‍ പലര്‍ക്കുമായി.
തൊഴിലാളിയെന്ന മുതലാളി
മൂന്നാറിലെ തോട്ടങ്ങള്‍ തൊഴിലാളികളുടേത് കൂടിയാണ്. ഓരോ തൊഴിലാളിയും മുതലാളിയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഷെയര്‍ഹോള്‍ഡര്‍മാര്‍. തോട്ടങ്ങള്‍ നത്താനാവില്ലെന്നു വന്നതോടെ കുത്തക മുതലാളി തൊഴിലാളികള്‍ക്ക് നടത്തിപ്പവകാശം വിട്ടുനല്‍കി. പ്ലാന്റേഷന്‍ ലേബര്‍ ആക്ട് അനുസരിച്ച് തൊഴിലാളികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ട ചുമതല തോട്ടം ഉടമകള്‍ക്കാണ്. മുതലാളിയെന്ന് രേഖകള്‍ പറയുന്ന മൂന്നാറിലെ തൊഴിലാളികള്‍ ലയങ്ങളിലെ കുടുസുമുറികളില്‍ തന്നെ ജീവിതം ഹോമിക്കുന്നു. തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചുമതല തോട്ടം ഉടമകളുടേതായതിനാല്‍ സര്‍ക്കാരുകള്‍ അവരുടെടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കാര്യമായൊരു ഇടപെടലും നടത്താറില്ല.
മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ കൈയേറ്റക്കാരായിരുന്നില്ല. പുറത്തു നിന്നെത്തിയ റിസോര്‍ട്ട്, റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ കണ്ണന്‍ദേവന്‍ മലനിരകളുടെ അടിവേരിളക്കി ഭരണ രാഷ്ട്രീയ പിന്‍ബലത്തില്‍ ഭൂമിയില്‍ അവകാശം ഉറപ്പിച്ചപ്പോഴും തൊഴിലാളികള്‍ കൈയേറ്റക്കാരായില്ല. ഒരു പിടിമണ്ണ് പോലും സ്വന്തമായി അവകാശപ്പെടാനില്ലാത്ത ജനതയായി തോട്ടം തൊഴിലാളികള്‍ മാറി. സാധാരണക്കാരന്റെ കിടപ്പാടമെന്ന സ്വപ്നങ്ങള്‍ക്ക് മിഴിവേകിയ മൈത്രി, ഇ.എം.എസ്, ലൈഫ്, പി.എം.എ.വൈ, ഇന്ദിര ആവാസ് യോജന ഭവനനിര്‍മാണ പദ്ധതികളെല്ലാം ഉണ്ടെങ്കിലും അപൂര്‍വം ചിലര്‍ക്കൊഴിച്ചാല്‍ മൂന്നാറിലെ ഭൂരിപക്ഷം തൊഴിലാളികളും ഇവയുടെയെല്ലാം പിന്നാമ്പുറത്താണ്. പട്ടികജാതി വികസന വകുപ്പ് നടപ്പാക്കിയ ഭൂരഹിത ഭവനരഹിത പദ്ധതികളും തോട്ടം തൊഴിലാളികള്‍ക്ക് ആശ്വാസമേകിയില്ല. തലമുറകളായി ഒരു തുണ്ട് ഭൂമിയില്ലാതെ മൂന്നാറിലെ ഭൂരിപക്ഷം തോട്ടം തൊഴിലാളികളും ലയങ്ങളില്‍ നിന്നു മോചനം കിട്ടാതെ കഴിയുന്നു. തേയില തോട്ടങ്ങള്‍ക്ക് പുറത്ത് സ്വകാര്യഭൂമി ഉള്ളത് കൊണ്ടുമാത്രം പീരുമേട്ടിലെയും വയനാട്ടിലെയും തൊഴിലാളിള്‍ക്ക് സ്വന്തമായി വീടുണ്ടാക്കാനായി.
പശുവായി ജനിച്ചിരുന്നെങ്കില്‍
കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഭൂമിയില്‍ ഒരു പശുവായി ജനിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നവരാണ് മൂന്നാറിലെ മനുഷ്യര്‍. കണ്ണന്‍ ദേവനിലെ പശുക്കള്‍ 18 സെന്റ് വീതം ഭൂമിയുടെ അവകാശികളാണ് എന്നത് തന്നെ കാരണം. പശുക്കള്‍ക്ക് നല്‍കുന്ന പ്രാധാന്യം പോലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. 58 വയസ് പൂര്‍ത്തിയാല്‍ ലയങ്ങളില്‍ നിന്നു തൊഴിലാളി പടിയിറങ്ങണം. ഭര്‍ത്താവ് ജോലിയില്‍ നിന്നു പിരിഞ്ഞാല്‍ ഭാര്യയുടെ പേരിലേക്ക് മാറും. ഭാര്യ പിരിയുമ്പോള്‍ തോട്ടത്തില്‍ കൊളുന്ത് നുള്ളാനും തേയില ഫാക്ടറിയില്‍ പണിയെടുക്കാനും അടുത്ത തലമുറയുണ്ടെങ്കില്‍ വീണ്ടും ലയങ്ങളില്‍ തുടരാം. ഒരു തൊഴിലാളിയും ആഗ്രഹിക്കുന്നതല്ല സംഭവിക്കുന്നത്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി നല്ല ജോലിക്ക് അയക്കാന്‍ മോഹിക്കുന്നവരാണ് ലയങ്ങളില്‍ തളച്ചിടപ്പെട്ട മാതാപിതാക്കള്‍. ലയങ്ങളില്‍ നിന്ന് പുറത്തായാല്‍ തെരുവിലേക്കിറങ്ങണം. മക്കളെ തേയിലത്തോട്ടം തൊഴിലാളികളാക്കുകയല്ലാതെ മറ്റുമാര്‍ഗമില്ല. തെരുവിലേക്ക് എറിയപ്പെടുന്നതില്‍ നിന്നും രക്ഷതേടുന്ന തൊഴിലാളിയുടെ ഈ ഭീതിയിലാണ് തോട്ടം ഉടമകളുടെയും തൊഴിലാളി യൂനിയനുകളുടെയും നേതാക്കളുടെയും നിലനില്‍പ്പ്. 1877 ല്‍ തുടങ്ങി 1964ല്‍ ഭാഗികമായി മാത്രം അവസാനിച്ച വൈദേശികാധിപത്യം. 1983ല്‍ പൂര്‍ണമായും വൈദേശിക കമ്പനികള്‍ തോട്ടങ്ങളില്‍ നിന്നു പടിയിറങ്ങിയപ്പോള്‍ സ്വദേശികളായ കുത്തക ഭീമന്മാരുടെ കടന്നുവരവായി. കുത്തക മുതലാളിത്വവും വൈദേശികരെ പോലെ തൊഴിലാളി ജീവിതങ്ങളെ അടിമകളായി തന്നെ കണ്ടു.
ചിതലരിച്ച ജീവിതങ്ങള്‍
കണ്ണന്‍ദേവന്‍ മലനിരകളില്‍ നിന്നു പീരുമേട്ടിലെ തേയിലത്തോട്ടങ്ങളിലേക്ക് എത്തുമ്പോഴും സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. നഷ്ടങ്ങളുടെ പേരില്‍ ഉടമകള്‍ ഉപേക്ഷിച്ചു പോയ തോട്ടങ്ങളാണേറെയും. ചെയ്യുന്ന ജോലിക്ക് കുറഞ്ഞ കൂലി പോലും കൃത്യമായി നല്‍കാത്ത തോട്ടം ഉടമകള്‍. അസ്ഥിപഞ്ജരം മാത്രമായ തേയില ഫാക്ടറികള്‍. ചിതലരിച്ച മേല്‍ക്കൂരകള്‍ക്ക് കീഴേ ദുര്‍ബലമായ ഭിത്തികള്‍ക്ക് നടുവില്‍ ദ്രവിച്ച വാതിലുകളുടെ 'ഉറപ്പില്‍' സുരക്ഷിതമല്ലാത്ത ജീവിതം നയിക്കുന്ന ഒരു പറ്റം തോട്ടം തൊഴിലാളികള്‍. ഓരോ വര്‍ഷകാലവും ഈ തൊഴിലാളികളുടെ നെഞ്ചില്‍ തീ കോരിയിടുന്നു. ഉടമ ഉപേക്ഷിച്ച് പോയ പീരുമേട് ടീ കമ്പനിയുടെ ചീന്തലാര്‍, ലോണ്‍ട്രി തോട്ടങ്ങള്‍. എം.എം.ജെ പ്ലാന്റേഷന്‍സിന്റെ ബോണാമി, കോട്ടമല എസ്റ്റേറ്റുകള്‍. ഈ തോട്ടങ്ങളിലെ ലയങ്ങളുടെ കാഴ്ചകള്‍ മതി തൊഴിലാളി ജീവിതങ്ങളുടെ നിറം എന്തെന്ന് തിരിച്ചറിയാന്‍. മഴക്കാലം എത്തുമ്പോള്‍ ഇടിഞ്ഞുവീഴാറായ ലയങ്ങളില്‍ നിന്നും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനായി തൊഴില്‍ വകുപ്പ് കണക്കെടുക്കാറുണ്ട്. ഈ കണക്കെടുപ്പിനായി മാത്രമാണ് തൊഴില്‍ ഉദ്യോഗസ്ഥര്‍ ലയങ്ങളിലേക്ക് എത്തുന്നത്. വിനോദസഞ്ചാര കേന്ദ്രമായ വാഗമണില്‍ എം.എം.ജെ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി തുകയ്ക്ക് പകരം ഭൂമി നല്‍കിയിരുന്നു. തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി യൂനിയന്‍ നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരായി ലക്ഷങ്ങള്‍ കൊയ്തു. ഒരു തൊഴിലാളിക്കും വാഗമണില്‍ ഭൂമിയില്ല. പീരുമേട്ടിലെ മറ്റു തോട്ടങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഹോപ് പ്ലാന്റേഷനില്‍ നിന്നും ആര്‍.ബി.ടി കമ്പനിയില്‍ നിന്നും നിയമപരമായല്ലാതെ കൈമാറ്റം ചെയ്യപ്പെട്ടു ബഥേല്‍ പ്ലാന്റേഷന്‍സ് ഏറ്റെടുത്ത് നടത്തുന്ന തേയിലത്തോട്ടങ്ങള്‍. ഇവിടങ്ങളിലും വിളയുന്നത് ദുരിതങ്ങള്‍ മാത്രമാണ്. ജോലിയില്‍ നിന്നു പിരിഞ്ഞു 15 വര്‍ഷമായിട്ടും ഗ്രാറ്റുവിറ്റി ലഭിക്കാതെ ഇപ്പോഴും ലയങ്ങളില്‍ ദുരിത ജീവിതം നയിക്കുന്ന നിരവധി തൊഴിലാളികളുണ്ട്. 2002 ഒക്ടോബര്‍ ഏഴിന് റാം ബഹദൂര്‍ ഠാക്കൂര്‍ (ആര്‍.ബി.ടി) കമ്പനിയുടെ പശുമല എസ്റ്റേറ്റ് ഒന്നാം ഡിവിഷനിലെ ലയത്തില്‍ ഒരു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഒരുമുഴം കയറില്‍ ജീവനൊടുക്കിയിരുന്നു. വേളാങ്കണ്ണിയെന്ന ആ പെണ്‍കുട്ടിയുടെ ജീവത്യാഗം വേണ്ടി വന്നു തേയിലത്തോട്ടങ്ങളിലെ ദുരിതകാഴ്ചകളിലേക്ക് അധികാരവര്‍ഗങ്ങളുടെ കണ്ണുപതിയാന്‍. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ഭരണാധികാരികളുടെ വാഗ്ദാനങ്ങള്‍ക്കൊന്നും തൊഴിലാളിയുടെ വയറുനിറയ്ക്കാനായില്ല. ലയങ്ങളിലെ ദുരിത ജീവിതം മാറ്റമില്ലാതെ തുടരുന്നു.
ജഡാവസ്ഥയില്‍ ഹൗസിങ്
അഡൈ്വസറി ബോര്‍ഡ്
ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ് തോട്ടം തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി രൂപം കൊണ്ട കേരള പ്ലാന്റേഷന്‍ ഹൗസിങ് അഡൈ്വസറി ബോര്‍ഡ്. തൊഴില്‍ മന്ത്രിയാണ് സമിതിയുടെ അധ്യക്ഷന്‍. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി യൂനിയനുകളും തോട്ടം ഉടമകളും ഉള്‍പ്പെട്ട ബോര്‍ഡ്. തൊഴിലാളികള്‍ക്ക് രണ്ടു മുറിയും ഹാളും അടുക്കളയും കക്കൂസും കുളിമുറിയും ഉള്‍പ്പെട്ട വീടുകള്‍ നിര്‍മിച്ചു നല്‍കാനും ആവശ്യമായ ഭൂമി തോട്ടങ്ങളില്‍ നിന്നു തന്നെ കണ്ടെത്താനും തീരുമാനം എടുത്തിരുന്നു. ഒന്നും നടന്നില്ല. 2017 ജൂലൈ 30 ന് ആണ് അവസാനമായി ബോര്‍ഡ് യോഗം ചേര്‍ന്നത്. നിരവധി തീരുമാനങ്ങള്‍ എടുത്തിരുന്നു. ഗ്രാറ്റുവിറ്റി വാങ്ങി നിരവധി തൊഴിലാളികള്‍ പിരിഞ്ഞു പോയതിനാല്‍ ലയങ്ങളിലെ രണ്ട് മുറികള്‍ ഒരു കുടുംബത്തിന് അനുവദിക്കുമെന്നായിരുന്നു ഒരു തീരുമാനം. ഉടമകള്‍ തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചതും. ഇതു നടപ്പാക്കാനായി തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി. ഒന്നും നടന്നില്ലെന്നതിന് തെളിവാണ് തോട്ടങ്ങളിലെ പഴയ അവസ്ഥയ്ക്ക് മാറ്റമില്ലെന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും നടപ്പാക്കിയ തീരുമാനങ്ങള്‍ വിലയിരുത്താനുമായി മൂന്ന് മാസത്തില്‍ ഒരിക്കല്‍ യോഗം ചേരേണ്ടതാണ് ബോര്‍ഡ്. മൂന്ന് വര്‍ഷം പിന്നിട്ടിട്ടും യോഗം നടന്നില്ലെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."