97ാം വയസിലും ചുറുചുറുക്കോടെ സരസമ്മ വോട്ടുചെയ്ത് മടങ്ങി
തിരുവനന്തപുരം: 97ാം വയസിലും തന്റെ സമ്മതിദാനം രേഖപ്പെടുത്താന്‍ ചുറുചുറുക്കോടെ സരസമ്മ എത്തിയത് കഴക്കൂട്ടത്തിന് പുതിയൊരു അനുഭവമായി.
കഴക്കൂട്ടം മണ്ഡലത്തിലെ ഏറ്റവും പ്രായം ചെന്ന വോട്ടര്‍ന്മാരില്‍ ഒരാളാണ് സരസമ്മ. പൊന്നമ്മച്ചിയെന്നു വിളിക്കുന്ന സരസമ്മ ആറ്റിന്‍കുഴി ഗവ. എല്‍.പി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് വോട്ടു ചെയ്യാനെത്തിയത്. മൂന്ന് തലമുറയാണ് സരസ്സ മ്മയെ അനുഗമിച്ചത്. നാളിതു വരെയും നാടിനോടുള്ള തന്റെ കടമ നിര്‍വഹിക്കാന്‍ യാതൊരു മടിയും ഈ അമ്മ വരുത്തിയിട്ടില്ല.
തന്റെ മകളായ രാധ രവീന്ദ്രന്‍, രാധയുടെ മകള്‍ സംഗീത, സംഗീതയുടെ മകള്‍ തീര്‍ത്ഥ എന്നിവരോടൊപ്പമാണ് സരസമ്മ എത്തിയത്. കന്നി വോട്ടറും പേരക്കുട്ടിയുമായ തീര്‍ത്ഥയോടൊപ്പം വോട്ടിടാനെത്തിയത് ജീവിതയാത്രയിലെ ഏറ്റവും വലിയ ഭാഗ്യമായാണ് സരസ്സമ്മ കാണുന്നത്. ആദ്യമേ വോട്ടു ചെയ്ത ശേഷം മക്കളെയും ചെറുമക്കളെയും പോളിങ് ബൂത്തിനു പുറത്തെ മാവിന്‍ ചുവട്ടിലെ തണലില്‍ കാത്തിരിക്കേ മുത്തശ്ശിക്ക് മാങ്ങ തിന്നാനും മോഹം പൂത്തത് നടപ്പിലാക്കാന്‍ അവിടുണ്ടായിരുന്നവര്‍ മറന്നില്ല.
തന്റെ ഒരുവോട്ട് നാടിനും തന്റെ പാര്‍ട്ടിയുടെ വിജയത്തിനും ഉപകാരപ്പെടട്ടെയെന്ന പ്രാര്‍ത്ഥനയോടെ തനിക്ക് ലഭിച്ച മാങ്ങയുമായി സരസ്സമ്മ വീട്ടിലേക്ക് മടങ്ങി ഇനിയും വോട്ട് ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."