ദുരിതാശ്വാസ രക്ഷാദൗത്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ചാരിതാര്‍ഥ്യത്തില്‍ ദാമോദര്‍
പെരിന്തല്‍മണ്ണ: പ്രളയ ദുരിതാശ്വാസ ദൗത്യപ്രവര്‍ത്തങ്ങള്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രങ്ങളുമടക്കമുള്ള അത്യാവശ്യ വസ്തുക്കള്‍ എത്തിക്കുന്ന പ്രവര്‍ത്തനം ഏകോപിപ്പിച്ചവരില്‍ ജില്ലക്കാരനും. കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) പ്രസിഡന്റ് കൂടിയായ ദാമോദര്‍ അവണൂരാണ് രക്ഷാദൗത്യ പ്രവര്‍ത്തനങ്ങള്‍ ഏകോപി പ്പിച്ചത്. വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരമായിരുന്നു പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശിയായ യുവാവിന്റെ സന്നദ്ധസേവനം.
ആനമങ്ങാട്ടെ തന്റെ ഓഫിസിലിരുന്ന് വാട്‌സ് ആപ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമാണ് ഇദ്ദേഹം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ദുരിതബാധിത പ്രദേശങ്ങള്‍, ദുരിതാശ്വാസ ക്യാംപുകള്‍ എന്നിവിടങ്ങളിലേക്കുമുള്ള അത്യാവശ്യ സാധനങ്ങള്‍ എത്തിക്കുന്ന ദൗത്യം ഏറ്റെടുക്കാന്‍ 16നാണ് വ്യവസായ മന്ത്രാലയം ദാമോദര്‍ അവണൂരിനോട് ആവശ്യപ്പട്ടത്.
വ്യവസായ മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എളങ്കോവന്‍, സെക്രട്ടറി സഞ്ജയ് കോള്‍, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ ഡോ. ബീന, ഡയറക്ടര്‍ കെ. ബിജു എന്നിവരാണ് ദാമോദര്‍ അവണൂരിനെ ചുമതലപ്പെടുത്തിയത്.
ആനമങ്ങാട്ടെ ഓഫിസിലിരുന്നാണ് ദാമോദരന്‍ പ്രര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 17ന് വയനാട്, പാലക്കാട്, തൃശൂര്‍, എറണാംകുളം, ഇടുക്കി ജില്ലകളില്‍ 20,000 പേര്‍ക്ക് ഭക്ഷണമെത്തിച്ചു. വിവിധ ജില്ലകളിലെ ക്യാംപുകളില്‍ കുപ്പി വെള്ളവും എത്തിച്ചുനല്‍കി. പത്തനംതിട്ടയിലേക്ക് 10,000 മെഴുക് തിരികള്‍ എത്തിച്ചു.
ഗതാഗതവും വാര്‍ത്താവിനിമയ ബന്ധവും താറുമാറായി നെല്ലിയാമ്പതിയില്‍ ഒറ്റപെട്ടവര്‍ക്ക് ആവശ്യമരുന്നുകളുടെ സഹായവും ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ എത്തിക്കാനായി. വൈദ്യുതി തകരാറിലായ ഭാഗങ്ങളില്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന പെന്‍ലൈറ്റ് ബാറ്ററി മൊബൈല്‍ പവന്‍ ബാങ്കുകള്‍ തിരുവനന്തപുരം എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചത് ദാമോദര്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു.
ദുരിതബാധിത മേഖലയില്‍, സിവില്‍ ഡ്രസിലല്ലാതെ പ്രവര്‍ത്തന രംഗത്തുള്ള പൊലിസുകാര്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് 2,000 ടീ ഷര്‍ട്ടുകള്‍ എത്തിച്ചു. സര്‍ക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ രക്ഷാ ദൗത്യ പ്രവര്‍ത്തനത്തനത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ദാമോദര്‍ അവണൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."