ദുരിതാശ്വാസ ക്യാംപ് പിരിച്ചുവിട്ടത് അന്വേഷിക്കണം: മുസ്‌ലിം ലീഗ്
അരീക്കോട്: ഊര്‍ങ്ങാട്ടിരിയില്‍ പതിനാല് സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും പ്രളയവും ഒരുമിച്ച് അനുഭവിക്കുകയും അതില്‍ ഓടക്കയം നെല്ലിയായി മലയില്‍ നടന്ന ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മരിക്കുകയും ചെയ്ത ദുരന്തത്തിന് മുന്നില്‍ പഞ്ചായത്ത് ഭരണസമിതി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതായി ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി അരോപിച്ചു.
പ്രളയത്തിന്റെ തുടക്കത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ച് ഓടക്കയം സര്‍ക്കാര്‍ സ്‌ക്കൂളില്‍ ദുരിതാശ്വാസ ക്യാംപ് ഒരുക്കിയിരുന്നെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധകുറവ് കാരണം ഈ ദുരിതാശ്വാസ ക്യാംപ് അപകട ഭീഷണി നിലനില്‍ക്കെ പിരിച്ച് വിടുകയാണുണ്ടായത്.
ഇതിനെ തുടര്‍ന്ന് വീടുകളിലേക്ക് തിരിച്ചുപോയവരാണ് പിന്നീട് നടന്ന ഉരുള്‍പൊട്ടലില്‍ മരണപെടുകയും പരുക്കേല്‍ക്കുകയും ചെയ്തത്.
കൂടുതല്‍ ആളുകളെ ക്യാംപുകളിലേക്ക് എത്തിക്കുന്നതിന് പകരം പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ക്യാംപ് ആരുടെ ഉത്തരവ് പ്രകാരമാണ് പിരിച്ച് വിട്ടതെന്ന് വ്യക്തമാക്കണമെന്ന് ഏഴു പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച അന്വേഷണ വിധേയമാക്കണമെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ ആവശ്യപെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ സി.ടി അബ്ദുറഹ്മാന്‍, എന്‍.കെ യൂസഫ് മാസ്റ്റര്‍, പി.കെ അബ്ദുല്ല, വി.പി റഹൂഫ് മാസ്റ്റര്‍, കെ.കെ കുഞ്ഞാണി, പി.കെ അബ്ദുറഹ്മാന്‍, പി.എച്ച് ഹനീഫ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."