സഊദിയിൽ പോലീസിന്റെ മദ്യക്കച്ചവട വേട്ടയിൽ കുടുങ്ങിയത് യാത്രക്കാരനെ കാത്ത് നിന്ന മലയാളി ടാക്‌സി ഡ്രൈവർ
ദമാം: സഊദിയിൽ പോലീസിന്റെ മദ്യ കച്ചവട വേട്ടയിൽ കുടുങ്ങിയത് മലയാളിയായ ടാക്‌സി ഡ്രൈവർ. കിഴക്കൻ സഊദിയിലെ ദമാമിലാണ് യാത്രക്കാരനെ കാത്ത് നിന്ന ടാക്‌സി ഡ്രൈവറായ മലപ്പുറം നിലമ്പൂർ സ്വദേശി പോലീസ് പിടിയിലായത്. ഇതേ തുടർന്ന് ആറു മാസം മുമ്പ് സന്ദർശക വിസയിലെത്തിയ ഇദ്ദേഹത്തിന്റെ കുടുംബം ഇവിടെ ഏറെ പ്രയാസത്തിൽ കഴിയുകയാണ് . രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം.
ടാക്‌സി ഡ്രൈവറായി ജോലി നോക്കുന്ന ഇദ്ദേഹത്തിന് ഓട്ടം പോകണമെന്ന ഫോൺ സന്ദേശത്തെ തുടർന്ന് യാത്രക്കാരനെ കാത്ത് നിൽക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ഫോൺ സന്ദേശത്തെ തുടർന്ന് കെട്ടിടത്തുനടുത്ത് കാത്ത് നിൽക്കുന്നതിനിടെ തന്റെ കാറിന് സമീപത്തേക്ക് വലിച്ചെറിയപ്പെട്ട കാർട്ടൻ ബോക്‌സുകൾ പരിശോധിക്കുന്നതിനിടെ പോലീസ് എത്തിയപ്പോൾ ഇദ്ദേഹം കുടുങ്ങുകയായിരുന്നു. യാത്രക്കാരനെ കാത്ത് നിൽക്കുന്നതിനിടെ ബംഗ്ളാദേശി നാല് കാർട്ടനുകൾ തന്റെ കാറിനു സമീപം വലിച്ചെറിയുകയായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിൽ എന്താണെന്നു നോക്കുന്നതിനിടെ ഇത് വഴിയെത്തിയ പോലീസ് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. തനിക്കൊന്നുമറിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും തെളിവുകൾ എതിരായതിനാൽ പൊലീസിന് ഇയാളെ മോചിപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, രക്ഷപ്പെട്ട ബംഗ്ലാദേശിയെ പിടികൂടി പങ്കില്ലെന്ന് മൊഴികൊടുത്താലേ മലയാളിക്ക് രക്ഷപ്പെടാൻ പഴുതുള്ളൂ. ഓട്ടം വിളിച്ച ആളുടെ ടെലിഫോണും ഇതിന് ശേഷം പ്രവർത്തനരഹിതമാണ്.
കെട്ടിടം കേന്ദ്രീകരിച്ച് മദ്യ വിതരണം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി ഇവിടം പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. തെളിവുകൾ എതിരായതിനാൽ ഇയാളെ ജാമ്യത്തിൽ പുറത്തിറക്കാനുള്ള ശ്രമങ്ങളും വിജയിച്ചിട്ടില്ല. നേരത്തേ ബ്രോസ്റ്റഡ് കട നടത്തിയിരുന്ന ഇയാൾ അത് നഷ്ടത്തിലായതോടെയാണ് ടാക്‌സി മേഖലയിലേക്ക് തിരിഞ്ഞത്. കുടുംബനാഥൻ ജയിലിലായതോടെ കുടുംബം ബന്ധുക്കളുടെ സംരക്ഷണയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."