കടുത്തുരുത്തി മേഖലയില്‍ പലയിടത്തും വോട്ടിങ് യന്ത്രം പണിമുടക്കി
കടുത്തുരുത്തി: വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കിയതിനാല്‍ കടുത്തുരുത്തി മേഖലയില്‍ പലയിടത്തും വോട്ടിങ് തടസപ്പെട്ടു. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളില്‍ പ്രവര്‍ത്തിച്ച 56-ാം നമ്പര്‍ ബൂത്തില്‍ രാവിലെ യന്ത്രത്തകരാറിനാല്‍ വോട്ടിങ് ആരംഭിക്കുന്നത് വൈകി.
പിന്നീട് തകരാര്‍ പരിഹരിച്ച ശേഷമാണ് ഇവിടെ വോട്ടിങ് പുനരാരംഭിച്ചത്. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ 133-ാം ബൂത്തിലും, ഞീഴൂര്‍ വിശ്വഭാരതി എസ്.എന്‍.എച്ച്.എസ്.എസിലെ 45-ാം ബൂത്തിലും, ചാമക്കാല സെന്റ് ജോണ്‍സ് എല്‍.പി സ്കൂളിലെ 126, 127 ബൂത്തുകളിലെ യന്ത്രങ്ങളും രാവിലെ പണിമുടക്കി.
ഇവിടെ ഒന്നര മണിക്കൂറോളം താമസിച്ചാണ് വോട്ടിങ് ആരംഭിച്ചത്. പലയിടത്തും രാവിലെ മുതല്‍ വോട്ട് ചെയ്യാന്‍ ആളുകളുടെ നീണ്ട നിരയായിരുന്നു.
കടുത്തുരുത്തി മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തായി പ്രഖ്യാപിച്ചിരുന്ന മുളക്കുളം പഞ്ചായത്തിലെ കീഴൂര്‍ ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
മുന്‍പ് ഇവിടെയുണ്ടായിട്ടുള്ള അക്രമസംഭവങ്ങള്‍ കണക്കിലെടുത്താണ് പ്രശ്ന ബാധിത ബൂത്തില്‍ പെടുത്തിയത്.
കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് രാവിലെ തന്നെ പൂഴിക്കോല്‍ എല്‍.പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന 12-ാം നമ്പര്‍ ബൂത്തിലും സിനിമാതാരം രമേഷ് പിഷാരടി കാരിക്കോട് സരസ്വതി വിദ്യാമന്ദിര്‍ സ്കൂളിലെ ബൂത്തിലും എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."