അവധികള്‍ മാറ്റിവച്ച് ആരോഗ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ സംസ്ഥാനത്ത് ഒട്ടേറെ പേര്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന സാഹചര്യത്തില്‍ അവധികള്‍ മാറ്റിവച്ച് പ്രവര്‍ത്തിച്ച് ആരോഗ്യമന്ത്രിയുടെ ഓഫിസ്. ബലിപെരുന്നാള്‍, ഓണം, ശ്രീനാരായണഗുരു ജയന്തി, അയ്യങ്കാളി ജയന്തി തുടങ്ങി എല്ലാ അവധികളും മാറ്റിവച്ച് ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്.
ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ് ജീവനക്കാര്‍ അവധി മാറ്റിവച്ചു ക്യാംപുകളിലും ഓഫിസിലുമായി സേവനമനുഷ്ഠിക്കുന്നത്. ആരോഗ്യവകുപ്പിലെ ആയിരക്കണക്കിനു ജീവനക്കാരാണ് ഇത്തരത്തില്‍ വിശ്രമമില്ലാതെ ക്യാംപുകളില്‍ സേവനമനുഷ്ഠിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് മന്ത്രിയുടെ ഓഫിസ് ജീവനക്കാരും അവധി ഒഴിവാക്കിയത്.
സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാനായി മന്ത്രിയുടെ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ക്യാംപുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ്, പകര്‍ച്ചവ്യാധികളുടെ സൂചന എന്നിവ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാം. ഇതനുസരിച്ച് നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 1800 425 1077.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."