രക്ഷാപ്രവര്‍ത്തനം: മത്സ്യത്തൊഴിലാളികള്‍ അന്തസിന്റെ കൊടുമുടിയിലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊച്ചി: വ്യക്തമായ ദിശാബോധത്തോടെയാണ് മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനു സജ്ജരാക്കിയതെന്നു ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം കേരളം എക്കാലവും നന്ദിയോടെ സ്മരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രളയദുരന്തത്തില്‍ രക്ഷകരായ എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
എല്ലാ ജില്ലകളിലുമായി 669 വള്ളങ്ങളില്‍ 65,000 പേരെയാണു മത്സ്യത്തൊഴിലാളികള്‍ മാത്രം രക്ഷിച്ചത്. കൂടാതെ സന്നദ്ധ സംഘടനകള്‍ 259 വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. എല്ലാ വിഭാഗം ജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ മാത്രം ആദരിക്കുന്നതിനു കാരണം അവര്‍ എക്കാലവും മുഖ്യധാരയില്‍ നിന്നും മാറ്റപ്പെട്ടവരായിരുന്നതുകൊണ്ടാണ്. ദുരിതത്തിന്റെ പാതാളത്തില്‍ കഴിയുന്ന അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്കു കൊണ്ടുവരുകയാണു സര്‍ക്കാര്‍ ലക്ഷ്യം. മത്സ്യത്തൊഴിലാളികള്‍ അന്തസിന്റെ കൊടുമുടിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും നല്‍കി മന്ത്രി ആദരിച്ചു. നാലായിരം പേരെ രക്ഷിച്ച വൈപ്പിന്‍കരയില്‍ നിന്നുള്ള പൂങ്കാവനം വള്ളത്തിലെ മത്സ്യത്തൊഴിലാളികളെയാണ് ആദ്യം ആദരിച്ചത്. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കെ.വി തോമസ് എം.പി, എം.എല്‍.എമാരായ എസ്. ശര്‍മ, പി.ടി തോമസ്, കെ.ജെ മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, എം സ്വരാജ്, ആന്റണി ജോണ്‍, വി.ഡി സതീശന്‍, എല്‍ദോസ് കുന്നപ്പള്ളി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞുരാമന്‍, മുന്‍ എം.പി പി രാജീവ്, ഹുസൈന്‍ മടവൂര്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എം.ഡി: വര്‍ഗീസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി .എന്‍ മോഹനന്‍, പി രാജു, ടി.ജെ വിനോദ്, എന്‍.കെ മോഹന്‍ദാസ്, എം.പി അബ്ദുല്‍ഖാദര്‍, മത്സ്യ ബോര്‍ഡ് കമ്മീഷണര്‍ സി.ആര്‍ സത്യവതി, മത്സ്യഫെഡ് മാനേജര്‍ ജോര്‍ജ്, വിവിധ മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ കെ.സി രാജീവ്, പി.ഒ ആന്റണി, ആന്റണി കളരിക്കല്‍, സി.എസ് സുനില്‍, ചാള്‍സ് ജോര്‍ജ്, വി.ഡി മജീന്ദ്രന്‍, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.ബി ദാളോ ഫ്രാന്‍സിസ്, ടി.രഘുവരന്‍, ശ്രീവിദ്യ സുമോദ് പങ്കെടുത്തു. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ സ്വാഗതവും എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ എസ്.മഹേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."