വല്ലാര്‍പാടത്ത് ട്രെയിലര്‍ സര്‍വീസ് സ്തംഭിച്ചു
മട്ടാഞ്ചേരി: കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിലെ കണ്ടെയ്‌നര്‍ നീക്കം സ്തംഭനത്തിലേക്ക്. പാര്‍ക്കിങ്ങ് സൗകര്യമൊരുക്കാത്ത കൊച്ചി തുറമുഖ ട്രസ്റ്റിന്റെ അനാസ്ഥയെ തുടര്‍ന്ന് ബുധനാഴ്ച അര്‍ദ്ധരാത്രിമുതല്‍ ട്രെയിലര്‍ സര്‍വീസ് നിര്‍ത്തിവെച്ചതോടെയാണ് ചരക്ക് നീക്ക സ്തംഭിച്ചത്.
വല്ലാര്‍പാടം ടെര്‍മിനലില്‍ സര്‍വീസ് നടത്തുന്ന 2000 ത്തോളം ട്രെയിലറുകളാണ് സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുന്നത്. ടെര്‍മിനലിലേക്ക് പ്രതിദിനമെത്തുന്ന ശരാശരി 800 ഓളം കണ്ടെയ്‌നറുകളുടെ നീക്കമാണ് നിലച്ചത്.ടെര്‍മിനലില്‍ കണ്ടെയ്‌നറുമായി എത്തുന്ന 1000 ത്തോളം ട്രെയിലറുകള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യമൊരുക്കുക,പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന പിഴ ഒഴിവാക്കാന്‍ ഭരണകൂടം തയ്യാറാകുക, കൊച്ചി തുറമുഖ ട്രസ്റ്റ് നിരുത്തരവാദ സമീപനം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ട്രെയിലര്‍ ഉടമകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിക്കുന്നത്.വല്ലാര്‍പാടം ട്രാന്‍ഷിപ്പ് മെന്റ് ടെര്‍മിനല്‍ തുടങ്ങി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ട്രെയിലറുകള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യമൊരുക്കുന്നതില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് തികഞ്ഞ അനാസ്ഥയാണ് പ്രകടമാക്കിയത്.
ട്രെയിലര്‍ തൊഴിലാളികള്‍ക്ക് വിശ്രമത്തിനും പ്രാഥമിക സൗകര്യമൊരുക്കുണമെന്നും ആവശ്യപ്പെട്ട് ഇതിനകം ഓട്ടേറെ തവണ തൊഴിലാളി സംഘടനകളും സമരങ്ങള്‍ നടത്തിയിരുന്നു. ഓരോ ഘട്ടത്തിലും തുറമുഖ ട്രസ്റ്റും ദുബായ് പോര്‍ട്‌സും,സംസ്ഥാന ഭരണ കുടവും ജില്ലാ ഭരണ സമിതികളും തല്ക്കാലിക പ്രശ്‌ന പരിഹാരത്തിനാണ് ശ്രമം നടത്തിയത്.
ടെര്‍മിനലിലേയ്ക്ക് കണ്ടെയ്‌നറുമായെത്തുന്ന ട്രെയിലറുകള്‍ക്ക് മതിയായ സൗകര്യമൊരുക്കേണ്ട തുറമുഖ ട്രസ്റ്റ് കാളമുക്കിലും എല്‍.എന്‍.ജി മേഖലയിലും റോഡ് വശങ്ങളില്‍ പാര്‍ക്കിങ്ങ് നടത്തുവാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ഈ മേഖലയിലെ ജനകീയ പ്രതിഷേധത്തിന് സമന്വയമുണ്ടാക്കുന്നതില്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നുമില്ല. ട്രെയിലര്‍ സമരത്തെ തുടര്‍ന്ന് ആയിരത്തിലേറെ കണ്ടെയ്‌നറുകളാണ് തുറമുഖത്ത് കെട്ടിക്കിടക്കുന്നത്. അന്യസംസ്ഥാനത്ത് നിന്ന് കയറ്റിറക്കുമതി കണ്ടയ്‌നര്‍ നീക്കം വര്‍ധിച്ച ഘട്ടത്തില്‍ ട്രെയിലര്‍ സര്‍വീസ് സ്തംഭനം വന്‍ തിരിച്ചടിയാകുമെന്ന് വ്യാപാര കേന്ദ്രങ്ങള്‍ ചുണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."