സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് കുമാരസ്വാമി
ബംഗളൂരു: തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധ ചെലുത്തുമെന്നും കുമാരസ്വാമി പറഞ്ഞു. താന്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പരാമര്‍ശനത്തിന് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം.
അതേ സമയം മുഖ്യമന്ത്രിയാവുമെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തി. നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഞാന്‍ പറഞ്ഞത്, അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഞങ്ങള്‍ക്ക് (കോണ്‍ഗ്രസിന്) വോട്ടുചെയ്യുകയാണെങ്കില്‍ അധികാരത്തിലെത്തുമെന്നാണ് -സിദ്ധരാമയ്യ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ഹാസനില്‍ നടന്ന പൊതു സമ്മേളനത്തിലാണ് താന്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന് സിദ്ധരാമയ്യ പറഞ്ഞത്. ഈ പരാമര്‍ശം വിവാദമായതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. മുഖ്യമന്ത്രിയാവാന്‍ ആരോ തയാറാവുന്നുണ്ടെന്നും സെപ്റ്റംബര്‍ മൂന്നിന് കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രി ചുമതലയേല്‍ക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ടെന്ന് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞുവെന്ന് കുമാരസ്വാമി പറഞ്ഞു.
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവര്‍ വിജയിക്കില്ല. മുഖ്യമന്ത്രിയായി 100 ദിവസം ഉടന്‍ പൂര്‍ത്തീകരിക്കും. മികച്ച പ്രവര്‍ത്തനം നടത്താനാണ് ശ്രമിക്കുന്നതെന്ന് കുമാരസ്വാമി പറഞ്ഞു.
എന്നാല്‍ സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരേ പരോക്ഷ വിമര്‍ശനവുമായി ജെ.ഡി.എസ് പ്രസിഡന്റ് എ.എച്ച് വിശ്വനാഥ് രംഗത്തെത്തി. സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനാവുമെന്ന് എന്നാല്‍ ആരുടെ പിന്തുണയോടെയാണ് അദ്ദേഹം മുഖ്യമന്ത്രിയാവുന്നതെന്ന് അറിയാന്‍ കൗതുകമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യകക്ഷി സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം നേടാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന അഭ്യൂഹം ശക്തമാണ്. ഭരണകക്ഷിയില്‍ നിന്ന് 10-12 എം.എല്‍.എമാര്‍ രാജിസന്നദ്ധത അറിയിച്ചുവെന്നും എന്നാല്‍ തങ്ങള്‍ക്ക് ചുരുങ്ങിയത് 17 പേരെയെങ്കിലും ആവശ്യമാണെന്ന് ബി.ജെ.പി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."