സിംബാബ്‌വെ പ്രസിഡന്റായി മുനംഗാഗ്വ അധികാരമേറ്റു
ഹരാരെ: തെരഞ്ഞെടുപ്പ് ക്രമക്കേടിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ സിംബാബ്‌വെ പ്രസിഡന്റായി എമേഴ്‌സന്‍ മുനംഗാഗ്വ അധികാരമേറ്റു. റോബര്‍ട്ട് മുഗാബെ യുഗത്തിനു ശേഷം രാജ്യത്തു നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് മുനംഗാഗ്വ തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 30നു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവായിരുന്ന നെല്‍സന്‍ ചാമിസയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 50 ശതമാനം വോട്ട് നേടിയാണ് മുനംഗാഗ്വ വീണ്ടും അധികാരത്തിലെത്തിയത്.
ഹരാരെയിലെ നാഷനല്‍ സ്റ്റേഡിയത്തിലാണു ഞായറാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. വിദേശ നേതാക്കളടക്കം പ്രമുഖ വ്യക്തിത്വങ്ങളും ആയിരക്കണക്കിനു പ്രവര്‍ത്തകരും ചടങ്ങിനു സാക്ഷിയാകാനെത്തിയിരുന്നു. സിംബാബ്‌വന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ചടങ്ങില്‍ മുനംഗാഗ്വ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ലൂക് മലാബയ്ക്കു മുന്‍പാകെയാണു സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഭരണഘടനാ കോടതിയിലെ മറ്റു മുതിര്‍ന്ന എട്ട് ജഡ്ജിമാരും പങ്കെടുത്തു.
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച മുനംഗാഗ്വയുടെ വിജയം അംഗീകരിച്ച് സിംബാബ്‌വെ ഭരണഘടനാ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടിലേറെക്കാലം സിംബാബ്‌വയില്‍ അടക്കിവാണ റോബര്‍ട്ട് മുഗാബെ കഴിഞ്ഞ വര്‍ഷം നവംബര്‍ 21നു സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. ജനകീയ പ്രക്ഷോഭവും സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള സമ്മര്‍ദവും ശക്തമായതിനെ തുടര്‍ന്നായിരുന്നു രാജി. ഇതോടെ മുനംഗാഗ്വ രാജ്യത്തിന്റെ അധികാരമേറ്റെടുത്തു. ഇതിനു പിറകെയാണു രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. മുഗാബെയുടെ ഏകാധിപത്യ വാഴ്ച കാരണം സിംബാബ്‌വെയ്ക്കുണ്ടായ ചീത്തപ്പേര് മായ്ക്കാനും അന്താരാഷ്ട്ര സാമ്പത്തിക സഹായം തിരികെപിടിച്ച് രാജ്യത്തിന്റെ സാമ്പത്തികനില ശക്തിപ്പെടുത്താനുമുള്ള അവസരമായിരുന്നു തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."