കൊവിഡ് കാലവും കടന്ന് ഫുട്‌ബോള്‍ സീസണ്‍
ലിസ്ബണ്‍: കഴിഞ്ഞ ദിവസം യുവേഫാ ചാംപ്യന്‍സ് ലീഗിന് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ലോകത്താകമാനമുള്ള ഫുട്‌ബോള്‍ ആസ്വാദകരും ദീര്‍ഘ നിശ്വാസം വിട്ടിട്ടുണ്ടാകും. ലോകത്തെ പിടിച്ച് കുലുക്കിയ കൊവിഡ് കാരണം ഫുട്‌ബോളും നിലച്ചുപോകുമെന്ന കണക്ക് കൂട്ടലിലായിരുന്നു കായിക ലോകം. എന്നാല്‍ എല്ലാ പ്രതിസന്ധികളേയും മറികടന്നായിരുന്നു ഫുട്‌ബോള്‍ മൈതാനം വീണ്ടും സജീവമായത്. മത്സരങ്ങള്‍ തിരിച്ചുവന്നെങ്കിലും ഫുട്‌ബോള്‍ ലോകത്തും കാര്യമായ ആഘാതം സൃഷ്ടിച്ചുകൊണ്ടാണ് കൊവിഡ് ഇപ്പോഴും കടന്ന് പോകുന്നത്. കൊവിഡ് പ്രതിസന്ധി കാരണം സാമ്പത്തിക മന്ത്രി ജീവനൊടുക്കിയ ജര്‍മനിയിലായിരുന്നു ആദ്യം ഫുട്‌ബോള്‍ തിരിച്ച് വന്നത്. ഇതൊരു ഇച്ഛാശക്തിയുടെ തുടക്കമായിരുന്നു. യൂറോപ്പില്‍ ആദ്യമായി ബുണ്ടസ്‌ലിഗയായിരുന്നു കൊവിഡിന് ശേഷം തുടങ്ങിയത്. പിന്നീട് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്, ലാലിഗ, യൂറോപ്പാ ലീഗ്, ചാംപ്യന്‍സ് ലീഗ് എന്നിവയും പതിയെ തുടങ്ങി മികച്ച രീതിയില്‍ അവസാനിച്ചു. എന്നാല്‍ ഫ്രാന്‍സുകാര്‍ കൊവിഡിനെ പേടിച്ച് ലീഗ് റദ്ദ് ചെയ്യുകയും ചെയ്തു. ഇവിടെ പി.എസ്.ജിയെ ചാംപ്യന്‍മാരായി പ്രഖ്യാപിച്ചായിരുന്നു ലീഗ് അവസാനിച്ചത്. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക് കിരീടം ചൂടിയപ്പോള്‍ ഇംഗ്ലണ്ടില്‍ ലിവര്‍പൂളിന്റ ആധിപത്യമായിരുന്നു. സ്‌പെയിനില്‍ റയല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സമാപിച്ച ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കും മുത്തമിട്ടു. ഇതോടെ യൂറോപ്പിലേയും ലോകത്തിലേയും ഫുട്‌ബോള്‍ ലീഗുകള്‍ക്കും ഫൈനല്‍ വിസില്‍ മുഴങ്ങി.
ഈ സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ ബയേണിന്റെ തേരോട്ടത്തെ കുറിച്ചും നാള്‍വഴികളെ കുറിച്ചും ചെറിയൊരവലോകനം. ചാംപ്യന്‍സ് ലീഗിന്റെ കണക്കുകള്‍ നോക്കിയാല്‍ ഈ സീസണില്‍ കിരീടം അര്‍ഹിച്ചിരുന്നവര്‍ തന്നെയാണ് ബയേണ്‍ മ്യൂണിക്. ടൂര്‍ണമെന്റിലുടനീളം 43 ഗോളുകളാണ് അവര്‍ എതിര്‍ പോസ്റ്റില്‍ നിക്ഷേപിച്ചത്. കളിച്ച മത്സരങ്ങളിലെല്ലാം എതിര്‍ ഗോള്‍മുഖത്തേക്ക് ബയേണ്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു കൊണ്ടിരുന്നു. 242 തവണയാണ് എതിര്‍ ഗോള്‍മുഖങ്ങളെ ലക്ഷ്യമാക്കി ബയേണ്‍ പന്തു തൊടുത്ത് വിട്ടത്. ഇതില്‍ 101 എണ്ണവും ഓണ്‍ ടാര്‍ഗറ്റായിരുന്നു എന്നത് ബയേണിന്റെ മിടുക്ക് വ്യക്തമാക്കുന്നു .ഗോള്‍ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള പി.എസ്.ജി 25 ഗോള്‍മാത്രമാണ് നേടിയത്. ബയേണുമായി 18 ഗോളിന്റെ വ്യത്യാസം. ഷോട്ട് ഓണ്‍ ടാര്‍ഗറ്റില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് 65 തവണ മാത്രമേ പന്ത് വല ലക്ഷ്യമാക്കി പായിക്കാന്‍ കഴിഞ്ഞുള്ളൂ.
എല്ലാ പൊസിഷനിലും യുവത്വം തുളുമ്പുള്ള താരനിരയെ കൃത്യമായി ഉപയോഗിച്ചതിന്റെ ഫലമാണ് ബയേണ്‍ മ്യൂണിക്കിന്റെ വിജയം. ഗോള്‍ വലക്ക് കീഴില്‍ കണ്ണ് കയ്യായി പ്രവര്‍ത്തിക്കുന്ന മാനുവല്‍ നൂയര്‍, പിന്‍നിരയില്‍ തീക്കാറ്റായി മാറുന്ന അല്‍ഫോന്‍സോ ഡേവിസ്, അനുഭവ സമ്പത്തുള്ള ഡേവിഡ് അലാബ, ജെറോം ബോട്ടോങ്, ജോഷ്വ കിമ്മിച്ച് എന്നിവരും മധ്യനിരയില്‍ കളി മെനയാല്‍ തിയാഗോയും ലിയോണ്‍ ഗൊരട്‌സകയും, അറ്റാക്കിങ് മിഡില്‍ കിങ്‌സ്‌ലി കോമാന്‍, തോമസ് മുള്ളര്‍, സെര്‍ജി നാബ്രി, മുന്നേറ്റനിരയില്‍ ഗോള്‍ ദാഹം തീരാത്ത ലെവന്‍ഡോസ്‌കി ഇതൊക്കെയാണ് ബയേണിനെ യഥാര്‍ത്ഥ ബയേണ്‍ മ്യൂണിക്കാക്കുന്നത്. കൂടാതെ 90 മിനുട്ടും അധ്വാനിച്ച് കളിക്കുക എന്ന ജര്‍മന്‍ പൊതുസിദ്ധാന്തവും ജര്‍മനി പയറ്റിയതുകൊണ്ട് ഇത്തവണത്തെ ചാംപ്യന്‍സ് അവരുടെ ഷെല്‍ഫിലെത്തിക്കാന്‍ സാധിച്ചു.
2006 മുതല്‍ ജര്‍മന്‍ ഫുട്‌ബോളിന്റെ മിടിപ്പറിയുന്ന ഹാന്‍സ് ഫ്‌ളിക്ക് കൂടി ചേര്‍ന്നതോടെ ആര്‍ക്കും പിടികൊടുക്കാത്ത ശക്തിയായി മാറാന്‍ ബയേണിന് കഴിഞ്ഞു. 2006 മുതല്‍ 2014 വരെ ജര്‍മനിയുടെ സഹ പരിശീലകനായിരുന്നു ഫ്‌ളിക്. പിന്നീട് 2019ല്‍ ബയേണ്‍ മ്യൂണിക്കിന്റെ സഹപരിശീലകനായി. 2019ലായിരുന്നു ടീമിന്റെ കിരീടവും ചെങ്കോലും ഫ്‌ളിക്കിന്റെ കരങ്ങളിലെത്തുന്നത്. എം.എല്‍.എസില്‍ കളിച്ചുകൊണ്ടിരുന്ന അല്‍ഫോന്‍സ് ഡേവിസ് എന്ന യുവപ്രതിഭയെ കണ്ടെത്തി ലോകത്തെ അത്ഭുത ബാലനായി അവതരിപ്പിക്കാന്‍ ഫ്‌ളിക്കിന് കഴിഞ്ഞു. ഗോള്‍ദാഹം തീരാത്ത മുന്നേറ്റനിര തന്നെയായിരുന്നു ബയേണിന്റെ ശക്തി. അതുകൊണ്ടു തന്നെയാണ് റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെന്ന താരം റോബര്‍ട്ട് ലെവന്‍ ഗോള്‍സ്‌കിയായത്. 30 ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് എയ്തുവിട്ട ലെവന്‍ഡോസ്‌കി 15ഉം ലക്ഷ്യത്തിലെത്തിച്ച് ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.
ബയേണ്‍ നിരയില്‍ പരുക്ക് വേട്ടയാടിയിരുന്ന ജെറോം ബോട്ടെങ് ഒഴികെ മറ്റെല്ലാവരും ശരാശരിക്ക് മുകളില്‍ പ്രകടനം കാഴ്ച വച്ചവരായിരുന്നു. ഇത്തവണത്തെ കിരീടം ബയേണ്‍ അര്‍ഹിച്ചതാണെന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. പ്രീക്വാര്‍ട്ടര്‍ മുതല്‍ ആധികാരികമായിരുന്നു ബയേണിന്റെ കുതിപ്പ്. ഇതില്‍ ഫൈനലില്‍ മാത്രമാണ് ബയേണ്‍ ഒരു ഗോള്‍ സ്വന്തമാക്കിയത്. മറ്റെല്ലാ മത്സരത്തിലും മിനിമം മൂന്ന് ഗോളെങ്കിലും ബയേണ്‍ എതിര്‍ പോസ്റ്റില്‍ നിക്ഷേപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."