എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റര്‍ ജില്ലയില്‍ ആറ് കേന്ദ്രങ്ങളില്‍ തുടങ്ങും
ആലുവ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്‍ പുതിയ തലങ്ങളിലേക്ക് അതിന്റെ സേവനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ള 'സഹചാരി സെന്റര്‍' ജില്ലയില്‍ ആറ് കേന്ദ്രങ്ങളില്‍ തുടങ്ങാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കൊച്ചി, കളമശ്ശേരി, ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് സെന്റര്‍ തുടങ്ങുന്നത്. മേഖല കമ്മിറ്റികളാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പൊതുസമൂഹത്തിനാവശ്യമായ വിവിധ പദ്ധതികള്‍ ഉള്‍പ്പെടെയാണ് സെന്ററില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ആലുവ സെന്‍ട്രല്‍ മസ്ജിദില്‍ കൂടിയ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി അധ്യക്ഷത വഹിച്ചു. കെ.എം ബഷീര്‍ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ നൗപല്‍ കുട്ടമശ്ശേരി സംസ്ഥാന കമ്മിറ്റി പദ്ധതികള്‍ വിശദീകരിച്ചു.
കാരുണ്യത്തിനൊരു കൈത്താങ്ങ് എന്ന പ്രമേയത്തില്‍ എസ്.കെ.ഐ.സി സൗദി സഹചാരി റിയാദ് ഘടകത്തിന്റെ സഹായത്തോടെ വൃക്ക- കാന്‍സര്‍ രോഗികള്‍ക്ക് നല്കുന്ന മാസാന്ത പെന്ഷന് പദ്ധതി ഓഗസ്റ്റില്‍ ജില്ലയില്‍ തുടക്കം കുറിക്കും. ഇബാദ് ജില്ലാ ക്യാംപ് ഓഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കും. വിവിധ സബ് കമ്മറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ജില്ലാ ഭാരവാഹികള്‍ക്ക് വിവിധ സബ് കമ്മിറ്റികളുടെ ചുമതലയും സെക്രട്ടറിയേറ്റ് നല്കി. വര്‍ക്കിങ് സെക്രട്ടറി കെ.കെ അബ്ദുള്ള, ഉസ്മാന് ഫൈസി, അബ്ദുള്‍ മജീദ് ഫൈസി, മുഹയദ്ദീന്‍ ബാഖവി, സി.എ മുനീര്‍, സിദ്ദീഖ് ചിറപ്പാട്ട്, മുഹമ്മദ് ഹസിം, പി.എച്ച് അജാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."