സേവനകാലം'നോണ്‍ഡ്യൂട്ടി'; സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു
എടച്ചേരി: ഒരു വിഭാഗം അധ്യാപകരുടെ ദീര്‍ഘമായ സേവന കാലം നോണ്‍ ഡ്യൂട്ടിയായി പ്രഖ്യാപിച്ച് കൊണ്ടിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു. തങ്ങള്‍ ജോലി ചെയ്ത നാലു വര്‍ഷക്കാലത്തെ (2012 മുതല്‍ 2016 വരെ) നോണ്‍ ഡ്യൂട്ടിയായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് കേരളത്തിലെ 3500ലധികം വരുന്ന അധ്യാപകര്‍ ദുരിതമനുഭവിക്കേണ്ടി വന്നത്. 1997 ന് ശേഷം വിവിധ വിദ്യാലയങ്ങളില്‍ കുട്ടികളുടെ നിശ്ചിത എണ്ണക്കുറവ് കാരണം ജോലി നഷ്ടപ്പെട്ട് പുറത്തിരുന്ന അധ്യാപകരെ സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ബി.ആര്‍.സികളില്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായി നിയമിച്ചിരുന്നു. 1997- 2010 കാലയളവില്‍ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിക്കുന്നതിന് വേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന അധ്യാപക പാക്കേജിന്റെ ഭാഗമായാണ് ഇവരെ വിവിധ ബി.ആര്‍.സികളില്‍ ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാരായി പുനര്‍ വിന്യസിച്ചത് .നിയമന കാലത്ത് ഇവര്‍ക്ക് അടിസ്ഥാന ശമ്പളം മാത്രമേ നല്‍കിയിരുന്നുള്ളൂ. പിന്നീടിറങ്ങിയ മറ്റൊരുത്തരവ് പ്രകാരം ഇവര്‍ക്ക് മറ്റു റഗുലര്‍ അധ്യാപകരെ പോലെ എല്ലാ തരം ലീവിനും മറ്റു സര്‍വിസ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഒരു സര്‍ക്കുലറില്‍ പറയുന്നു.ഇതനുസരിച്ച് ലീവ് സറണ്ടര്‍ അടക്കമുള്ള ആനുകൂല്യങ്ങളും ഇവരില്‍ പലരും കൈപ്പറ്റിയിട്ടുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍മാരായി പുനര്‍വിന്യസിച്ച അധ്യാപകരുടെ സേവനകാലം ക്രമീകരിക്കുന്നതിനും, ഇവരുടെ ശമ്പളം പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവാണ് അധ്യാപകര്‍ക്കിടയില്‍ ഇപ്പോള്‍ വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
ഈ ഉത്തരവ് പ്രകാരം തസ്തിക നഷ്ടപ്പെട്ട് പുറത്തിരുന്ന കാലയളവ് ശൂന്യവേതന അവധിയായി കണക്കാക്കി സേവന കാലം ക്രമീകരിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. അതെ സമയം ഇതേ ഉത്തരവില്‍ പറയുന്ന 'നോണ്‍ ഡ്യൂട്ടി' യാണ് ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാരായ അധ്യാപകര്‍ക്ക് വിനയായത്. കോഓര്‍ഡിനേറ്റര്‍മാരായി ചുമതലയേറ്റതു മുതല്‍ 2016 ജനുവരി 28 വരെയുള്ള കാലഘട്ടമാണ് നോണ്‍ ഡ്യൂട്ടിയായി മാറ്റിയത്. ഇതനുസരിച്ച് ഈ കാലയളവ് ഇവര്‍ക്ക് ഭാവിയിലുള്ള ഗ്രൈഡ്, ഇന്‍ക്രിമെന്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കപ്പെടില്ല എന്നാണ് അധ്യാപകര്‍ പറയുന്നത്. ജോലി ചെയ്യുകയും, ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റുകയും ചെയ്ത തങ്ങളുടെ ഈ സേവന കാലം എങ്ങിനെയാണ് ജോലി ചെയ്യാത്ത കാലമായി കണക്കാക്കുക എന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്.
അതെ സമയം 2010 അധ്യയന വര്‍ഷം മുതല്‍ തന്നെ കുട്ടികളുടെ കുറവു മൂലം തസ്തിക നഷ്ടപ്പെട്ട് പുനര്‍വിന്യസിക്കപ്പെട്ട മറ്റൊരു കൂട്ടം അധ്യാപകര്‍ക്ക് മുഴുവന്‍ സര്‍വിസ് ആനുകൂല്യങ്ങളും നല്‍കുമ്പോഴാണ് ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാരായി നിയമിച്ച അധ്യാപകരോട് മാത്രം ഈ വിവേചനം കാണിക്കുന്നതെന്നും ഇവര്‍ക്ക് പരാതിയുണ്ട്. അധ്യാപക ദ്രോഹകരമായ ഈ ഉത്തരവിനെതിരേ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാരായി ജോലി ചെയ്തു വരുന്ന ഒട്ടനവധി അധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."