പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിക്ക് കരസേനയുടെ കൈത്താങ്ങ്
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് ഒറ്റപ്പെടുകയും ഉപകരണങ്ങള്‍ കേടുവരികയും ചെയ്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാക്കി കരസേന. പ്രളയത്തില്‍ലകപ്പെട്ട പുത്തന്‍വേലിക്കാര്‍ക്ക് ആശ്വാസമാകുകയാണ് കരസേനയുടെ വൈദ്യസഹായം.
കഴിഞ്ഞ ദിവസമാണ് ആശുപത്രിയുടെ പ്രവര്‍ത്തനം കരസേന ഏറ്റെടുത്തത്. സെക്കന്‍ദരാബാദില്‍ നിന്നുളള ആര്‍മി മെഡിക്കല്‍ കോറമാണ് പുത്തന്‍വേലിക്കരയിലെത്തിയിരിക്കുന്നത്. എട്ട് ഡോക്ടര്‍മാരും നാല്‍പ്പത്തിയേഴ് പാരാമെഡിക്കല്‍ ജീവനക്കാരുമടക്കം 55 പേരടങ്ങുന്ന സംഘമാണ് എത്തിയത്. ഐ.പി സേവനവും രാത്രികാല പരിശോധനയും ഇവിടെ ലഭ്യമാണ്. ലെഫ്റ്റനന്റ് കേണല്‍ സിദ്ധാര്‍ത്ഥയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. താലൂക്ക് ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും പിന്തുണയോടെയാണ് കരസേനയുടെ സേവനം. രാവിലെ ഒന്‍പത് മണി മുതല്‍ അഞ്ച് മണി വരെ ഒ.പി സേവനവും ജനങ്ങള്‍ക്ക് ലഭ്യമാണ്.
പ്രളയത്തില്‍ ആശുപത്രിയുടെ മുറ്റം വരെ വെള്ളം കയറിയിരുന്നു. കൂടാതെ ചില ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്നാണ് കരസേനയുടെ നേതൃത്വത്തിലുള്ള സംഘം അവശ്യ ഉപകരണങ്ങളും മരുന്നുകളുമായെത്തിയത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴികളടയുകയും മാലിന്യം അടിയുകയും ചെയ്തിരുന്നു. വെള്ളമിറങ്ങിയ ശേഷവും ജനങ്ങള്‍ക്ക് ആശുപത്രിയുടെ സേവനം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അഞ്ച് ദിവസം ആശുപത്രി അടച്ചിടേണ്ടി വന്നു. തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം കരസേന ഏറ്റെടുക്കുകയായിരുന്നു. ആശുപത്രിയിലെയും പരിസരങ്ങളിലെയും ശുചീകരണവും സേന നിര്‍വഹിച്ചു. ആശുപത്രിയിലെ സേവനത്തിനു പുറമേ ദുരിതാശ്വാസ ക്യാമ്പുകളിലും ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് എത്തുന്നുണ്ട്. ആവശ്യമായ മരുന്നുകളും നല്‍കുന്നു. പന്ത്രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."