സെക്രട്ടേറിയറ്റിലെ സുരക്ഷ കൂട്ടും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സുരക്ഷ കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുരക്ഷാ സംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റില്‍ നോര്‍ത്ത് സാന്റ്‌വിച്ച് ബ്ലോക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മന്ത്രിസഭാ യോഗം വിലയിരുത്തി. സംഭവങ്ങളില്‍ ഇടപെട്ട ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മന്ത്രിസഭാ യോഗം അഭിനന്ദിച്ചു.
അതേസമയം, സെക്രട്ടറിയേറ്റില്‍ തീപിടിത്ത സാധ്യതയുണ്ടെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ സര്‍ക്കുലറിറക്കി പതിമൂന്നു ദിവസം ആയപ്പോള്‍ തന്നെ പ്രധാന സെക്ഷനില്‍ തീപിടിത്തം ഉണ്ടായതില്‍ ചീഫ് സെക്രട്ടറി വകുപ്പ് മേധാവികളെ അതൃപ്തി അറിയിച്ചു. ഇലക്ട്രിക് വയറുകളുടെയും സ്വീച്ച് ബോര്‍ഡിന്റെയും സമീപത്ത് അഗ്നിബാധക്ക് സാധ്യതയുണ്ടെന്നും കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗശേഷം വൈദ്യുതി വിചേദിക്കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത്രയും ദിവസമായിട്ടും ഈ സര്‍ക്കുലറില്‍ യാതൊരു നടപടിയും വകുപ്പ് മേധാവികള്‍ സ്വീകരിച്ചിരുന്നില്ല. തീപിടിത്തം നിയന്ത്രിക്കുന്നതിനുള്ള 274 ഉപകരണങ്ങളാണ് സെക്രട്ടേറിയറ്റിലുള്ളത്. സെക്രട്ടേറിയറ്റില്‍ അഗ്നിരക്ഷാസേനാ വിഭാഗത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തീ പടരുമ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍പോലും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."