'വെറുപ്പിന് മുന്നിലെ സ്‌നേഹച്ചിരി'; ഇസ്‌ലാം വിരുദ്ധ സമരക്കാര്‍ക്കു മുന്നില്‍ ഹിജാബ് ധരിച്ച് നിറചിരിയുമായി ഇരിക്കുന്ന യുവതിയുടെ ചിത്രംവൈറലാവുന്നു
ന്യൂയോര്‍ക്ക്: തികച്ചും യാദൃശ്ചികമായാണ് ശൈമ ഇസ്മാഈല്‍ എന്ന 24കാരി ആ സമരക്കാര്‍ക്കു മുന്നിലെത്തിയത്. ഇസ് ലാമിനും പ്രവാചകനും എതിരായ പ്ലക്കാര്‍ഡുകളും കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ഒരുസംഘം. അതുവഴി കടന്നു പോയ ശൈമക്കും കൂട്ടുകാര്‍ക്കും നേരെ വിഷം വമിക്കുന്ന വാക്കുകള്‍ തൊടുത്തു വിടുന്നുമുണ്ടായിരുന്നു അവര്‍. പിന്നെ ഒട്ടും അമാന്തിച്ചില്ല ശൈമ. നിറഞ്ഞു ചിരിച്ച് വിദ്വേഷത്തിന്റെ വാക്കുകളുമായി നില്‍ക്കുന്നവര്‍ക്കു മുന്നിലിരുന്ന് ഒരു ഫോട്ടോയെടുത്തു. ഇസ്‌ലാം വിരുദ്ധ സമരക്കാര്‍ക്കു മുന്നില്‍ നിറചിരിയുമായി ഇരിക്കുന്ന ആ 24കാരി അങ്ങനെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
'അവരുടെ ഉള്ളില്‍ വമിക്കുന്ന വെറുപ്പിനെ ദയകൊണ്ട് പരാജയപ്പെടുത്താനായിരുന്നു തന്റെ ശ്രമമെന്ന് ശൈമ പറയുന്നു. 'എന്റെ മുഖത്തെ ചിരി അവര്‍ കാണ്ണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഒരു മുസ്‌ലിം സ്ത്രീയെന്ന നിലക്ക് ഞാന്‍ എത്രത്തോളം സന്തുഷ്ടയാണെന്ന് അവരെ കാണിക്കണമായിരുന്നു. മുസ്‌ലിങ്ങള്‍ എത്രത്തോളം ദയാലുക്കളും സമാധാനകാംക്ഷികളുമാണെന്ന് അവരെ മനസ്സിലാക്കണം'- ശൈമ പറഞ്ഞു.
യു.എസില്‍ വച്ചാണ് ശൈമ ഇസ്മാഈല്‍ ചിത്രമെടുത്തത്. 'വിശ്വാസത്തിന്റെ അടയാളമാണ് ദയ. ആര്‍ക്കാണ് ദയയില്ലാത്തത് അവര്‍ക്ക് വിശ്വാസവുമില്ല' എന്ന നബിവചനം അടിക്കുറിപ്പായി ചേര്‍ത്താണ് ശൈമ ചിത്രം ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ശൈമ ചിത്രം പോസ്റ്റ് ചെയ്തത്. ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഇസ് ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ശൈമ വാഷിങ്ടണിലെത്തിയത്.
മതഭ്രാന്തിന്റെ കാലത്ത് സ്‌നേഹം പരക്കട്ടെയെന്നുള്ള സന്ദേശമാണ് തനിക്ക് നല്‍കാനുള്ളതെന്ന് ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിന്നീട് ശൈമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."