എല്‍സ്റ്റണ്‍ എസ്റ്റേറ്റ്: രണ്ടു ഡിവിഷനുകളില്‍ തൊഴിലാളികള്‍ സമരത്തില്‍
കല്‍പ്പറ്റ: ചെയ്ത ജോലിയുടെ ശമ്പളം ലഭിക്കാന്‍ തൊഴില്‍ നഷ്ടപ്പെടുത്തി സമരം ചെയ്യേണ്ട ഗതികേട് തീരാതെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍.
നിലവില്‍ എസ്റ്റേറ്റിലെ മൂന്ന് ഡിവിഷനുകളില്‍ രണ്ടു ഡിവിഷനുകളാണ് ഒന്നരമാസമായി ജോലിക്കിറങ്ങാതെ സമരം ചെയ്യുന്നത്. പെരുന്തട്ട നമ്പര്‍ വണ്‍, നമ്പര്‍ ടു ഡിവിഷനിലെ തൊഴിലാളികളാണ് മാര്‍ച്ച് ആദ്യവാരം മുതല്‍ സമരം ചെയ്യുന്നത്. എന്നാല്‍ പുല്‍പ്പാറ ഡിവിഷനും ഫാക്ടറിയും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മുമ്പ് നടന്ന സമരങ്ങള്‍ക്കൊടുവില്‍ നടന്ന ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്ന മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞ ഫെബ്രുവരി മാസത്തെ ശമ്പളം ഇനിയും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ നവംബറില്‍ വിതരണം ചെയ്യേണ്ട ബോണസും കുടിശ്ശികയാണ്. കൂടാതെ വിരമിച്ച തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി, മെഡിക്കല്‍, പി.എഫ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം കുടിശ്ശികയാണ്. കുടിശ്ശിക തീര്‍ക്കാതെ ജോലിക്കിറങ്ങില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. നേരത്തെയുണ്ടായിരുന്ന കുടിശ്ശികകള്‍ വിതരണം ചെയ്യാന്‍ ധാരണയായതോടെ ജോലിക്കിറങ്ങാന്‍ തൊഴിലാളികളോട് ട്രേഡ് യൂനിയനുകള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കുടിശ്ശിക പൂര്‍ണമായും ലഭിക്കാതെ ജോലിക്കിറങ്ങില്ലെന്ന കടുത്ത നിലപാടെടുക്കുകയായിരുന്നു രണ്ടു ഡിവിഷനുകളിലെ തൊഴിലാളികള്‍. ഇതോടെ ട്രേഡ് യൂനിയനുകളും തൊഴിലാളികളെ കൈയൊഴിഞ്ഞ നിലയിലാണ്. രണ്ടു ഡിവിഷനുകളിലായി 130ഓളം തൊഴിലാളികളാണ് സമരത്തിലുള്ളത്. ഇവരുമായി ചര്‍ച്ചക്ക് പോലും ഇതുവരെ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ട്രേഡ് യൂനിയനുകള്‍ ഇടപെടാതായതോടെ തെരഞ്ഞെടുപ്പ് കാലത്ത് പോലും രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും ഇവരെ പാടെ അവഗണിച്ചെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.
മാനേജ്‌മെന്റ് പി.എഫ് വിഹിതം അടച്ചില്ല; പെന്‍ഷനും തൊഴിലാളികള്‍ക്ക് അന്യം
കല്‍പ്പറ്റ: പി.എഫ് വിഹിതം കുടിശ്ശികയാക്കിയ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് നടപടി തൊഴിലാളികളുടെ പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു.
വിരമിച്ച തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. 2017 വര്‍ഷാരംഭത്തില്‍ വിരമിച്ച 30ഓളം തൊഴിലാളികളുടെ പെന്‍ഷന്‍ അപേക്ഷകളാണ് സ്വീകരിക്കാതെ മടക്കിയത്. പി.എഫ് കുടിശ്ശിക ചൂണ്ടിക്കാണിച്ചായിരുന്നു അധികൃതരുടെ നടപടി. തൊഴിലാളികളുടെ ശമ്പളത്തില്‍ പി.എഫ് വിഹിതം പിടിച്ചിട്ടുണ്ടെങ്കിലും 2014ന് ശേഷം കമ്പനി പി.എഫ് വിഹിതം അടച്ചിട്ടില്ല. ഇതോടെ പി.എഫ് ലോണ്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. വിരമിച്ചിട്ട് ഒന്നര വര്‍ഷമായിട്ടും പെന്‍ഷന്‍ ലഭിക്കാതെ സമരം ചെയ്യേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും പി.എഫ് വിഹിതം അടക്കുന്നത് സംബന്ധിച്ച ധാരണകള്‍ മാനേജ്‌മെന്റ് ലംഘിക്കുന്നത് തുടര്‍ക്കഥയാണ്.
നേരത്തെ വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി തുകക്ക് 'വണ്ടിച്ചെക്ക്' നല്‍കിയും മാനേജ്‌മെന്റ് കബളിപ്പിച്ചിരുന്നു. മൂന്ന് ഡിവിഷനുകളിലുമായി 107 തൊഴിലാളികള്‍ക്കാണ് വണ്ടിച്ചെക്ക് നല്‍കിയത്.
ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2017 ജൂലൈ മാസത്തിലാണ് മൂന്ന് മാസത്തെ അവധിയുള്ള ചെക്ക് തൊഴിലാളികള്‍ക്ക് നല്‍കിയത്. എന്നാല്‍ ആകെയുള്ള സമ്പാദ്യം കൈപ്പറ്റാന്‍ ചെക്കുമായി ബാങ്കിലെത്തിയ തൊഴിലാളികള്‍ക്ക് അക്കൗണ്ട് തന്നെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. 2010ലും അതിന് ശേഷവും എസ്റ്റേറ്റില്‍ നിന്ന് വിരമിച്ച തൊഴിലാളികള്‍ക്കാണ് എസ്റ്റേറ്റ് വണ്ടിച്ചെക്ക് നല്‍കിയത്. ഇതിനെതിരേ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും വിരലിലെണ്ണാവുന്ന തൊഴിലാളികള്‍ക്ക് മാത്രമാണ് ഗ്രാറ്റുവിറ്റി നല്‍കിയത്.
2018 ജനുവരി 19ന് ജില്ലാ ലേബര്‍ ഓഫിസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ വ്യവസ്ഥ പ്രകാരമാണ് 107 തൊഴിലാളികളില്‍ 20 പേര്‍ക്ക് ഗ്രാറ്റുവിറ്റി തുക നല്‍കിയത്. ശേഷം ചില തൊഴിലാളികള്‍ക്ക് കൂടി തുക ലഭിച്ചെങ്കിലും മൂന്നു ഡിവിഷനുകളിലുമായി എഴുപതോളം പേര്‍ക്ക് ഇനിയും ഗ്രാറ്റുവിറ്റി വിതരണം ചെയ്തിട്ടില്ല. ജീവിതകാലം മുഴുവന്‍ അധ്വാനിച്ചതില്‍ ആകെയുള്ള സമ്പാദ്യമായി ഗ്രാറ്റുവിറ്റി തുകയും പി.എഫും പെന്‍ഷനും ലഭിക്കണമെങ്കില്‍ ഇനിയെന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."