തളിപ്പറമ്പ് ഹണിട്രാപ്പ്: നിരവധി പേര് കുടുങ്ങിയതായി സൂചന
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഹണിട്രാപ്പ് നടത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സംഘത്തിലെ യുവതിക്കെതിരേയും കേസെടുത്തു. കാസര്‍കോട് സ്വദേശിനിയായ ഇരുപത്തിയാറുകാരിക്കെതിരേയാണ് കേസ്.
മാതമംഗലത്തെ ഭാസ്കരന് എന്ന അറുപതുകാരന്റെ പരാതിയിലാണ് തളിപ്പറമ്പ് പൊലിസ് കേസെടുത്തത്. ഇതേപരാതിയില്‍ നേരത്തേ അറസ്റ്റിലായിരുന്ന മുസ്തഫക്കെതിരേയും വയനാട് സ്വദേശികളായ അബ്ദുല്ല, അന്‍വര്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിരുന്നു.
തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസില്‍ നേരിട്ടെത്തിയാണ് ഭാസ്കരന് പരാതി നല്‍കിയത്. ഹണിട്രാപ്പ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രധാന പ്രതി മുസ്തഫ ഇടനിലക്കാരനായി യുവതിയെ ഭാസ്കരനുമായി രഹസ്യവിവാഹം കഴിപ്പിക്കുകയായിരുന്നു. ഭാസ്കരന് സമീറയെ താലിചാര്‍ത്തുന്ന ചിത്രം മുസ്തഫ പകര്‍ത്തിയിരുന്നു. പിന്നീട് ഇവര്‍ വസ്ത്രവും മറ്റും വാങ്ങി ഭാസ്കരന്റെ രണ്ടുലക്ഷം രൂപ തട്ടിയെടുത്തു. കുറച്ചുനാള്‍ അറുപതുകാരനൊപ്പം കഴിഞ്ഞ സമീറ പിന്നീട് ഭാസ്കരന് ബി.ജെ.പിക്കാരനാണെന്നും ആ ബന്ധം തുടര്‍ന്നാല്‍ മത മൗലിക സംഘടനകള്‍ പ്രശ്നം ഉണ്ടാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അയാളെ ഒഴിവാക്കുകയായിരുന്നുവത്രെ.
പലരും ഫോണ്‍വഴി പ്രതികള്‍ക്കെതിരേ വിവരം നല്‍കുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നല്കാത്തതിനാല് കൂടുതല്‍ കേസെടുക്കാന്‍ പൊലിസിന് സാധിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."