മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി; ആത്മനിര്‍വൃതിയില്‍ വിശ്വാസികള്‍
തിരൂരങ്ങാടി: തീര്‍ഥാടക ബാഹുല്യവും പതിനായിരങ്ങള്‍ക്കുള്ള അന്നദാനവും ഇല്ലെങ്കിലും വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതി പകര്‍ന്ന് 182ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ നേര്‍ച്ചയുടെ മുഴുവന്‍ ചടങ്ങുകളും ഇത്തവണ ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേഷണം ചെയ്യുകയായിരുന്നു മഖാം കമ്മിറ്റി.
പൊതുജനങ്ങള്‍ക്കുള്ള അന്നദാനം ഇത്തവണ നടത്തിയില്ല. പകരം അരിയും നെയ്യും അടങ്ങുന്ന കിറ്റുകള്‍ ജാതി മത വിത്യാസങ്ങളില്ലാതെ മമ്പുറം മഹല്ലിലെ മുഴുവന്‍ വീടുകളിലേക്കും വിതരണം ചെയ്തു. മഖാം കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരി ശിഹാബ് തങ്ങള്‍ മമ്പുറം ഖത്വീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍ക്ക് കിറ്റ് നല്‍കി വിതരണോദഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഭാരവാഹികളായ യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, ഇബ്‌റാഹീം ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക്, കബീര്‍ ഹാജി, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ എന്നിവര്‍ സംബന്ധിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മഖാമില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ ദുആ സദസോടെയാണ് നേര്‍ച്ചയ്ക്ക് ഔദ്യോഗികമായി കൊടിയിറങ്ങിയത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സമാപന പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സയ്യിദ് അഹ്്മദ് ജിഫ്‌രി മമ്പുറം, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി മേല്‍മുറി, ഇബ്‌റാഹീം ഫൈസി തരിശ് സംബന്ധിച്ചു. യു. ശാഫി ഹാജി നന്ദി പറഞ്ഞു.
രാത്രി നടന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാസി അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കഴിഞ്ഞ 20ന് വ്യാഴാഴ്ച ആരംഭിച്ച 182-ാമത് ആണ്ടുനേര്‍ച്ചയുടെ ഭാഗമായി മജ്‌ലിസുന്നൂര്‍, മത പ്രഭാഷണങ്ങള്‍, മൗലിദ് സദസുകള്‍, ദിക്‌റ് ദുആ സദസ് തുടങ്ങിയ വിവിധയിനം പരിപാടികളാണ് ഒരാഴ്ചക്കാലം മമ്പുറം മഖാമില്‍ നടന്നത്. തീര്‍ഥാടകര്‍ക്ക് തത്സമയ സംപ്രേഷണവും നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ഓണ്‍ലൈന്‍ സൗകര്യങ്ങളും മഖാം കമ്മിറ്റി സജ്ജീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."