വയനാട്ടില്‍ വീണ്ടും ഭൂസമരം കരുത്താര്‍ജിക്കുന്നു
കല്‍പ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിലെ തൊവരിമലയില്‍ മിച്ചഭൂമി കൈയേറി സമരം നടത്തിയ ആദിവാസികള്‍ കലക്ടറേറ്റിന് മുന്നില്‍ ആരംഭിച്ച ധര്‍ണ കരുത്താര്‍ജിക്കുന്നു. ബുധനാഴ്ച വൈകിട്ട് 5.30ഓടെയാണ് സി.പി.ഐ.എം.എല്‍ (റെഡ് സ്റ്റാര്‍) ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ നൂറോളം ആദിവാസികള്‍ അപ്രതീക്ഷിതമായി വയനാട് കലക്ടറേറ്റിന് മുന്നില്‍ എത്തിയത്. തങ്ങളുടെ പ്രശ്‌നത്തിനു പരിഹാരമാകും വരെ സമരം തുടരുമെന്ന നിലാപാടിലാണ് നേതാക്കള്‍.
വിപ്ലവ ഗാനങ്ങള്‍ ആലപിച്ച് മുന്നേറുന്ന സമരം രാത്രിയിലും സമാനമായ രീതിയില്‍ തുടര്‍ന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള ആദിവാസികള്‍ സമരപ്പന്തലിലാണ് അന്തിയുറങ്ങിയത്. ആദിവാസികളുടെ ഭൂമിക്കു വേണ്ടിയുള്ള സമരം ന്യായമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
സി.പി.ഐ.എം.എല്‍ (റെഡ് സ്റ്റാര്‍) നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ ക്രാന്തികാരി കിസാന്‍സഭ, ഭൂസമരസമിതി എന്നിവരുടെ നേതൃത്വത്തിലാണ് തൊവരിമലയില്‍ ഹാരിസണ്‍ എസ്റ്റേറ്റിനു സമീപത്തെ മിച്ചഭൂമിയില്‍ കഴിഞ്ഞ 21ന് വൈകിട്ട് നാലോടെ അവകാശം സ്ഥാപിച്ച് സമരം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ അധികൃതര്‍ ഇങ്ങോട്ട് കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നില്ല. വോട്ടെടുപ്പ് പൂര്‍ത്തിയായതിനു ശേഷമാണ് ഇവര്‍ക്കെതിരേ വനം വകുപ്പ് നടപടി തുടങ്ങിയത്.
ബുധനാഴ്ച രാവിലെ ഒന്‍പതോടെ വനം-പൊലിസ് സംഘം തൊവരിമലയിലെ കൈയേറ്റ ഭൂമിയിലെത്തി. തുടര്‍ന്ന് സമര നേതാക്കളായ കുഞ്ഞിക്കണാരന്‍, അപ്പാട് രാജേഷ്, മോഹനന്‍ എന്നിവരെ പൊലിസ് സഹായത്തോടെ അറസ്റ്റ് ചെയ്തു നീക്കി.
പിന്നീട് മറ്റുള്ളവരെയും പ്രദേശത്തുനിന്ന് ഒഴിവാക്കുകയും കെട്ടിയ കുടിലുകള്‍ പൊളിച്ചു മാറ്റുകയുമായിരുന്നു. വൈകിട്ടോടെ മൂന്നു നേതാക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഫോറസ്റ്റ് ആക്ട് 271 സി 4 പ്രകാരമാണ് കേസ്. രാത്രി കോടതി മുന്‍പാകെ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ഇതോടെയാണ് ഭൂസരസമിതി സമരം ശക്തമാക്കിയത്. നേതാക്കളെ വിട്ടുകിട്ടുക, ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചുനല്‍കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കലക്ടറേറ്റിന് മുന്നിലെ ധര്‍ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."