പി.കെ അഹമ്മദ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം
കൊണ്ടോട്ടി: കേരളത്തില്‍ നിന്നുള്ള പുതിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി.കെ അഹമ്മദിനെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയായ പി.കെ അഹമ്മദിനെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് കേന്ദ്രത്തിലേക്ക് നോമിനേറ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പുതിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ജൂണിലാണ് നിലവില്‍ വരിക.
എന്നാല്‍ ഇതിന് മുന്‍പ് തന്നെ കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍നിന്ന് ഓരോ അംഗങ്ങളെ നേരിട്ട് തിരഞ്ഞെടുക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ ഹജ്ജ് തീര്‍ഥാടകരെ അയക്കുന്ന കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ നിന്നാണ് മൂന്നു പ്രതിനിധികളെ നേരിട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ചാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധിയെ കണ്ടെത്തിയത്.
മൂന്ന് എം.പിമാര്‍, കൂടുതല്‍ തീര്‍ഥാടകരുള്ള മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, മൂന്നു പണ്ഡിതരും രണ്ടു വനിതകളും ഉള്‍പ്പെടെ ഏഴ് നോമിനേറ്റഡ് അംഗങ്ങള്‍ അടക്കം 19 പ്രതിനിധികളും വിദേശം, ആഭ്യന്തരം, ധനം, വ്യോമയാനം എന്നീ വകുപ്പുകളിലെ നാലു ഗവ. സെക്രട്ടറിമാരും ഉള്‍പ്പെടെ 23 അംഗങ്ങള്‍ അടങ്ങിയതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി. മൂന്നു വര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി. നിലവിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നേരിട്ട് പ്രതിനിധിക്കുള്ള അവസരം കഴിഞ്ഞ വര്‍ഷം കേരളത്തിനു ലഭിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."