ജൂണ്‍ ഒന്നുമുതല്‍ ജി.പി.എസും സ്പീഡ് ഗവര്‍ണറും നിര്‍ബന്ധം
തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്നുമുതല്‍ ജി.പി.എസ് സംവിധാനവും സ്പീഡ് ഗവര്‍ണറും കര്‍ശനമാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ടിക്കറ്റ് ബുക്കിങ് ഏജന്‍സികളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കാനും കൊള്ള നിരക്ക് ഈടാക്കുന്നത് തടയാന്‍ കോണ്‍ട്രാക്ട് കാര്യേജുകളുടെ നിരക്ക് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ ചുമതലപ്പെടുത്താനും തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന ബസുകളില്‍ ചരക്ക് കൊണ്ടുപോകുന്നത് തടയും. ഇതിന് പൊലിസിന്റെയും നികുതി വകുപ്പിന്റെയും സഹായം തേടും. എല്‍.എ.പി.ടി ലൈസന്‍സുള്ള ഏജന്‍സികള്‍ മുഖേനയാണ് ഇപ്പോള്‍ ബുക്കിങ്. ഇവയുടെ പ്രവര്‍ത്തനം പരിശോധിച്ചുവരികയാണ്. 46 എണ്ണം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഒരാഴ്ചയ്ക്കുള്ളില്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഇവ അടച്ചുപൂട്ടും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.
കെ.എസ്.ആര്‍.ടി.സി അന്തര്‍സംസ്ഥാന സര്‍വിസുകള്‍ നിസാര കാരണങ്ങളാല്‍ റദ്ദാക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ബസ് ഇല്ലെങ്കില്‍ പകരം ബസ് ലഭ്യമാക്കണം. അതിനാവുന്നില്ലെങ്കില്‍ വാടക ബസ് കരാര്‍ റദ്ദാക്കുമെന്ന് ബസ് നല്‍കിയ കമ്പനിക്ക് നോട്ടിസ് കൊടുത്തു. അന്തര്‍സംസ്ഥാന ബസുകള്‍ കൂടുതല്‍ ഓടിക്കുന്നത് സംബന്ധിച്ച് ഗതാഗത സെക്രട്ടറിതലത്തില്‍ ചര്‍ച്ച നടത്തും. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടികള്‍ സര്‍വിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ റെയില്‍വേ ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പൊലിസ് സഹകരണത്തോടെ ഗതാഗത വകുപ്പ് നടത്തിയ ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സ് പരിശോധനയില്‍ ബുധനാഴ്ച വരെ 259 കേസുകളെടുത്തിട്ടുണ്ട്. 3.74 ലക്ഷം രൂപ പിഴയീടാക്കിയതായും മന്ത്രി പറഞ്ഞു. 19 ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തി. മൂന്ന് അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളില്‍ ചരക്ക് കടത്തിയത് കണ്ടെത്തി. പരിശോധന തുടരുമെന്നും നിരീക്ഷണ കാമറ സ്ഥാപിച്ചുള്ള വാഹന പരിശോധന പരാജയപ്പെട്ടതായും മന്ത്രി പറഞ്ഞു. ഉന്നതതലയോഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറും കെ.എസ്.ആര്‍.ടി.സി എം.ഡിയും എ.ഡി.ജി.പി മനോജ് എബ്രഹാമും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."