ഗള്‍ഫ്-അമേരിക്ക ഉച്ചകോടിക്ക് സാധ്യതകളേറുന്നു
ദോഹ: ഗള്‍ഫ് പ്രതിസന്ധിയെത്തുടര്‍ന്നു നാല് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരമുണ്ടാകണമെന്ന അമേരിക്കയുടെ താല്‍പര്യത്തെത്തുടര്‍ന്നു അമേരിക്ക നടത്താന്‍ ആഗ്രഹിച്ച ഉച്ചകോടി അടുത്ത ഡിസംബറിലോ, ജനുവരിയിലോ നടക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ഖത്തറും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെട്ടു വരുന്നതിന്റെ വെളിച്ചത്തില്‍ അമേരിക്കയുടെ മേഖലയിലെ താല്‍പര്യത്തിനു ഈ പ്രതിസന്ധി വിഘാതമാവുമെന്നു നന്നായറിയുന്ന അമേരിക്ക മുന്‍കൈയെടുത്ത് ഗള്‍ഫിലെ ഉന്നത പ്രതിനിധി സംഘത്തെ ഒരേ വേദിയില്‍ അണിനിരത്താനാണ് ലക്ഷ്യം.
ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍താനി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്കിള്‍ ഹോംപിയോയുമായി നടത്തിയ കൂടിക്കാഴ്ച ഏറെ പ്രതിക്ഷകള്‍ നല്‍കുന്നതായിരുന്നു. ഉച്ചകോടിയെക്കുറിച്ചു കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വരുന്ന ശരത് കാലത്ത് ഉച്ചകോടി വിളിച്ചു ചേര്‍ക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായി നേരത്തെ ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് കഴിഞ്ഞ വര്‍ഷം ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ ഉപരോധം ഖത്തറിനെ തളര്‍ത്തുമെന്ന ഉപരോധ രാജ്യങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്ത് ഖത്തര്‍ ഉപരോധങ്ങളെ മറികടന്നു ഏറെ മുന്നിലെത്തുകയായിരുന്നു.
അമേരിക്കയും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധം വളരെയധികം ശക്തിപ്പെട്ടതായി ഖത്തറിലെ പ്രാദേശിക ദിനപത്രങ്ങള്‍ മുഖപ്രസംഗങ്ങളിലുടെ അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ തന്നെ രാഷ്ട്രീയപരമായും നയതന്ത്രപരമായും ഭരണാധികാരി ഷെയ്ക്ക് തമീം ബിന്‍ ഹമദ് ആല്‍താനിയുടെ നേതൃത്വത്തില്‍ കരാറുകളിലെത്താനും അതുവഴി സമാധാനം സ്ഥാപിക്കാനും കഴിഞ്ഞതായി പത്രങ്ങള്‍ അഭിപ്രയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."